ഇടമലക്കുടി ഇനി ഡിജിറ്റൽ കരുത്തിൽ; കുടുംബാരോഗ്യ കേന്ദ്രം പേപ്പർ രഹിതമാകുന്നു

ഇടമലക്കുടി ഇനി ഡിജിറ്റൽ കരുത്തിൽ; കുടുംബാരോഗ്യ കേന്ദ്രം പേപ്പർ രഹിതമാകുന്നു

ഇടുക്കി: ഉൾക്കാടിനുള്ളിലെ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയുടെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇ-ഹെൽത്ത് സംവിധാനം. ഇടമലക്കുടി കുടുംബാരോഗ്യ കേന്ദ്രം പൂർണ്ണമായും പേപ്പർ രഹിത ആശുപത്രിയാകാൻ സജ്ജമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ ആധുനിക ചികിത്സാ സൗകര്യങ്ങൾ വിരൽത്തുമ്പിലെത്തുന്ന സ്വപ്ന സാക്ഷാത്ക്കാരത്തിനാണ് ഈ മലയോര മേഖല സാക്ഷ്യം വഹിക്കുന്നത്.

ഇ-ഹെൽത്ത് ടീം കഴിഞ്ഞദിവസം ഇടമലക്കുടിയിലെത്തി സംവിധാനം പ്രവർത്തനക്ഷമമാക്കുന്നതിനുള്ള അവസാനവട്ട പ്രവൃത്തികൾ പൂർത്തിയാക്കി. ആശുപത്രി ജീവനക്കാർക്ക് ആവശ്യമായ സാങ്കേതിക പരിശീലനം നൽകുകയും പ്രദേശവാസികൾക്ക് യു.എച്ച്.ഐ.ഡി. കാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ആശുപത്രി പൂർണ്ണമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലേക്ക് മാറും.

Also Read: ആമസോണിലെ ‘വയറ്റിൽ വായയുള്ള’ ഭീകരൻ; മാപിൻഗാരി ഒരു കെട്ടുകഥയോ അതോ സത്യമോ?

പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ഇടമലക്കുടിയിലുള്ളവർക്ക് ചികിത്സയ്ക്കായി മറ്റ് വലിയ ആശുപത്രികളെ ആശ്രയിക്കുന്നത് കൂടുതൽ എളുപ്പമാകും. അടിമാലി താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രി, അല്ലെങ്കിൽ മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിലേക്ക് ഇടമലക്കുടിയിലെ ആരോഗ്യകേന്ദ്രത്തിൽ നിന്ന് തന്നെ നേരിട്ട് ഓൺലൈൻ അപ്പോയ്മെന്റ് എടുക്കാൻ സാധിക്കും. ഇങ്ങനെ അപ്പോയ്മെന്റ് എടുക്കുന്നവർക്ക് വലിയ ആശുപത്രികളിൽ പ്രത്യേക മുൻഗണന ലഭിക്കുമെന്നത് വലിയ ആശ്വാസമാകും.

ചികിത്സാ രേഖകൾ കൈയ്യിൽ കരുതാതെ തന്നെ രോഗികൾക്ക് ഇനി മറ്റ് ആശുപത്രികളിൽ ചികിത്സ തേടാം. രോഗിയുടെ മുഴുവൻ ചികിത്സാ വിവരങ്ങളും ഡിജിറ്റൽ രൂപത്തിൽ മെഡിക്കൽ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ലഭ്യമാകും എന്നതാണ് ഇ-ഹെൽത്ത് സംവിധാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഇ-ഹെൽത്ത് അഡീഷണൽ പ്രോജക്ട് ഡയറക്ടർ ഡോ. മഹേഷ്, ജോയിന്റ് ഡയറക്ടർമാരായ ഡോ. റോൺജൻ, അഖിലാരാജ് എന്നിവരടങ്ങുന്ന വിദഗ്ധ സംഘമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്. അടിസ്ഥാന ചികിത്സാ സൗകര്യങ്ങൾ പോലും ഇല്ലാതിരുന്ന ഇടമലക്കുടിയിൽ സ്ഥിരം ആരോഗ്യ കേന്ദ്രവും ഡോക്ടർമാരുടെ തസ്തികകളും സൃഷ്ടിച്ചതിന് പിന്നാലെയാണ് ഇപ്പോൾ അത്യാധുനിക ഡിജിറ്റൽ സംവിധാനവും നടപ്പിലാക്കുന്നത്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ഇടമലക്കുടി ഇനി ഡിജിറ്റൽ കരുത്തിൽ; കുടുംബാരോഗ്യ കേന്ദ്രം പേപ്പർ രഹിതമാകുന്നു appeared first on Express Kerala.

Spread the love
See also  അറിയാത്ത കാര്യങ്ങൾ പ്രചരിക്കുന്നു, ഒരു പ്രതിപക്ഷ പാർട്ടിയുമായും ചർച്ച നടത്തിയിട്ടിയില്ല; ജി സുധാകരൻ

New Report

Close