
കോട്ടയം: മദ്യപിക്കാനുള്ള സമയം കഴിഞ്ഞെന്ന് അറിയിച്ച ബാർ ജീവനക്കാരനെ തോക്കെടുത്ത് വെടിവെച്ച് മദ്യപൻ. കോട്ടയം പുതുപ്പള്ളി കൈതേപ്പാലത്തെ ബാറിൽ തിങ്കളാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം നടന്നത്. ബാർ ജീവനക്കാരൻ അത്ഭുതകരമായാണ് വെടിയേൽക്കാതെ രക്ഷപ്പെട്ടത്.
ബാർ അടയ്ക്കാൻ സമയമായെന്നും ബില്ലടച്ച് പുറത്തുപോകണമെന്നും ജീവനക്കാരൻ ആവശ്യപ്പെട്ടതാണ് നാലംഗ സംഘത്തെ പ്രകോപിപ്പിച്ചത്. സംഘത്തിലെ രണ്ടുപേർ ചേർന്ന് ജീവനക്കാരനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തർക്കത്തിനിടെ സംഘത്തിലെ ഒരാൾ തോക്കുചൂണ്ടി വെടിയുതിർക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ തടയാൻ ശ്രമിച്ചെങ്കിലും അക്രമി പിന്മാറിയില്ല. എയർ പിസ്റ്റൾ ഉപയോഗിച്ചാണ് വെടിവെച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാറിലെ ജീവനക്കാരായ യുവതികളോട് സംഘം മോശമായി പെരുമാറിയതാണ് തർക്കത്തിന് തുടക്കമിട്ടതെന്നും ആരോപണമുണ്ട്. സംഭവത്തിന് ശേഷം സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ബാർ മാനേജ്‌മെന്റ് നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കി.
The post ‘സമയം കഴിഞ്ഞു, പുറത്തിറങ്ങണം’; മദ്യപിക്കാൻ സമ്മതിക്കാത്തതിന് ബാർ ജീവനക്കാരന് നേരെ വെടിയുതിർത്തു appeared first on Express Kerala.



