
ഗൾഫ് മേഖലയിൽ ഇറാൻ നടത്തുന്ന മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ കനത്ത ആശങ്ക പടർത്തുന്നു. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. മനാമയിലെ ജനവാസ മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടന്നത്. ഇതോടെ മേഖലയിലെ സംഘർഷം പുതിയ തലത്തിലേക്ക് നീങ്ങുകയാണ്.
ബഹ്‌റൈന് പിന്നാലെ സൗദി അറേബ്യയെ ലക്ഷ്യമിട്ടും ഇറാന്റെ ആക്രമണശ്രമമുണ്ടായി. അൽ-ഖർജ് ഗവർണറേറ്റിലേക്ക് എത്തിയ രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സൗദി പ്രതിരോധ സേന ആകാശത്തുവെച്ച് തന്നെ തകർത്തു. രാജ്യത്തിന്റെ കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടെത്തിയ മറ്റൊരു ബാലിസ്റ്റിക് മിസൈലും വിജയകരമായി പ്രതിരോധിച്ചതായാണ് വിവരം.
Also Read:യുഎഇയിൽ ഹെലികോപ്റ്റർ അപകടം; രണ്ട് സൈനികർ വീരമൃത്യു വരിച്ചു
ഇറാഖ് കുർദിസ്താനിലെ യുഎഇ കോൺസുലേറ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് ശക്തമായി അപലപിച്ചു. കുറ്റവാളികളെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് യുഎഇ ഇറാഖ് സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടാതെ, ഇറാനും യുഎസ്-ഇസ്രായേൽ സഖ്യവും തമ്മിൽ രണ്ടാഴ്ചയോളമായി തുടരുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻ പ്രതിനിധി വഴി യുഎഇ ആവശ്യപ്പെട്ടു.
നിലവിലെ സാഹചര്യം വിലയിരുത്താൻ യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും അടിയന്തര ചർച്ച നടത്തി. ഇറാന്റെ പ്രകോപനപരമായ നീക്കങ്ങളെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട നടപടികൾ നേതാക്കൾ ചർച്ച ചെയ്തു. മേഖലയിലെ സമാധാനം തകർക്കുന്ന നീക്കങ്ങളിൽ നിന്ന് ഇറാൻ പിന്മാറണമെന്നാണ് ഗൾഫ് രാഷ്ട്രങ്ങളുടെ പൊതുവായ ആവശ്യം.
The post ഗൾഫിൽ ഇറാന്റെ മിസൈൽ ആക്രമണം; ബഹ്‌റൈനിൽ ഒരു മരണം, സൗദിയിൽ ഡ്രോണുകൾ തകർത്തു appeared first on Express Kerala.




