
സൗദി അറേബ്യയിൽ ഇഖാമ, തൊഴിൽ നിയമങ്ങൾ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ എന്നിവ ലംഘിച്ചവരെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം നടത്തിയ വിപുലമായ പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 21,022 പേർ പിടിയിലായി. രാജ്യവ്യാപകമായി വിവിധ സുരക്ഷാ ഏജൻസികളെ ഏകോപിപ്പിച്ചു നടത്തിയ ഫീൽഡ് ക്യാമ്പയിനിലാണ് ഇത്രയും പേർ പിടിയിലായതെന്ന് മന്ത്രാലയം അറിയിച്ചു. താമസ നിയമം ലംഘിച്ച 15,038 പേരും അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 3,484 പേരും തൊഴിൽ നിയമം ലംഘിച്ച 2,500 പേരും ഇതിൽ ഉൾപ്പെടുന്നു.
അതിർത്തി വഴി രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച 1,466 പേരും പിടിയിലായവരിൽ പെടുന്നു. ഇവരിൽ ഭൂരിഭാഗവും എത്യോപ്യൻ, യമൻ പൗരന്മാരാണ്. നിയമലംഘകർക്ക് താമസസൗകര്യമോ യാത്രാസൗകര്യമോ നൽകിയ 15 പേർക്കെതിരെയും സുരക്ഷാ വിഭാഗം കർശന നടപടിയെടുത്തു. നിലവിൽ 21,178 പേർ വിവിധ നിയമനടപടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇതിൽ 1,513 സ്ത്രീകളും ഉൾപ്പെടുന്നു. പിടിയിലായവരിൽ ഭൂരിഭാഗം പേരെയും യാത്രാ രേഖകൾ ശരിയാക്കുന്നതിനായി അതത് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളിലേക്ക് റഫർ ചെയ്തിട്ടുണ്ട്.
Also Read: സൗദിയിൽ ഇറാൻ മിസൈൽ ആക്രമണം! ഇന്ത്യൻ പ്രവാസി കൊല്ലപ്പെട്ടു; 12 പേർക്ക് പരിക്ക്
നിയമലംഘകർക്കെതിരെയുള്ള നാടുകടത്തൽ നടപടികളും അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ മാത്രം 8,511 പേരെ സൗദിയിൽ നിന്നും അവരുടെ രാജ്യങ്ങളിലേക്ക് നാടുകടത്തി. പിടിക്കപ്പെടുന്നവർക്ക് കനത്ത പിഴയും ജയിൽ ശിക്ഷയും ആജീവനാന്ത യാത്രാ നിരോധനവും ഏർപ്പെടുത്തുമെന്നും നിയമലംഘകർക്ക് സഹായം നൽകുന്നവർക്ക് 15 വർഷം വരെ തടവ് ലഭിക്കുമെന്നും അധികൃതർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. രാജ്യത്തിന്റെ സുരക്ഷയും നിയമവ്യവസ്ഥയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് പരിശോധനകൾ കർശനമാക്കുന്നത്.
The post സൗദിയിൽ നിയമലംഘകർക്കെതിരെ കർശന നടപടി; ഒരാഴ്ചയ്ക്കിടെ പിടിയിലായത് 21,022 പ്രവാസികൾ appeared first on Express Kerala.



