
ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ വെടിക്കെട്ട് ബാറ്റിംഗുമായി സഞ്ജു സാംസൺ. സെഞ്ച്വറിക്ക് അരികിൽ വെച്ച് പുറത്തായെങ്കിലും റെക്കോർഡുകൾ കടപുഴക്കിയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. 46 പന്തിൽ എട്ട് സിക്സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയോടെ സഞ്ജു അടിച്ചുകൂട്ടിയത് 89 റൺസാണ്. തുടർച്ചയായ മൂന്നാം മത്സരത്തിലും സെഞ്ച്വറി നഷ്ടമായെങ്കിലും ഇന്ത്യയുടെ സ്കോർ ഉയർത്തുന്നതിൽ സഞ്ജുവിന്റെ ഇന്നിംഗ്സ് നിർണ്ണായകമായി.
ഈ പ്രകടനത്തോടെ മുൻ സൂപ്പർ താരം വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന അഭിമാനകരമായ ഒരു റെക്കോർഡും സഞ്ജു സ്വന്തമാക്കി. ഒരു ടി20 ലോകകപ്പ് പതിപ്പിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരം എന്ന റെക്കോർഡാണ് കോഹ്ലിയെ മറികടന്ന് സഞ്ജു തിരുത്തിക്കുറിച്ചത്. 2014-ലെ ലോകകപ്പിൽ കോഹ്ലി നേടിയ 319 റൺസ് എന്ന നേട്ടം സഞ്ജു മറികടന്നു. ഈ ടൂർണമെന്റിൽ സഞ്ജുവിന്റെ സമ്പാദ്യം 321 റൺസാണ്.
Also Read:അഹമ്മദാബാദിൽ ഇന്ത്യൻ ഗർജ്ജനം; ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ വീണ്ടും ലോകചാമ്പ്യന്മാർ!
ടി20 ലോകകപ്പ് ഫൈനലിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന ലോകറെക്കോർഡും ഇനി സഞ്ജുവിന് സ്വന്തം. 2016-ലെ ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ വെസ്റ്റ് ഇൻഡീസ് താരം മാർലോൺ സാമുവൽസ് നേടിയ 85 റൺസ് എന്ന പത്ത് വർഷം പഴക്കമുള്ള റെക്കോർഡാണ് സഞ്ജു തിരുത്തിയത്.
അതേസമയം, മറ്റൊരു ഇന്ത്യൻ താരം ഇഷാൻ കിഷനും റെക്കോർഡിന് തൊട്ടരികിലെത്തിയിരുന്നു. 25 പന്തിൽ 54 റൺസ് നേടിയ ഇഷാന്, അഞ്ച് റൺസ് കൂടി നേടിയിരുന്നെങ്കിൽ സഞ്ജുവിനെ മറികടന്ന് ഒന്നാമതെത്താമായിരുന്നു. എന്നാൽ 317 റൺസിൽ നിൽക്കെ ഇഷാൻ പുറത്തായതോടെ ഈ സീസണിലെ ടോപ് സ്കോറർ പട്ടികയിൽ സഞ്ജു സാംസൺ ഒന്നാമതായി തുടർന്നു.
The post ലോകകപ്പ് ഫൈനലിൽ തകർത്തടിച്ച് സഞ്ജു; പുതിയ ചരിത്രം കുറിച്ച് മലയാളി താരം appeared first on Express Kerala.




