
ഡൽഹി: സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറിലെ ക്യു.ആർ. കോഡ് സ്കാൻ ചെയ്ത വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ലഭിച്ചത് അപ്രതീക്ഷിത മ്യൂസിക് വീഡിയോ ലിങ്ക്. പരീക്ഷാ പേപ്പറിന്റെ സുരക്ഷയ്ക്കായി നൽകിയ കോഡ് വഴി പ്രശസ്ത പോപ്പ് ഗായകൻ റിക് ആസ്റ്റ്ലിയുടെ ‘Never Gonna Give You Up’ എന്ന ഗാനത്തിലേക്കാണ് വിദ്യാർത്ഥികൾ എത്തിയത്.
മാർച്ച് 9-ന് നടന്ന പന്ത്രണ്ടാം ക്ലാസ് മാത്തമാറ്റിക്സ് പരീക്ഷയിലാണ് ഈ വിചിത്ര സംഭവം. ഇന്റർനെറ്റിൽ മറ്റൊരാളെ കബളിപ്പിക്കാനായി തെറ്റായ ലിങ്കുകൾ നൽകുന്ന റിക് റോളിങ് എന്ന തമാശയാണ് ഇവിടെ ഔദ്യോഗിക ചോദ്യപേപ്പറിൽ കടന്നുകൂടിയത്. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികൾ ക്യു.ആർ. കോഡ് പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
Also Read: പ്രതിഷേധങ്ങൾക്ക് ശമനം; ജമ്മു കശ്മീരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു
ചോദ്യപേപ്പറുകളുടെ ആധികാരികത ഉറപ്പാക്കാൻ ഉപയോഗിക്കുന്ന കോഡിൽ ഇത്തരമൊരു പിഴവ് വന്നത് ഗൗരവകരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇത് സാങ്കേതിക പിഴവാണോ അതോ ആരെങ്കിലും ബോധപൂർവം ചെയ്തതാണോ എന്ന കാര്യത്തിൽ സി.ബി.എസ്.ഇ. അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
The post സി.ബി.എസ്.ഇ. ഗണിതപരീക്ഷാ പേപ്പറിൽ ‘റിക് റോളിങ്’; ക്യു.ആർ കോഡിൽ വൻ പിഴവ് appeared first on Express Kerala.




