
മദ്യപാനം ശരീരത്തിന് നൽകുന്ന താത്കാലിക സന്തോഷത്തേക്കാൾ എത്രയോ മടങ്ങാണ് അത് ഉണ്ടാക്കുന്ന ദീർഘകാല ആരോഗ്യപ്രശ്നങ്ങളെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേവലം കരളിനെ മാത്രമല്ല, ഹൃദയം, ഉപാപചയ പ്രവർത്തനങ്ങൾ, രക്തസമ്മർദ്ദം എന്നിവയെല്ലാം മദ്യപാനം മൂലം അപകടത്തിലാകുന്നുണ്ടെന്ന് മണിപ്പാൽ ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എൻട്രോളജി കൺസൾട്ടന്റ് ഡോ. റോഹൻ ബഡാവെ ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണം കുറച്ച് കഴിക്കുന്നത് കൊണ്ട് മാത്രം ശരീരം സംരക്ഷിക്കാമെന്നത് പലരുടെയും തെറ്റായ ധാരണയാണ്. മദ്യത്തിൽ അടങ്ങിയിരിക്കുന്ന അമിതമായ കലോറി ശരീരഭാരം വർധിപ്പിക്കുകയും ഇൻസുലിൻ പ്രതിരോധം ഉണ്ടാക്കുകയും ചെയ്യുന്നു. ഇത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വർധിപ്പിക്കുന്നു. പ്രമേഹരോഗികൾ മദ്യപിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്ന ‘ഹൈപ്പോഗ്ലൈസീമിയ’ എന്ന അപകടകരമായ അവസ്ഥയ്ക്കും കാരണമായേക്കാം. കൂടാതെ, രക്തത്തിലെ ട്രൈഗ്ലിസറൈഡുകളുടെ അളവ് കൂട്ടുന്നത് വഴി ഹൃദയാഘാതം, പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങൾക്കും ഇത് വഴിതുറക്കുന്നു.
Also Read:ആരോഗ്യപൂർണ്ണമായ ജീവിതത്തിന് ഒരു മസാജ് സ്പർശം; മാറുന്ന കാലത്തെ അനിവാര്യതയായി വെൽനസ് മസാജുകൾ
മദ്യപാനം ഏറ്റവും മാരകമായി ബാധിക്കുന്നത് കരളിനെയാണ്. ലക്ഷണങ്ങളില്ലാതെ തുടങ്ങുന്ന ഫാറ്റിലിവർ രോഗം മദ്യപാനം തുടരുന്നതോടെ ഹെപ്പറ്റൈറ്റിസ് ആയി മാറുന്നു. വയറുവേദന, പനി, വിട്ടുമാറാത്ത ക്ഷീണം എന്നിവയാണ് ഈ ഘട്ടത്തിലെ ലക്ഷണങ്ങൾ. ഇത് പിന്നീട് ലിവർ സിറോസിസ് എന്ന മാരകമായ അവസ്ഥയിലേക്ക് നീങ്ങുകയും മഞ്ഞപ്പിത്തം, രക്തം കലർന്ന ഛർദ്ദി തുടങ്ങിയ ഗുരുതരമായ ലക്ഷണങ്ങളിലൂടെ ജീവന് തന്നെ ഭീഷണിയാവുകയും ചെയ്യുന്നു. മദ്യപാനം മൂലം തകരാറിലായ ആരോഗ്യം തിരിച്ചുപിടിക്കാനുള്ള ഏക പോംവഴി മദ്യം പൂർണ്ണമായും ഉപേക്ഷിക്കുക എന്നത് മാത്രമാണ്.
The post മദ്യപാനം വെറും ‘ആഘോഷമല്ല’! അകത്താക്കുന്നത് കലോറി ബോംബ്; പ്രമേഹവും ഹൃദ്രോഗവും കാത്തിരിക്കുന്നു appeared first on Express Kerala.




