
കുവൈത്ത്: മേഖലയിൽ ഇറാൻ – അമേരിക്ക സംഘർഷം അതിരൂക്ഷമാകുന്നു. ബഹ്‌റൈനിലെ ശുദ്ധജല പ്ലാന്റിന് നേരെയും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകൾക്ക് നേരെയും ഡ്രോൺ ആക്രമണങ്ങൾ ഉണ്ടായി. ജനവാസ കേന്ദ്രങ്ങളെയും പ്രധാന അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങൾ ഗൾഫ് രാഷ്ട്രങ്ങളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ബഹ്‌റൈനിലെ ശുദ്ധജല പ്ലാന്റിന് നേരെ നടന്ന ആക്രമണത്തിൽ കാര്യമായ ഭൗതിക നാശനഷ്ടങ്ങൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് ബഹ്‌റൈൻ കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം അമേരിക്കൻ കേന്ദ്രങ്ങളിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ ഖ്വിഷം ദ്വീപിലെ ഇറാന്റെ ശുദ്ധജല പ്ലാന്റ് തകർത്തതായി ഇറാൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബഹ്‌റൈനിലെ പ്ലാന്റിന് നേരെയും ആക്രമണമുണ്ടായത്. ജലവിതരണ ശൃംഖലയെ ബാധിക്കാതിരിക്കാൻ ആവശ്യമായ മുൻകരുതലുകൾ എടുത്തതായി ബഹ്‌റൈൻ വാട്ടർ അതോറിറ്റി അറിയിച്ചു.
Also Read: യുഎഇ സുരക്ഷിതമായിരിക്കും; പരിക്കേറ്റവരെ സന്ദർശിച്ച് ആത്മവിശ്വാസം പകർന്ന് പ്രസിഡന്റ്
അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമാക്കി നടന്ന ഡ്രോൺ ആക്രമണം മേഖലയിൽ ഞെട്ടലുണ്ടാക്കി. ഇന്ന് പുലർച്ചയോടെ കുവൈത്ത് വ്യോമാതിർത്തിയിൽ പ്രവേശിച്ച ഡ്രോണുകളെ പ്രതിരോധ സേന നേരിട്ടെങ്കിലും, ഇന്ധന ടാങ്കുകൾക്ക് നേരെ നേരിട്ടുള്ള ആക്രമണമുണ്ടായതായി പ്രതിരോധ മന്ത്രാലയ വക്താവ് കേണൽ സൗദ് അബ്ദുൽഅസീസ് അൽ-അത്വാൻ സ്ഥിരീകരിച്ചു. വിമാനത്താവളത്തിലെ കഫ്‌കോ ഇന്ധന ടാങ്കുകളിൽ ഒന്നിന് തീപിടിച്ചെങ്കിലും അഗ്നിശമന സേന ഉടൻ തന്നെ നിയന്ത്രണവിധേയമാക്കി. ആക്രമണത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
രാജ്യത്തിന്റെ തന്ത്രപ്രധാനമായ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കമാണിതെന്ന് കുവൈത്ത് വ്യക്തമാക്കി. ആകാശപരിധിയിൽ ഡ്രോണുകളെയും മിസൈലുകളെയും തടയാനുള്ള പ്രതിരോധ സംവിധാനങ്ങൾ ഇപ്പോഴും സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു. വിവിധയിടങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ മിസൈലുകളെ തടയുന്നതിന്റെ ഭാഗമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കുവൈത്ത് എണ്ണ ഉൽപ്പാദനത്തിൽ കുറവ് വരുത്തിയിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post പശ്ചിമേഷ്യയിൽ യുദ്ധഭീതി ശക്തമാകുന്നു; ബഹ്‌റൈനിലും കുവൈത്തിലും ഡ്രോൺ – മിസൈൽ ആക്രമണങ്ങൾ appeared first on Express Kerala.




