
ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കലുഷിതമായ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ദുബായിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് അനിശ്ചിതകാലത്തേക്ക് അടച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ഗ്ലോബൽ വില്ലേജ് വീണ്ടും തുറക്കുന്നത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പിന്നീട് അറിയിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സൗദി അറേബ്യ ലക്ഷ്യമാക്കി ഇറാൻ നടത്തിയ അതിശക്തമായ ആക്രമണശ്രമങ്ങൾ മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. റിയാദ്, അൽ ഖർജ്, അൽ ജൗഫ് എന്നീ മേഖലകൾക്ക് പുറമെ അൽ ഷൈബ സൈനിക താവളത്തിന് നേരെയും കനത്ത ആക്രമണശ്രമങ്ങൾ ഉണ്ടായി. ആക്രമണങ്ങളിൽ ഒരു അമേരിക്കൻ സൈനികനുൾപ്പടെ മൂന്ന് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ ഭൂരിഭാഗം ആക്രമണശ്രമങ്ങളെയും പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി സൗദി അറിയിച്ചു.
Also Read: ചൂട് ചോറിനൊപ്പം ‘മുളകുചുട്ട ചമ്മന്തി’; മടുക്കാത്ത രുചിയുമായി ഒരു നാടൻ വിഭവം
യുഎഇയിലും ബഹറൈനിലും ആക്രമണത്തിന്റെ പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അബുദാബിയിൽ ആക്രമണങ്ങളിൽ രണ്ട് പേർക്ക് നിസ്സാര പരിക്കേകുകയും ഫുജൈറയിൽ തകർത്ത ഡ്രോണിന്റെ അവശിഷ്ടങ്ങൾ വീണ് ഓയിൽ ഇൻഡസ്ട്രിയൽ സോണിന് സമീപം തീപിടുത്തമുണ്ടാകുകയും ചെയ്തു. ബഹറൈനിൽ മിസൈൽ പതിച്ച് വീടുകൾ തകരുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
ജനവാസ മേഖലകൾക്ക് നേരെയുള്ള ആക്രമണങ്ങളെ അന്താരാഷ്ട്ര സമൂഹം ശക്തമായി അപലപിച്ചു. നിലവിലെ സാഹചര്യം ചർച്ച ചെയ്യുന്നതിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി ഫോണിൽ സംസാരിച്ചു.
അതേസമയം, പ്രശ്നപരിഹാരത്തിനായി ചൈനയും ഇടപെടൽ നടത്തിയിട്ടുണ്ട്. ചൈനീസ് പ്രതിനിധി സംഘം സൗദി വിദേശകാര്യ മന്ത്രിയുമായും ജിസിസി നേതാക്കളുമായും റിയാദിൽ കൂടിക്കാഴ്ച നടത്തി. മേഖലയിലെ സമാധാനം തിരികെ കൊണ്ടുവരാനുള്ള തീവ്രശ്രമത്തിലാണ് ലോകരാഷ്ട്രങ്ങൾ.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്നു; ഗ്ലോബൽ വില്ലേജ് അനിശ്ചിതകാലത്തേക്ക് അടച്ചു appeared first on Express Kerala.




