
കർണാടക ബെല്ലാരിയിലെ ഗുരുകുല റെസിഡെൻഷ്യൽ സ്കൂൾ ഹോസ്റ്റലിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി സഹപാഠികളെ ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. സംഭവത്തിൽ ഒരാൾ കൊല്ലപ്പെട്ടിട്ടുണ്ട്. അത്താഴത്തിന് ശേഷം വിദ്യാർത്ഥികളെല്ലാം ഉറങ്ങാൻ കിടന്ന സമയത്താണ് ആക്രമണം ഉണ്ടായത്. ഡോർമിറ്ററിയിലുണ്ടായിരുന്ന എട്ടോളം വിദ്യാർഥികളെ പ്രതി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥി മരണപ്പെടുകയും മറ്റ് ആറുപേർ ആശുപത്രിയിൽ ചികിത്സയിലുമാണ്. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു.
വിദ്യാർഥികളെ ആക്രമിച്ച ശേഷം തടയാൻ ശ്രമിച്ച ഹോസ്റ്റൽ വാർഡനെയും പ്രതി ഇരുമ്പുവടി കൊണ്ട് മർദ്ദിച്ചു. തുടർന്ന് ഇയാൾ ഹോസ്റ്റലിൽ നിന്ന് കടന്നുകളഞ്ഞു. ഒളിവിൽ പോയ വിദ്യാർത്ഥിക്കായി പോലീസ് ഊർജിതമായ തിരച്ചിൽ നടത്തിവരികയാണ്. എന്താണ് ഇത്രയും വലിയ ആക്രമണത്തിന് പ്രകോപനമായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതി ലഹരിമരുന്നിന് അടിമയാണെന്ന് മരിച്ച വിദ്യാർഥിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ടെങ്കിലും ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
Also Read: വഞ്ചിപ്പാട്ട് പ്രതിഫലം ചോദിച്ചതിന് മർദനം; എസ്.എഫ്.ഐ ജില്ലാ നേതാക്കളടക്കം 15 പേർക്കെതിരെ കേസ്
സംഭവത്തിൽ ബെല്ലാരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോസ്റ്റലിലെ മറ്റ് കുട്ടികൾക്കും ജീവനക്കാർക്കും കടുത്ത ആഘാതമാണ് ഈ സംഭവം ഉണ്ടാക്കിയിരിക്കുന്നത്. ഹോസ്റ്റലുകളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും മാനസികാരോഗ്യം നിരീക്ഷിക്കുന്നതിലും ഉണ്ടായ വീഴ്ചയെക്കുറിച്ച് വ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. പ്രതിയെ പിടികൂടിയാൽ മാത്രമേ അക്രമത്തിന്റെ യഥാർത്ഥ കാരണം പുറത്തുവരികയുള്ളൂ.
The post കർണാടകയിൽ സ്കൂൾ ഹോസ്റ്റലിൽ വിദ്യാർത്ഥി സഹപാഠിയെ അടിച്ചുകൊന്നു! ആറുപേർക്ക് പരിക്ക് appeared first on Express Kerala.




