
കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട ക്രിമിനൽ പശ്ചാത്തലമുള്ള യുവാവ്, വിലക്ക് ലംഘിച്ച് തിരിച്ചെത്തി വീണ്ടും വധശ്രമക്കേസിൽ പിടിയിലായി. തിരുവനന്തപുരം ഒറ്റൂർ വെട്ടിമൺകോണം സ്വദേശി അഭിജിത്ത് (27) ആണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്.
നിരന്തര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെത്തുടർന്ന് കഴിഞ്ഞ ജൂലൈ 16-നാണ് ഇയാളെ എട്ടു മാസത്തേക്ക് തിരുവനന്തപുരം ജില്ലയിൽ നിന്നും നാടുകടത്തിയത്. എന്നാൽ ഈ ഉത്തരവ് ലംഘിച്ച് രഹസ്യമായി തിരിച്ചെത്തിയ ഇയാൾ, കല്ലമ്പലം ജംഗ്ഷനിൽ വെച്ച് സ്വകാര്യ ബസ് ജീവനക്കാരനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.
കല്ലമ്പലം, കടയ്ക്കാവൂർ, വർക്കല തുടങ്ങിയ സ്റ്റേഷനുകളിലായി കൊലപാതകശ്രമം ഉൾപ്പെടെ എട്ടോളം കേസുകളിൽ ഇയാൾ പ്രതിയാണ്. കല്ലമ്പലം എസ്.എച്ച്.ഒ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കാപ്പ നിയമലംഘനത്തിനും വധശ്രമത്തിനും കേസെടുത്ത പോലീസ് ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
The post കാപ്പ ചുമത്തി നാടുകടത്തി; വിലക്ക് ലംഘിച്ച് തിരിച്ചെത്തി വധശ്രമം, കുപ്രസിദ്ധ ഗുണ്ട പിടിയിൽ appeared first on Express Kerala.



