
ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെ 96 റൺസിന് തകർത്ത് ഇന്ത്യ തങ്ങളുടെ കിരീടം നിലനിർത്തിയതോടെ പാകിസ്ഥാൻ ക്രിക്കറ്റ് ലോകത്ത് വലിയ തർക്കങ്ങൾക്കാണ് വഴിതുറന്നിരിക്കുന്നത്. ഷൊയ്ബ് അക്തറും മുഹമ്മദ് ആമിറും അടക്കമുള്ള മുൻ താരങ്ങൾ പരിഹാസവുമായി രംഗത്തെത്തിയപ്പോൾ, പാകിസ്ഥാനിലെ മറ്റ് ചില പ്രമുഖർ ഇന്ത്യയുടെ വിജയത്തെ അംഗീകരിക്കണമെന്ന ശക്തമായ നിലപാടിലാണ്. ഇന്ത്യയെ തോൽപ്പിക്കാൻ ശ്രമിക്കുന്നതിനേക്കാൾ ഉപരിയായി, അവരുടെ വിജയത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാൻ തയ്യാറാകണമെന്ന് മുൻ താരം മുഹമ്മദ് വസീം തുറന്നടിച്ചു. ഇന്ത്യയോട് തോൽക്കുമ്പോഴെല്ലാം ഗൂഢാലോചന സിദ്ധാന്തങ്ങൾ മെനയുന്ന പതിവ് അവസാനിപ്പിച്ച്, അവർ ഒരു മികച്ച ടീമാണെന്ന് സമ്മതിക്കാനുള്ള ആർജ്ജവം കാട്ടണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇന്ത്യയുടെ ഈ കുതിപ്പിന് പിന്നിലെ രഹസ്യം അവരുടെ ശക്തമായ ആഭ്യന്തര ക്രിക്കറ്റ് സംവിധാനമാണെന്ന് ഇതിഹാസ താരം ജാവേദ് മിയാൻദാദ് അഭിപ്രായപ്പെട്ടു. സമ്മർദ്ദഘട്ടങ്ങളിൽ പതറാതെ കളിക്കാൻ ഇന്ത്യൻ താരങ്ങളെ പ്രാപ്തരാക്കുന്നത് തുടർച്ചയായി ഫൈനലുകളിൽ കളിച്ചു ലഭിക്കുന്ന പരിചയസമ്പത്താണെന്ന് റാഷിദ് ലത്തീഫും നിരീക്ഷിക്കുന്നു. എന്നാൽ മറുവശത്ത് പാകിസ്ഥാൻ ക്രിക്കറ്റ് വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സൂപ്പർ 8 ഘട്ടത്തിൽ തന്നെ പുറത്തായ ടീമിന് നേരെ പിസിബി കർശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്.
ലോകകപ്പിലെ മോശം പ്രകടനത്തെത്തുടർന്ന് ഓരോ താരത്തിനും 50 ലക്ഷം പാകിസ്ഥാൻ പിഴ ചുമത്തിയത് കായികലോകത്ത് വലിയ ചർച്ചയായി. എന്നാൽ ബോർഡിന്റെ ഈ നടപടിയെ ഷാഹിദ് അഫ്രീദി രൂക്ഷമായി വിമർശിച്ചു. കേവലം പിഴ ഈടാക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണെന്നും, ഫോമില്ലാത്ത കളിക്കാരെ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചയച്ച് കളി പഠിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ ഏഴ് പരിശീലകരെയും മൂന്ന് ക്യാപ്റ്റന്മാരെയും മാറ്റിയ പാകിസ്ഥാൻ ക്രിക്കറ്റിലെ അസ്ഥിരതയാണ് ഈ തകർച്ചയ്ക്ക് പ്രധാന കാരണമെന്ന് ക്രിക്കറ്റ് നിരീക്ഷകർ വിലയിരുത്തുന്നു.
The post ഗൂഢാലോചനയല്ല, ഇത് ആധിപത്യം! ഇന്ത്യയുടെ ലോകകപ്പ് വിജയത്തിൽ പാക് ക്രിക്കറ്റ് ലോകം രണ്ടായി പിളരുന്നു appeared first on Express Kerala.




