loader image
അമേരിക്കൻ സംരക്ഷണം ഗൾഫ് രാജ്യങ്ങൾക്ക് വിനയാകുന്നു, റഷ്യൻ പിന്തുണയിൽ ആഞ്ഞടിച്ച് ഇറാൻ

അമേരിക്കൻ സംരക്ഷണം ഗൾഫ് രാജ്യങ്ങൾക്ക് വിനയാകുന്നു, റഷ്യൻ പിന്തുണയിൽ ആഞ്ഞടിച്ച് ഇറാൻ

മേരിക്കയ്ക്ക് താവളം അനുവദിച്ച് കുടുങ്ങിയ അവസ്ഥയിലാണ് ഇപ്പോൾ ഗൾഫ് രാജ്യങ്ങൾ ഉള്ളത്. ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ തങ്ങൾ നോക്കി കൊള്ളാം എന്നു പറഞ്ഞാണ്, അമേരിക്ക ഈ രാജ്യങ്ങളിൽ വ്യാപകമായി സൈനിക താവളങ്ങൾ തുറന്നിരുന്നത്. എന്നാൽ അമേരിക്കയുടെ ആ സുരക്ഷ ഈ രാജ്യങ്ങളുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

ഇറാൻ മിസൈലുകളും ഡ്രോണുകളും അമേരിക്കൻ താവളങ്ങളിൽ പതിക്കുമ്പോൾ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഉയരുന്ന ചോദ്യം, സ്വന്തം താവളങ്ങൾ പോലും സംരക്ഷിക്കാൻ പറ്റാത്തവർ എങ്ങനെയാണ് തങ്ങളെ സംരക്ഷിക്കുക എന്നതാണ്. ഈ ചോദ്യങ്ങൾക്ക് മുന്നിൽ പതറി നിൽക്കുന്നത് ഇപ്പോൾ അമേരിക്കയാണ്. ഹോർമുസ് കടലിടുക്ക് കൂടി ഇറാൻ അടച്ചതും ഗൾഫ് രാജ്യങളെ ന്ധംബന്ധിച്ച് വലിയ പ്രഹരമാണ് സൃഷ്ടിച്ചിരിക്കുന്നത്. വിശുദ്ധ റമദാൻ മാസത്തിൽ തന്നെ ഇസ്ലാമിക് രാജ്യമായ ഇറാനെ അമേരിക്ക ആക്രമിച്ചതിന് എതിരെ വലിയ പ്രതിഷേധമാണ് ഇസ്ലാമിക് അറബ് രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ ഉള്ളത്. അതു കൊണ്ടു തന്നെയാണ് ഗൾഫിലെ അമേരിക്കൻ താവളങ്ങൾ ആക്രമിക്കപ്പെടുമ്പോൾ ആ രാജ്യങ്ങളിലെ ജനങ്ങൾ പോലും ആഹ്ലാദിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം.

ഇസ്രയേലിനൊപ്പം ചേർന്ന് അമേരിക്ക ഒരു ഇസ്ലാമിക രാജ്യത്തിൻ്റെ പരമോന്നത നേതാവിനെ കൊന്നതും, അവിടുത്തെ കുട്ടികളെ അടക്കം കൂട്ടകുരുതി നടത്തിയതും, ലോകമെമ്പാടുമുള്ള ജനങ്ങളെ പോലെ തന്നെ, ഗൾഫ് രാജ്യങ്ങളിലെ സാധാരണക്കാരെയും ആഴത്തിലാണ് സ്വാധീനിച്ചിരിക്കുന്നത്. അതു കൊണ്ടു തന്നെ അവർ പോലും ആഗ്രഹിക്കുന്നതും അമേരിക്കയുടെ പരാജയമാണ്. ചില ജനവാസ മേഖലകളിൽ ഇറാൻ്റെ ഡ്രോണുകൾ വീണിട്ട് പോലും, പ്രതിഷേധം വാക്കുകളിൽ ഒതുക്കുകയല്ലാതെ അമേരിക്കൻ സഖ്യത്തിനൊപ്പം ചേർന്ന് ഇറാന് എതിരെ പോരാടാൻ ഗൾഫ് രാജ്യങളിലെ ഭരണകൂടം തയ്യാറാകാത്തതും, ഈ ജനവികാരം മാനിച്ച് കൊണ്ടു തന്നെയാണ്. ഇറാന് എതിരെ ഏതെങ്കിലും ഗൾഫ് രാജ്യം ആക്രമണം നടത്തിയാൽ ഇറാൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന തിരിച്ചടി ഭയാനകമായിരിക്കും എന്ന തിരിച്ചറിവും ഗൾഫ് രാജ്യങ്ങളിലെ ഭരണകൂടങ്ങൾക്കുണ്ട്.

അമേരിക്കയെ ഭയക്കാത്തവർ ലോകത്തെ മറ്റൊരു ശക്തിയെയും ഭയക്കില്ലന്നതും ഒരു യാഥാർത്ഥ്യമാണ്. കരയുദ്ധത്തിന് നേരിട്ടാണ് ഇറാൻ അമേരിക്കയെ ഇപ്പോൾ വെല്ലുവിളിച്ചിരിക്കുന്നത്. ഇത് അമേരിക്കൻ സൈനിക നേതൃത്വഞ്ഞ ശരിക്കും അമ്പരപ്പിച്ചിട്ടുണ്ട്. കരയുദ്ധത്തിന് അമേരിക്കൻ സേന ഇറങ്ങിയാൽ, അവരെ അടക്കം ചെയ്യുന്നതിനായി കുഴികൾ തയ്യാറാക്കിയാണ് ഇറാൻ സേന കാത്തിരിക്കുന്നത്. ഇതു സംബന്ധമായ ചിത്രങ്ങളും ഇറാൻ പുറത്ത് വീട്ടിടുണ്ട്.

ദീർഘകാലം ഇറാഖുമായി യുദ്ധം ചെയ്ത പാരമ്പര്യമുള്ള ഇറാന് കരയുദ്ധത്തിൽ വിജയിക്കാൻ ആവശ്യമായ ഒരുപാട് ഘടകങ്ങളുണ്ട്. അതിൽ പ്രധാനം അവരുടെ കരസേനയുടെ ശക്തി തന്നെയാണ്. രണ്ടാമത് മല നിരകളാൽ വലയം ചെയ്യപ്പെട്ട സുരക്ഷിതത്ത്വവും, ശത്രുവിൻ്റെ ചങ്കിടിപ്പിക്കുന്നതാണ്. ഇതിന് എല്ലാം പുറമെയാണ് പേർഷ്യൻ പോരാട്ട വീര്യം ഇപ്പോഴും കൊണ്ടു നടക്കുന്ന ഇറാൻ ജനതയുടെ ആത്മവീര്യം. അത് കൂടി ആകുമ്പോൾ അമേരിക്കയ്ക്ക് ഒരിക്കലും ഇറാനെ കീഴ്പെടുത്താൻ കഴിയില്ലന്നത് ഉറപ്പാണ്. ഇത് തിരിച്ചറിയുന്ന അമേരിക്കയും ഇസ്രയേലും ഇപ്പോൾ ചെയ്യുന്നത്, ഇറാനിൽ വ്യാപകമായി ആക്രമണം നടത്തി സാധാരണക്കാരെ ഉൾപ്പെടെ കൊന്ന് മരണ നിരക്ക് വർദ്ധിപ്പിക്കുക എന്നതാണ്. ഇതുവഴി ഇറാൻ്റെ മനോവീര്യം നശിപ്പിക്കാം എന്നാണ് അവർ കരുതുന്നത്. എന്നാൽ, അവിടെയും അമേരിക്കൻ സഖ്യത്തിനാണ് പിഴച്ചിരിക്കുന്നത്. മരണം പോലും അഭിമാനമായി കാണുന്ന ഇറാൻ ജനതയെ സംബന്ധിച്ച് ശത്രുവിനെതിരെ പോരാടി ജീവൻ വെടിയുന്നത് പോലും വലിയ പുണ്യമായാണ് അവരിപ്പോൾ കാണുന്നത്. അതു കൊണ്ടാണ് ട്രംപ് അനുകൂലികളായ അമേരിക്കൻ മാധ്യമങ്ങൾക്ക് പോലും ”വല്ലാത്ത ഒരു ജനതയാണ് “ഇറാനിലുള്ളത് എന്ന് ഇപ്പോൾ പറയേണ്ടി വന്നിരിക്കുന്നത്.

അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് രാജ്യത്തിന് വേണ്ടി ഒന്നിക്കാൻ ഇറാനികൾ തയ്യാറായിരിക്കുന്നു. ഈ ഒരുമ , അവിടെ ഭരണമാറ്റം കൊണ്ടുവരാമെന്ന അമേരിക്കൻ സ്വപ്നത്തിന് ഏറ്റ പ്രഹരം കൂടിയാണ്. അമേരിക്കയുടെ ഗൾഫ് യുദ്ധ യന്ത്രവും, മിഡിൽ ഈസ്റ്റിലെ അവരുടെ സൈനിക ശൃംഖലയും എല്ലാം, താറുമാറായ അവസ്ഥയിലാണ് ഇപ്പോഴുള്ളത് എന്നാണ് പ്രമുഖ അമേരിക്കൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്. അതിന് പ്രധാന കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കൻ സൈനിക ലക്ഷ്യങ്ങളിലേക്ക് കൃത്യതയാർന്ന ആക്രമണം നടത്താൻ ഇറാന് കഴിയുന്നുണ്ട് എന്നതു തന്നെയാണ്. ഇതിന് പ്രധാന ഉത്തരവാദി റഷ്യ ആണെന്നാണ് അമേരിക്കൻ സൈനിക ഉന്നതരെ ഉദ്ധരിച്ച് ‘വാഷിങ്ടൺ പോസ്റ്റ് ‘ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഷ്യൻ ഇൻ്റലിജൻസ് വിവരങ്ങളും ടെക്നോളജിയും, വ്യാപകമായാണ് ഇറാൻ പ്രയോജനപ്പെടുത്തുന്നത് എന്നത് ട്രംപിൻ്റെ വിശ്വസ്തരും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മൂലം അമേരിക്കയുടെ വിമാന വാഹിനി കപ്പലുകൾ പോലും പല തവണ ആക്രമിക്കപ്പെടുന്ന സാഹചര്യവും ഉണ്ടായി. ഇറാനെ പേടിച്ച്, ഇന്ത്യൻ മഹാസമുദ്രത്തിൽ വിമാന വാഹിനി കപ്പലിനെ കൊണ്ടു പോയി ഇടേണ്ട ഗതികേടിലാണ് അമേരിക്കയുള്ളത്.

ഇത്തരമൊരു അവസ്ഥ ഒരിക്കലും അമേരിക്ക പ്രതീക്ഷിച്ചിരുന്നില്ല എന്നത് അമേരിക്കൻ സൈനിക നേതൃത്വം തന്നെ സമ്മതിക്കുന്നുണ്ട് എന്നാണ്, പുറത്ത് വരുന്ന വിവരം.യുദ്ധകപ്പലുകളും വിമാനങ്ങളും ഉൾപ്പെടെയുള്ള മിഡിൽ ഈസ്റ്റിലെ അമേരിക്കൻ ആസ്തികളുടെ സ്ഥാനങ്ങളെ കുറിച്ച് റഷ്യ, ഇറാന് തത്സമയ രഹസ്യ വിവരങ്ങൾ നൽകുന്നതായ റിപ്പോർട്ട് പുറത്ത് വന്ന ശേഷവും, റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ ഇറാൻ പ്രസിഡൻ്റ് മസൂദ് പെസെഷ്കിയനുമായി ടെലിഫോൺ സംഭാഷണം നടത്തിയത് അതീവ ഗൗരവത്തോടെയാണ് അമേരിക്കയും ഇസ്രയേലും നോക്കി കാണുന്നത്.യുക്രൈയിന് ആയുധങ്ങളും ടെക്നോളജിയും, രഹസ്യാന്വേഷണ വിവരങ്ങളും നൽകി, റഷ്യക്ക് എതിരെ തിരിച്ച് വിട്ടതിന് പ്രതികാരമായാണ്, ഇറാനെ ഇപ്പോൾ റഷ്യ സഹായിക്കുന്നത് എന്നാണ് അമേരിക്ക കരുതുന്നത്. ഇത് മീഡിൽ ഈസ്റ്റിലെ അമേരിക്കൻ ആസ്തികളുടെ നിലനിൽപ്പിനെ മാത്രമല്ല, യുദ്ധത്തിൻ്റെ ഗതിയെ തന്നെയാണ് മാറ്റി മറിക്കാൻ പോകുന്നത്. യുദ്ധം പൊട്ടി പുറപ്പെടുന്നതിന് മുൻപ്, റഷ്യയും ചൈനയും വൻതോതിൽ ആയുധങ്ങൾ ഇറാന് കൈമാറിയതായ വിവരങ്ങളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്.

ഗൾഫ് രാജ്യങ്ങളുടെ പ്രദേശങ്ങളിൽ അമേരിക്കയ്ക്ക് സൈനിക താവളങ്ങൾ ഇല്ലായിരുന്നെങ്കിൽ ഇറാനെതിരെയുള്ള അമേരിക്കൻ ആക്രമണം തന്നെ അസാധ്യമാകുമായിരുന്നു. അമേരിക്കയുടെ ആക്രമണ ശേഷികൾ വിന്യസിക്കുന്നതിനുള്ള പ്രധാന അടിത്തറകളായാണ് ഈ താവളങ്ങൾ പ്രവർത്തിക്കുന്നത്. ഈ മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യം വളരെക്കാലമായി അമേരിക്കൻ നയത്തിന്റെ തന്ത്രപരമായ ഒരു മൂലക്കല്ലു കൂടിയാണ്. ആഗോള എണ്ണ വിതരണത്തിന്റെ സുരക്ഷ ഉറപ്പാക്കുക, സഖ്യകക്ഷികളെ സംരക്ഷിക്കുക പ്രാദേശിക ഭീഷണികൾ തടയുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് അമേരിക്ക അവകാശപ്പെട്ടിരുന്നത്. ആ അവകാശവാദം തവിട് പൊടിയാക്കുന്ന പണിയാണ്, റഷ്യൻ സഹായത്തോടെ ഇറാൻ സേന ഇപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്നത്.

അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പട ഈ മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യത്തിന്റെ ഒരു മൂലക്കല്ലാണ്. ആ താവളവും ഇറാൻ ഇതിനകം തന്നെ, പല തവണ ആക്രമിച്ചു കഴിഞ്ഞിട്ടുണ്ട്. കൃത്യതയാർന്ന ഈ ഇറാൻ ആക്രമണത്തിൻ്റെ അടിവേര് തേടി പോയപ്പോയാണ്, റഷ്യൻ സഹായം അമേരിക്ക ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നത്. ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിലാണ് പ്രധാന സൈനിക താവളങ്ങൾ സ്ഥിതി ചെയ്യുന്നത്, സൈനിക ആസ്ഥാനം, നിർണായക അടിസ്ഥാന സൗകര്യങ്ങൾ, ലോജിസ്റ്റിക്കൽ ഹബ്ബുകൾ, വ്യോമ താവളങ്ങൾ, തുറമുഖങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഇറാനെതിരായ ഓപ്പറേഷൻ എപ്പിക് ഫ്യൂറിക്കിന് മുന്നോടിയായി, അമേരിക്ക തിരിച്ചടി പ്രതീക്ഷിച്ചിരുന്നു എങ്കിലും, അത് ഇത്രയും കൃത്യതയാർന്ന തിരിച്ചടി ആകുമെന്ന് അവർ കരുതിയിരുന്നില്ല എന്നു വേണം കരുതാൻ.

ഈ സൈനിക താവളങ്ങളിലെ സൈനികരുടെയും പിന്തുണാ ജീവനക്കാരുടെയും എണ്ണം ഗണ്യമായി കുറച്ചത് കൊണ്ട് മാത്രമാണ് വലിയ ആൾനാശം അമേരിക്കയ്ക്ക് സംഭവിക്കാതിരുന്നത്. എങ്കിലും അഞ്ഞൂറിൽ അധികം അമേരിക്കൻ സൈനികർ ഇതിനകം തന്നെ കൊല്ലപ്പെട്ടു കഴിഞ്ഞു എന്നാണ് ഇറാൻ അവകാശപ്പെടുന്നത്. അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നില്ല എന്ന അപകടകരമായ സാഹചര്യത്തെയാണ് മിഡിൽ ഈസ്റ്റ് ഇപ്പോൾ നേരിടുന്നത്. ഈ പശ്ചാത്തലത്തിൽ ഇനി എന്തിന് അമേരിക്കയ്ക്ക് താവളം അനുവദിക്കണം എന്ന ചിന്തയും ഗൾഫ് രാജ്യങ്ങളിൽ നിന്നും ഉയരുന്നുണ്ട്. ഈ യുദ്ധം അവസാനിച്ച ശേഷം ഇക്കാര്യത്തിലും ഗൗരവമായ ചർച്ച ഗൾഫ് രാജ്യങ്ങൾക്കിടയിൽ നടക്കാനുള്ള സാധ്യതയും ഏറെയാണ് എന്നാണ് പ്രതിരോധ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്.

See also  കേരളത്തിൽ ബിജെപി സ്ഥാനാർത്ഥി പട്ടിക ഉടൻ; 20-ഓടെ പ്രഖ്യാപനം ഉണ്ടാകുമെന്ന് രാജീവ് ചന്ദ്രശേഖർ

ഇനി മിഡിൽ ഈസ്റ്റിൽ ഇറാൻ ആക്രമണം നടത്തിയ അമേരിക്കൻ താവളങ്ങൾ ഏതൊക്കെ ആണ് എന്ന് നമുക്കൊന്ന് പരിശോധിക്കാം.

ആദ്യമായി പറയാനുള്ളത് അമേരിക്കൻ നാവികസേനയുടെ അഞ്ചാമത്തെ കപ്പൽപ്പടയെ കുറിച്ചാണ്. ഇറാഖിലെ സദ്ദാം ഹുസൈന്റെ ഭരണകൂടത്തിനെതിരെ 1995-ൽ നടത്തിയ ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിനെത്തുടർന്ന്, അഞ്ചാം കപ്പൽപ്പടയെ വീണ്ടും അവർ കൂടുതൽ സജീവമാക്കിയാണ് നിർത്തിയിരുന്നത്. “ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും” പിന്തുണയ്ക്കുന്നതിന് വേണ്ടിയാണ് അമേരിക്കയുടെ ഈ നാവികസേന ഇവിടെ സ്ഥിരമായ സാന്നിധ്യം നിലനിർത്തുന്നത് എന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. പേർഷ്യൻ ഗൾഫ് മുതൽ ഇന്ത്യൻ മഹാസമുദ്രത്തിന്റെ വിശാലമായ ഭാഗങ്ങൾ വരെയുള്ള 2.5 ദശലക്ഷം ചതുരശ്ര മൈൽ വിസ്തൃതിയിലുള്ള സൈനിക പ്രവർത്തനങ്ങൾക്കാണ് അമേരിക്കയുടെ അഞ്ചാം കപ്പൽപ്പട മേൽനോട്ടം വഹിക്കുന്നത്. മനാമയിലെ അമേരിക്കൻ നാവികസേനയുടെ കേന്ദ്ര താവളത്തിലാണ് ബഹ്‌റൈനിലെ ഈ കപ്പലിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നത്.

വെയർഹൗസുകൾ, ആശയവിനിമയത്തിനും രഹസ്യാന്വേഷണത്തിനുമുള്ള കമാൻഡ് സെന്ററുകൾ, ഒരു ബേസ്ബോൾ ഫീൽഡ്, ഭവന സൗകര്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി നഗര ബ്ലോക്കുകൾ ഇവിടെയുണ്ട്. യുഎസ്എസ് എബ്രഹാം ലിങ്കൺ പോലുള്ള കാരിയർ സ്ട്രൈക്ക് ഗ്രൂപ്പുകൾ, അഞ്ചാം കപ്പൽപടയുടെ ഉത്തരവാദിത്ത മേഖലയിൽ പ്രവർത്തിക്കുന്ന ആർലീ ബർക്ക്-ക്ലാസ് ഡിസ്ട്രോയറുകൾ, ഫ്രിഗേറ്റുകൾ, അന്തർവാഹിനികൾ എന്നിവയുൾപ്പെടെയുള്ള ഫ്ലീറ്റ് പ്രവർത്തനങ്ങളെ ആകെ ഏകോപിപ്പിക്കുന്നത് ഈ ബേസിൽ നിന്നാണ്.
ഇറാൻ്റെ ആക്രമണത്തിൽ ഇവിടെ എത്രമാത്രം നാശനഷ്ടം സംഭവിച്ചിട്ടുണ്ട് എന്നത് ഇനി അറിയാനിരിക്കുന്നതേയൊള്ളൂ. ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളും, ഷാഹെദ് കാമികാസെ ഡ്രോണുകളുമാണ് പ്രധാനമായും ഈ താവളത്തെ ആക്രമിച്ചിരിക്കുന്നത്.

അടുത്തത് ഖത്തർ അൽ ഉദൈദ് വ്യോമതാവളമാണ്. ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിനെത്തുടർന്ന് 1996-ൽ ഒരു പ്രതിരോധ സഹകരണ കരാറിന്റെ ഭാഗമായാണ് ഖത്തർ അൽ ഉദൈദ് വ്യോമതാവളം നിർമ്മിച്ചത്. അയൽരാജ്യങ്ങളിൽ നിന്നുള്ള പ്രത്യേകിച്ച് ഇറാനിൽ നിന്നുള്ള ഭീഷണികൾ തടയുന്നതിനായി മേഖലയിൽ സ്ഥിരമായ അമേരിക്കൻ സൈനിക സാന്നിധ്യം ഉറപ്പാക്കുക എന്നതുമാണ് ഖത്തർ ഭരണകൂടത്തിൻ്റെ പ്രാഥമിക ലക്ഷ്യമെങ്കിലും, അമേരിക്ക അവരുടെ അജണ്ട നടപ്പാക്കാൻ പല കാര്യത്തിനും ഈ താവളം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

അൽ ഉദൈദ്

2001-ൽ അഫ്ഗാനിസ്ഥാനിലെ പ്രവർത്തനങ്ങൾക്കായി ആദ്യമായി ഈ താവളം ഉപയോഗിച്ചതും അമേരിക്കയാണ്. 2002-ൽ ഖത്തറുമായി ഒരു ഔദ്യോഗിക കരാറിൽ അമേരിക്ക ഒപ്പുവച്ചു, ഇത് അമേരിക്കൻ വ്യോമസേനയെ അൽ ഉദൈദിൽ നിന്ന് പ്രവർത്തിക്കാൻ അനുവദിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നു. അഫ്ഗാനിസ്ഥാനിലെ പ്രവർത്തനങ്ങളിലും പ്രത്യേകിച്ച് 2021-ൽ അമേരിക്കൻ സൈനികരെ പിൻവലിക്കുമ്പോഴും, അമേരിക്കൻ വ്യോമസേനയുടെ ശ്രമങ്ങളെ ഏകോപിപ്പിക്കുന്നതിൽ ഈ വ്യോമതാവളം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഹൂത്തികൾക്കും ഐഎസിനുമെതിരായ ദൗത്യങ്ങളും ഈ താവളത്തിൽ നിന്നാണ് നടത്തിയിരിക്കുന്നത്. ഇന്ന് അൽ ഉദൈദ് താവളം, ഈ മേഖലയിലെ ഏറ്റവും വലിയ അമേരിക്കൻ വ്യോമതാവളമായാണ് പ്രവർത്തിക്കുന്നത്, 10,000 സൈനികർ ഈ താവളത്തിൽ ഉണ്ടായിരുന്നെങ്കിലും ഇറാൻ്റെ ആക്രമണം ഭയന്ന് മിക്കവരെയും അവിടെ നിന്നും മാറ്റുകയുണ്ടായി.

അമേരിക്കൻ വിമാനങ്ങൾക്ക് പുറമേ ഖത്തർ വ്യോമസേനയുടെയും, മേഖലയിലെ മറ്റ് അമേരിക്കൻ സഖ്യകക്ഷികളുടെയും വിമാനങ്ങളും ഈ ബേസിൽ ഉണ്ട്. 24 ഹെക്ടറിലധികം വിസ്തൃതിയുള്ള ഈ താവളത്തിൽ നിന്നും, പ്രതിദിനം 1,000-ത്തിലധികം വിമാനങ്ങൾ പറത്തുന്നതായാണ് കണക്ക്. സി-17 വലിയ സൈനിക ഗതാഗത വിമാനങ്ങൾ, ബി-52എച്ച്, ബി-1ബി ബോംബറുകൾ, എഫ്-22, എഫ്-35 യുദ്ധവിമാനങ്ങൾ എന്നിവയെ ഉൾക്കൊള്ളാനും ഈ ബേസിന് കഴിയും. സപ്പോർട്ട് എയർക്രാഫ്റ്റുകൾ, ഇന്ധനം നിറയ്ക്കുന്ന വിമാനങ്ങൾ, ആർക്യു-4 ഗ്ലോബൽ ഹോക്ക്, എംക്യു-9 രഹസ്യാന്വേഷണ-സ്ട്രൈക്ക് ഡ്രോണുകൾ എന്നിവയും അൽ ഉദൈദിൽ നിലയുറപ്പിച്ചിട്ടുണ്ട്.

എന്നാൽ, ഇറാനുമായി സംഘർഷം പൊട്ടി പുറപ്പെട്ട ശേഷം ഈ ബേസ് ഇപ്പോൾ നിരന്തരം , ഇറാനിയൻ മിസൈൽ ആക്രമണങ്ങൾക്കും ഡ്രോൺ ആക്രമണങ്ങൾക്കും വിധേയമായിരിക്കുകയാണ്. വ്യോമതാവളത്തിന് വടക്കുള്ള ഏർലി വാണിംഗ് AN/FPS-132 റഡാറിന് കേടുപാടുകൾ സംഭവിച്ചതായി ഉപഗ്രഹ ചിത്രങ്ങൾ തന്നെ സൂചിപ്പിക്കുന്നുണ്ട്. ഇതിന് മാത്രം 10,000 കോടിയിൽ അധികം വില വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് മൂലം ഇറാൻ്റെ മിസൈൽ ആക്രമണങ്ങളെ ചെറുക്കുന്നതിൽ അമേരിക്കൻ സൈനിക സംവിധാനങ്ങൾക്ക് സാധിക്കാത്ത സാഹചര്യമാണുള്ളത്. ഈ അവസരം ഉപയോഗിച്ച് വലിയ ആക്രമണങ്ങളാണ് ഈ താവളത്തിന് നേരെയും ഇറാൻ ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.

മറ്റൊന്ന് കുവൈറ്റിൽ സ്ഥിതി ചെയ്യുന്ന സൈനിക താവളങ്ങളാണ്. ഇറാഖി അധിനിവേശത്തിൽ നിന്ന് സഖ്യസേന രാജ്യത്തെ മോചിപ്പിച്ച ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിനെ തുടർന്നാണ് കുവൈത്തിൽ അമേരിക്കൻ താവളങ്ങൾ സ്ഥാപിതമായത്. ക്യാമ്പ് അരിഫ്ജാൻ, ക്യാമ്പ് ബ്യൂഹ്രിംഗ്, അലി അൽ സലേം എയർ ബേസ് എന്നീ മൂന്ന് പ്രധാന അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഈ മേഖലയിലെ അമേരിക്കൻ സേനയുടെ പ്രധാന ലോജിസ്റ്റിക്സ് കേന്ദ്രങ്ങളായി പ്രവർത്തിക്കുകയും CENTCOM പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട്.

ഇറാനെതിരായ ആക്രമണത്തിനുള്ള തയ്യാറെടുപ്പുകൾക്കിടയിൽ കുവൈത്തിലെ ഈ അമേരിക്കൻ താവളങ്ങൾ നിർണായക പങ്കാണ് വഹിച്ചത്. എഫ്-16 യുദ്ധവിമാനങ്ങളും, എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററുകളും ഈ താവളത്തിലാണ് തമ്പടിച്ചിരിക്കുന്നത്. അലി അൽ സലേം വ്യോമതാവളം ഇതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. വിന്യസിച്ചിരിക്കുന്ന അമേരിക്കൻ വ്യോമസേനാ യൂണിറ്റുകൾക്ക് ഇന്ധനം, വെടിമരുന്ന് സ്പെയർ പാർട്സ് എന്നിവയ്ക്കുള്ള വിതരണ ലൈനുകൾ നന്നായി തന്നെ സ്ഥാപിച്ചിട്ടുണ്ട്. കരസേനയും പാട്രിയറ്റ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഈ താവളങ്ങളിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും, അതൊക്കെ തവിട് പൊടിയാക്കുന്ന ആക്രമണമാണ് ഇറാൻ ഈ താവളത്തിന് നേരെയും നടത്തിയിരിക്കുന്നത്.

ഫെബ്രുവരി 28 മുതൽ കുവൈറ്റിനെതിരെ ഇറാൻ നടത്തിയ പ്രതികാര ആക്രമണം ആരംഭിച്ചത് തന്നെ, മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ്. പഴയ ദ്രാവക ഇന്ധന മിസൈലുകളും കൂടുതൽ നൂതനമായ ഖര ഇന്ധന ഫത്തേ-110 മിസൈലുകളും ഉപയോഗിച്ചാണ് ആക്രമണങ്ങൾ നടത്തിയിരിക്കുന്നത്. ഷാഹെദ്-136 കാമികേസ് ഡ്രോണുകളും വിവിധ ക്രൂയിസ് മിസൈലുകളും, അമേരിക്കൻ സൗകര്യങ്ങൾ ആക്രമിച്ചിട്ടുണ്ട്. ഈ കുവൈറ്റിൽ തന്നെയാണ് നിലവിലെ സംഘർഷത്തിനിടെ അമേരിക്ക ആദ്യമായി ഔദ്യോഗികമായി സ്ഥിരീകരിച്ച മരണങ്ങളും സംഭവിച്ചിരിക്കുന്നത്. വ്യോമതാവളങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, വെയർഹൗസുകൾ, കമാൻഡ് സെന്ററുകൾ എന്നിവയുൾപ്പെടെ കുവൈത്തിലെ എല്ലാ അമേരിക്കൻ സൈനിക സൗകര്യങ്ങളും ഇറാനിയൻ പ്രതികാര ആക്രമണങ്ങളിൽ തകർന്നതായി, വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ, അൽ ദഫ്ര എയർ ബേസിലും, ജബൽ അലി തുറമുഖത്തിലുമാണ് അമേരിക്കൻ സൈന്യം പ്രവർത്തിക്കുന്നത്. പേർഷ്യൻ ഗൾഫ് നിരീക്ഷിക്കുന്നതിനുള്ള തന്ത്രപരമായ പോയിന്റുകളായി ഈ സൈറ്റുകൾ പ്രവർത്തിക്കുന്നതിനാൽ തന്നെ, ഈ താവളങ്ങൾ സ്വാഭാവികമായും ഇറാന്റെ പ്രാഥമിക ലക്ഷ്യങ്ങളായി മാറിയിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്. അബുദാബിയിൽ നിന്ന് 32 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന അൽ ദഫ്ര വ്യോമതാവളം, യുഎഇ, അമേരിക്കൻ വ്യോമസേനകൾക്കുള്ള സംയുക്ത കേന്ദ്രമായി പ്രവർത്തിക്കുന്നതാണ്. 1980-കളിൽ നവീകരിച്ച ഒരു സിവിലിയൻ വിമാനത്താവളമായിരുന്നു ഇത്. അഫ്ഗാനിസ്ഥാനിലെ പ്രവർത്തനങ്ങൾക്കായും അമേരിക്ക ഇവിടം ഉപയോഗിച്ചുവരുന്നുണ്ട്. 2002 മുതൽ ഇന്ധനം നിറയ്ക്കൽ, നിരീക്ഷണം, കര ലക്ഷ്യങ്ങളിൽ കൃത്യമായ ആക്രമണം എന്നിവയിൽ വൈദഗ്ദ്ധ്യമുള്ള ഒരു അമേരിക്കൻ വ്യോമസേനാ വിഭാഗവും അവിടെ പ്രവർത്തിക്കുന്നുണ്ട്. യുഎഇ ഉദ്യോഗസ്ഥർ നിയന്ത്രിക്കുന്ന അമേരിക്കയുടെ പാട്രിയറ്റ്, താഡ് മിസൈൽ പ്രതിരോധ സംവിധാനങ്ങളും ഇവിടെ വിന്യസിച്ചിട്ടുണ്ട്. ആയിരക്കണക്കിന് യുഎഇ സൈനികർക്കൊപ്പം കുറഞ്ഞത് 5,000 അമേരിക്കൻ സൈനികരും ഈ താവളത്തിലുണ്ട്. ഇവിടെയും ഇറാൻ്റെ മിസൈലുകൾ വീണ് പൊട്ടി ചിതറിയിട്ടുണ്ട്. അതാകട്ടെ, ഇപ്പോഴും തുടരുകയുമാണ്.

See also  നഴ്‌സുമാരുടെ സമരം ശക്തം; സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം താളംതെറ്റുന്നു

യുഎഇയിലെ രണ്ടാമത്തെ പ്രധാന അമേരിക്കൻ സൈനിക കേന്ദ്രം ജബൽ അലി തുറമുഖമാണ്, ലോകത്തിലെ ഏറ്റവും വലിയ കൃത്രിമ തുറമുഖങ്ങളിൽ ഒന്നാണിത്, മേഖലയിലെ അമേരിക്കൻ നാവികസേനയുടെ പ്രധാന കേന്ദ്രവുമാണിത്. 1979 മുതൽ, വിമാനവാഹിനിക്കപ്പലുകളും ഡിസ്ട്രോയറുകളും ഉൾപ്പെടെയുള്ള യുദ്ധക്കപ്പലുകൾ വിതരണം ചെയ്യുന്നതിനും സർവീസ് ചെയ്യുന്നതിനും നന്നാക്കുന്നതിനുമുള്ള ഒരു ലോജിസ്റ്റിക്കൽ താവളമായി പ്രവർത്തിക്കുന്ന ഈ തുറമുഖവും ഇറാൻ ടാർഗറ്റ് ചെയ്ത് ആക്രമിച്ചിട്ടുണ്ട്.

ജബൽ അലി

സംഘർഷം ആരംഭിച്ചത് മുതൽ, ഇറാൻ ഈ യുഎഇ താവളങ്ങൾക്ക് നേരെ ശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങളാണ് നടത്തിയിരിക്കുന്നത്. സംഘർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ ഇറാൻ അൽ ദഫ്രയിൽ 10-15 ഫത്തേ-110/313 ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിടുകയും 50 ഓളം ഷാഹെദ്-136 കാമികാസെ ഡ്രോണുകൾ വിതറുകയും ചെയ്തിട്ടുണ്ട്. ഇത് മൂലം നിരവധി ഹാംഗറുകൾക്കും റൺവേയ്ക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. നിരവധി വിമാനങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. അമേരിക്കൻ സൈനികരിൽ ആളപായമുണ്ടായതായും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എണ്ണം മാത്രമാണ് പുറത്ത് വരാനുള്ളത്. അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ഇവിടെയും ഒരു വലിയ പരാജയമായിരുന്നു. ഇറാൻ സൈന്യം ജെബൽ അലി തുറമുഖത്തെ ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ച് ലക്ഷ്യം വച്ചതായി അമേരിക്കൻ സൈന്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്, ഇന്ധന സംഭരണ ​​സൗകര്യങ്ങൾ, വെയർഹൗസുകൾ, ഡോക്കുകൾ, ക്രെയിനുകൾ എന്നിവയ്ക്ക് വലിയ കേടുപാടുകൾ വരുത്തിയതായാണ് റിപ്പോർട്ടുകൾ. ഇവിടെയും ജീവനക്കാർക്കിടയിലും ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാൻ ആക്രമണത്തിന് തൊട്ട് മുമ്പ് അമേരിക്കൻ നാവികസേനയുടെ കപ്പലുകൾ പിൻവാങ്ങിയതായും റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്.

അടുത്തതായി നമുക്ക് ഒമാനിലെ തുറമുഖങ്ങൾ പരിശോധിക്കാം.ഒമാൻ സുൽത്താനേറ്റിലെ അമേരിക്കൻ സൈനിക സാന്നിധ്യം എന്നു പറയുന്നത് യുഎഇയിലോ ഖത്തറിലോ ഉള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കാരണം, അവിടെ വലിയ സ്ഥിരം താവളങ്ങൾ ഉൾപ്പെടുന്നില്ല. പകരം, 1980 കളിൽ സ്ഥാപിതമായ ഒരു ഫെസിലിറ്റീസ് ആക്‌സസ് കരാറിനെയാണ് ഇത് പ്രധാനമായും ആശ്രയിക്കുന്നത്. അഞ്ചാം കപ്പൽ പടയെ പിന്തുണയ്ക്കുന്നതിലും, അമേരിക്കൻ സെൻട്രൽ കമാൻഡിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ച് റൊട്ടേഷൻ, ലോജിസ്റ്റിക്സ്, പരിശീലനം എന്നിവയ്ക്കായാണ്, അമേരിക്ക റോയൽ എയർഫോഴ്‌സ് ഓഫ് ഒമാൻ്റെ വ്യോമതാവളങ്ങളും തുറമുഖങ്ങളും ഉപയോഗിക്കുന്നത്. ഇറാനെതിരായ പ്രവർത്തനത്തിനുള്ള തയ്യാറെടുപ്പായി 2026 ൽ ഒമാനിലെ സൗകര്യങ്ങൾ അവർ വലിയ തോയിൽ വർദ്ധിപ്പിച്ചിട്ടുമുണ്ട്. ഒമാന്റെ മധ്യസ്ഥ പങ്ക് കണക്കിലെടുക്കുമ്പോൾ, ഇറാനും അതിന്റെ പ്രോക്സികളും സുൽത്താനേറ്റിനുള്ളിലെ സ്ഥലങ്ങൾ ലക്ഷ്യമിടുന്നത് ഒഴിവാക്കുന്നുണ്ടെങ്കിലും, അമേരിക്കൻ സേന ഒമാൻ കേന്ദ്രമാക്കി ആക്രമിച്ചാൽ, തീർച്ചയായും ഒമാനിലേക്കും ആക്രമണം വ്യാപിക്കാനുള്ള എല്ലാ സാധ്യതയും ഉണ്ട്.

ഇനി പറയാനുള്ളത് ഏറ്റവും വലിയ അറബ് രാജ്യമായ സൗദി അറേബ്യയെ കുറിച്ചാണ്. മിഡിൽ ഈസ്റ്റിലെ അമേരിക്കയുടെ ഏറ്റവും വലിയ സഖ്യകക്ഷിയെന്ന നിലയിൽ രാജ്യത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചാൽ, ഇറാനെതിരായ അമേരിക്കൻ ആക്രമണങ്ങളിൽ സൗദി അറേബ്യ പങ്കുചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. അങ്ങനെ സംഭവിച്ചാൽ പിന്നെ ആ രാജ്യത്തിൻ്റെ ഗതി എന്താകും എന്നതും വലിയ ഒരു ചോദ്യം തന്നെയാണ്. സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക സാന്നിധ്യം പ്രിൻസ് സുൽത്താൻ വ്യോമതാവളത്തെ കേന്ദ്രീകരിച്ചാണ് ഉള്ളത്. ലോജിസ്റ്റിക്സിലും മിസൈൽ പ്രതിരോധ ശേഷിയിലും ഇത് അമേരിക്കൻ സൈനിക കമാൻഡിൻ്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതാണ് കൂടാതെ യെമനിലെ ഹൂത്തികളിൽ നിന്നുള്ള ഭീഷണികളെ നേരിടാനും ഈ ശേഷി ഉപയോഗിക്കുന്നുണ്ട്. ഹൂതികൾ അയച്ച മിസൈൽ പോലും തടയാൻ കഴിയാത്ത അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾ ഇറാൻ്റെ ആധുനിക മിസൈലുകൾക്ക് മുന്നിൽ ശരിക്കും പതറുന്ന കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്.

റിയാദിൽ നിന്ന് 100 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന പ്രിൻസ് സുൽത്താൻ എയർ ബേസ്, 1982 ൽ റോയൽ സൗദി വ്യോമസേനയ്ക്കായി നിർമ്മിച്ചതാണ്, 1991ലെ ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോമിൽ ഈ താവളം നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. അരാംകോ ഓയിൽ കോർപ്പറേഷൻ സൗകര്യങ്ങൾക്ക് നേരെയുള്ള ഹൂത്തി ആക്രമണത്തെത്തുടർന്ന് 2019-ൽ ബേസിൽ അമേരിക്കൻ പ്രവർത്തനം പുനരാരംഭിക്കുകയാണ് ഉണ്ടായത്. നാല് പാട്രിയറ്റ് മിസൈൽ ബാറ്ററികൾ അവിടെ നിലവിൽ വിന്യസിച്ചിട്ടുണ്ടെങ്കിലും ഇറാൻ്റെ മിസൈലിനെ തടുക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ.

സൗദി അറേബ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളും അരാംകോയുടെ ഉടമസ്ഥതയിലുള്ള സൗകര്യങ്ങളും ഇറാൻ ലക്ഷ്യമിട്ടിട്ടുണ്ട്. ബാലിസ്റ്റിക് മിസൈലുകളും ഷാഹെദ്-136 കാമികേസ് ഡ്രോണുകളുമാണ് ഇതിനായി വിക്ഷേപിച്ചിരിക്കുന്നത്. ആക്രമണങ്ങളിൽ പാട്രിയറ്റ് മിസൈൽ ബാറ്ററികൾ, വ്യോമതാവള അടിസ്ഥാന സൗകര്യങ്ങൾ, അരാംകോ ഉൽപ്പാദന കേന്ദ്രങ്ങൾ എന്നിവയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

സംഘർഷം രൂക്ഷമാകുന്നതോടെ, ഗൾഫ് മേഖലയിലെ സ്ഥിതിഗതികളും നിഷേധിക്കാനാവാത്തവിധം അസ്ഥിരമായി കൊണ്ടിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിടുന്നതിലൂടെ ഇറാൻ നൽകുന്ന സന്ദേശം വ്യക്തമാണ്. ഇറാനെ ആക്രമിക്കാൻ അമേരിക്കയ്ക്ക് നിങ്ങൾ താവളം നൽകരുത് എന്നതാണ് അവരുടെ ആവശ്യം. അതാകട്ടെ ന്യായമായ ഒരു ആവശ്യവുമാണ്.

നമ്മൾ സ്വയം ഒന്ന് ചിന്തിക്കുക, നമ്മുടെ അയൽപക്കത്തെ വീട്ടിൽ…അത് എത്ര അടുപ്പമുള്ള വീടായാലും നമ്മുടെ ശത്രുക്കളെ അവിടെ കയറ്റി, അവർ അവിടെ നിന്നും നമ്മളെ ആക്രമിച്ചാൽ, ഒരു മനുഷ്യൻ എന്ന നിലയിൽ നമ്മൾ എങ്ങനെയാണ് പ്രതികരിക്കുക ? അത്തരം പ്രതികരണം തന്നെയാണ് ഇറാൻ ഇപ്പോൾ ഗൾഫ് രാജ്യങ്ങൾക്ക് നേരെ നടത്തുന്നത്. ഇറാൻ കഴിഞ്ഞാൽ, അടുത്ത ലക്ഷ്യം ക്യൂബയാണ് എന്ന മുന്നറിയിപ്പ് അമേരിക്ക നൽകിയ സ്ഥിതിക്ക് , ഈ തെമ്മാടി രാഷ്ട്രത്തെ ഇപ്പോഴേ പിടിച്ചു കെട്ടേണ്ടത് ലോക സമാധാനത്തിന് തന്നെ അനിവാര്യമാണ്. അത് തിരിച്ചറിഞ്ഞത് കൊണ്ടു കൂടിയാണ് റഷ്യ ഇപ്പോൾ തന്ത്രപരമായ സഹായം ഇറാന് നൽകി വരുന്നത്. ഈ യുദ്ധത്തിൽ, ഒരിക്കലും അമേരിക്ക വിജയിക്കാൻ പോകുന്നില്ല. ഒരുപാട് പാവങ്ങളെ അവർക്ക് കൊല്ലാനും ഒരു പാട് നാശനഷ്ടം ഉണ്ടാക്കാനും സാധിച്ചേക്കും. എന്നാൽ ഇറാനെ ഒരിക്കലും കീഴ്പെടുത്താൻ അമേരിക്കയ്ക്ക് കഴിയുകയില്ല.

ഇസ്രയേലിന് ഒപ്പം ചേർന്ന് ഈ വിശുദ്ധ റമദാൻ മാസത്തിൽ, ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനു നേരെ അമേരിക്ക നടത്തുന്ന ആക്രമണം ഒരു കാരണവശാലും, ഗൾഫ് രാജ്യങ്ങളിലെ ജനങ്ങൾക്കിടയിൽ പോലും ന്യായികരിക്കപ്പെടുകയില്ല. ഒരു രാജ്യം ആ രാജ്യത്തെ ജനങ്ങളുടെ വികാരം മാനിച്ചാണ് നിലപാട് സ്വീകരിക്കുക എങ്കിൽ, ഗൾഫ് രാജ്യങ്ങൾ , അവിടുത്തെ അമേരിക്കൻ താവളങ്ങൾ അടച്ച് പൂട്ടുകയാണ് വേണ്ടത്. അതല്ലാതെ ഭരണകൂടം വിലപിച്ചിട്ട് ഒരു കാര്യവുമില്ല.

ഒറ്റയ്ക്ക് നിന്ന് സയണിസ്റ്റ് ഭരണകൂടത്തിന് എതിരെയും, അമേരിക്ക എന്ന ലോക വൻ ശക്തിക്ക് എതിരെയും പോരാടുന്ന ഇറാൻ, അവരെ സംബന്ധിച്ച് ഹീറോകൾ തന്നെയാണ്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം, അമേരിക്കൻ സഖ്യത്തോട് ചങ്കുറപ്പോടെ നിന്ന് യുദ്ധം ചെയ്യുന്ന ഇറാൻ്റെ ധീരത തീർച്ചയായും ചരിത്രത്തിൽ അടയാളപ്പെടുത്തുക തന്നെ ചെയ്യും.

EXPRESS VIEW

The post അമേരിക്കൻ സംരക്ഷണം ഗൾഫ് രാജ്യങ്ങൾക്ക് വിനയാകുന്നു, റഷ്യൻ പിന്തുണയിൽ ആഞ്ഞടിച്ച് ഇറാൻ appeared first on Express Kerala.

Spread the love

New Report

Close