
വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ജനനായകൻ’ റിലീസ് സംബന്ധിച്ച അനിശ്ചിതത്വങ്ങൾ തുടരുന്നു. ജനുവരി 9-ന് നിശ്ചയിച്ചിരുന്ന റിലീസ് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാലും നിയമതടസ്സങ്ങൾ കാരണവും നീണ്ടുപോവുകയായിരുന്നു. ഏറ്റവും ഒടുവിലായി സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിക്ക് മുൻപാകെ മാർച്ച് 9-ന് ചിത്രം പ്രദർശിപ്പിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും, കമ്മിറ്റി അംഗത്തിന് അപ്രതീക്ഷിതമായുണ്ടായ ആരോഗ്യപ്രശ്നങ്ങൾ കാരണം സ്ക്രീനിംഗ് വീണ്ടും മാറ്റിവെച്ചു. ഇതോടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച ആരാധകരുടെ കാത്തിരിപ്പ് വീണ്ടും നീളുകയാണ്.
സെൻസർ ബോർഡിനെതിരെ നൽകിയിരുന്ന ഹർജി പിൻവലിക്കാൻ നിർമ്മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് തീരുമാനിച്ചത് വലിയ വാർത്തയായിരുന്നു. കേസുമായി മുന്നോട്ടുപോകാൻ താൽപ്പര്യമില്ലെന്നും ചിത്രം റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടാമെന്നും നിർമ്മാതാക്കൾ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. നിയമപോരാട്ടത്തേക്കാൾ വേഗത്തിൽ ചിത്രം തിയേറ്ററുകളിൽ എത്തിക്കാനാണ് ഈ നീക്കത്തിലൂടെ അണിയറപ്രവർത്തകർ ലക്ഷ്യമിടുന്നത്. ഇതിനായി നിർമ്മാതാക്കളുടെ അഭിഭാഷകൻ ഹൈക്കോടതി രജിസ്ട്രിക്ക് ഔദ്യോഗികമായി കത്ത് നൽകുകയും ചെയ്തു.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമാണെന്ന പ്രത്യേകതയുമുണ്ട്. മലയാള താരം മമിത ബൈജുവിനൊപ്പം പൂജ ഹെഗ്‌ഡെ, ബോബി ഡിയോൾ, പ്രകാശ് രാജ്, പ്രിയാമണി തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. 1000 കോടി ക്ലബ്ബിൽ ഇടംപിടിച്ച് സിനിമാ രംഗത്തുനിന്ന് വിടവാങ്ങാൻ വിജയ്ക്ക് സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. എന്നാൽ സിനിമ എപ്പോൾ സ്ക്രീനിംഗിന് എത്തുമെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വരാത്തത് സിനിമാ ലോകത്ത് വലിയ ചർച്ചയാകുന്നുണ്ട്.
The post ‘ജനനായകൻ’ വീണ്ടും പ്രതിസന്ധിയിൽ; സിബിഎഫ്‌സി സ്ക്രീനിംഗ് മാറ്റിവെച്ചു appeared first on Express Kerala.




