
മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, മന്ത്രിക്കെതിരെയും സംസ്ഥാന സർക്കാരിനെതിരെയും രൂക്ഷവിമർശനവുമായി ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ബി. ഗോപാലകൃഷ്ണൻ രംഗത്തെത്തി. ഭരണപക്ഷത്തും പ്രതിപക്ഷത്തും ഗണേഷ് കുമാറും രാഹുൽ മാങ്കൂട്ടത്തിലും ചേർന്ന് നടത്തുന്നത് ‘ഇടത്-വലത് കോഴി മത്സര’മാണെന്ന് അദ്ദേഹം പരിഹസിച്ചു. മന്ത്രിക്കസേരകളിലും നിയമസഭയിലും ഇരിക്കേണ്ടത് മാന്യന്മാരായ മനുഷ്യരാണെന്നും അല്ലാതെ ഇത്തരം സ്വഭാവദൂഷ്യമുള്ളവരല്ലെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
മന്ത്രിയുടെ നിർദ്ദേശപ്രകാരം അനുചരന്മാർ തന്നെ ആക്രമിച്ചുവെന്ന ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ അതീവ ഗുരുതരമാണെന്നും ഇതിൽ പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യണമെന്നും ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷയ്ക്ക് പ്രാധാന്യം നൽകുന്ന സർക്കാരാണെങ്കിൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം പരാതിയില്ലാതെ തന്നെ നടപടിയെടുക്കാൻ തയ്യാറാകണം. സ്വന്തം ഭാര്യയെ മാനസികരോഗിയായി ചിത്രീകരിച്ച് അപമാനിക്കുന്ന ഭർത്താവ് മന്ത്രിയായി തുടരുന്നത് കേരളത്തിലെ സ്ത്രീകളെ വെല്ലുവിളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഗണേഷ് കുമാറിനെതിരായ ആരോപണം; മുഖ്യമന്ത്രിയും സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് ചാണ്ടി ഉമ്മൻ
സുരേഷ് ഗോപിയെ വ്യക്തിപരമായി ആക്ഷേപിക്കുന്ന ഗണേഷ് കുമാർ, മാന്യമായ കുടുംബജീവിതം നയിക്കുന്നവരെ കണ്ടുപഠിക്കണമെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. സുരേഷ് ഗോപി പണ്ട് ‘മറ്റേ മോനെ’ എന്ന് വിളിച്ചതിന്റെ അർത്ഥം ഇപ്പോഴാണ് വ്യക്തമായതെന്നും അദ്ദേഹം പരിഹസിച്ചു. ഗണേഷ് കുമാറിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും അല്ലെങ്കിൽ അദ്ദേഹം സ്വയം രാജിവെച്ച് ഒഴിയണമെന്നും ബി.ജെ.പി. ആവശ്യപ്പെട്ടു.
The post ‘ഇടത്-വലത് കോഴി മത്സരം’; ഗണേഷ് കുമാറിനെതിരെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും രൂക്ഷവിമർശനവുമായി ബി.ജെ.പി appeared first on Express Kerala.




