
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയം കോൺഗ്രസിൽ പുതിയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. കെ.സി. വേണുഗോപാൽ നിയമസഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ തങ്ങൾക്കും അവസരം വേണമെന്ന ആവശ്യവുമായി അഞ്ച് എംപിമാർ കൂടി രംഗത്തെത്തി. ഇത് സംസ്ഥാന നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
കെ.സി. വേണുഗോപാലിന് പുറമെ കെ. സുധാകരൻ, അടൂർ പ്രകാശ് എന്നിവർ നേരത്തെ തന്നെ താല്പര്യം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ എന്നിവരും മത്സര സന്നദ്ധത അറിയിച്ച് രംഗത്തെത്തിയതോടെയാണ് വിഷയം സങ്കീർണ്ണമായത്. പാർലമെന്റ് അംഗങ്ങൾ നിയമസഭയിലേക്ക് മത്സരിക്കുന്നത് ശരിയായ കീഴ്വഴക്കമല്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വത്തിലെ ഭൂരിഭാഗം നേതാക്കളും.
Also Read: നാട്ടികയിൽ പോര് മുറുകുന്നു; എം.എൽ.എ സി.സി. മുകുന്ദനെ സി.പി.ഐ പുറത്താക്കി
എംപിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന കർശന നിലപാട് നേതൃത്വം ഹൈക്കമാൻഡിനെ അറിയിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിനുള്ള കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി ഇന്ന് വൈകുന്നേരം ഡൽഹിയിൽ ചേരും. ഏകദേശം 60 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ഇന്ന് അന്തിമമാക്കിയേക്കും. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ നിലവിലെ എംഎൽഎമാർ തന്നെ മത്സരിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ശുപാർശ. എംപിമാരുടെ കാര്യത്തിൽ ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം നിർണ്ണായകമാകും.
The post കെ.സി ഇറങ്ങിയാൽ ഞങ്ങളുമുണ്ട്; നിയമസഭയിലേക്ക് അഞ്ച് എംപിമാർ, ഉടക്കിട്ട് സംസ്ഥാന നേതൃത്വം appeared first on Express Kerala.



