
ദുബായ്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ യുഎഇയിലെ വിപണികളിൽ ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയും കുറഞ്ഞ വിലയും ഉറപ്പാക്കി സാമ്പത്തിക-വിനോദസഞ്ചാര വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി. ദുബായ് അൽ അവീറിലെ പഴം-പച്ചക്കറി മൊത്തവ്യാപാര മാർക്കറ്റിൽ നേരിട്ടെത്തി അദ്ദേഹം സ്ഥിതിഗതികൾ വിലയിരുത്തി. നിലവിൽ വിപണിയിൽ ഉൽപ്പന്നങ്ങൾക്ക് യാതൊരു കുറവുമില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ ഇറക്കുമതി എത്തുന്നതോടെ വില ഇനിയും കുറയുമെന്നും മന്ത്രി വ്യക്തമാക്കി.
ഭക്ഷ്യവസ്തുക്കളുടെ കയറ്റിറക്കുമതി പ്രവർത്തനങ്ങൾ നേരിട്ട് അവലോകനം ചെയ്ത മന്ത്രി, ഉപഭോക്താക്കൾ പരിഭ്രാന്തരായി സാധനങ്ങൾ വാരിക്കൂട്ടി സംഭരിക്കേണ്ടതില്ലെന്ന് നിർദ്ദേശിച്ചു. ആവശ്യമായ എല്ലാ ഉൽപ്പന്നങ്ങളും വിപണിയിൽ സുലഭമാണ്. വിപണിയിലെ വിലനിലവാരവും ഉൽപ്പന്നങ്ങളുടെ ലഭ്യതയും മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഉപഭോക്താക്കളുടെ പരാതികൾക്ക് ഉടനടി പരിഹാരം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘർഷ സാഹചര്യം മുതലെടുത്ത് ആരെങ്കിലും അമിതവില ഈടാക്കിയാൽ കർശന നടപടിയുണ്ടാകും. ഇത്തരം നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് മന്ത്രാലയത്തെ അറിയിക്കാം. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ 80012222 എന്ന ടോൾ ഫ്രീ നമ്പർ വഴിയോ (വാട്‌സ്ആപ്പിലും ലഭ്യമാണ്) പരാതികൾ നൽകാവുന്നതാണ്. വിപണിയിലെ സുതാര്യത ഉറപ്പാക്കാൻ ഉപഭോക്താക്കളുടെ സഹകരണം അധികൃതർ അഭ്യർത്ഥിച്ചു.
The post വിപണികളിൽ ഭക്ഷ്യക്ഷാമമുണ്ടാകില്ല; വിലക്കുറവ് ഉറപ്പാക്കി യുഎഇ! അമിതമായി വാങ്ങി സംഭരിക്കേണ്ടതില്ലെന്ന് മന്ത്രി appeared first on Express Kerala.




