കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം; 8 ഡ്രോണുകൾ വെടിവെച്ചിട്ട് നാഷണൽ ഗാർഡ്

കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം; 8 ഡ്രോണുകൾ വെടിവെച്ചിട്ട് നാഷണൽ ഗാർഡ്

കുവൈത്തിലേക്ക് അതിക്രമിച്ചു കയറാൻ ശ്രമിച്ച എട്ട് ഡ്രോണുകൾ നാഷണൽ ഗാർഡിന്റെ ടാസ്‌ക് ഫോഴ്‌സ് വിജയകരമായി തകർത്തു. ബുധനാഴ്ച പുലർച്ചെയോടെ നടന്ന ഈ നീക്കം രാജ്യത്തെ പ്രധാന സ്ഥാപനങ്ങളുടെയും തന്ത്രപ്രധാനമായ ഇടങ്ങളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള കർശന നടപടികളുടെ ഭാഗമാണെന്ന് നാഷണൽ ഗാർഡ് വക്താവ് ബ്രിഗേഡിയർ ജനറൽ ഡോ. ജദ്ആൻ ഫദൽ ജദ്ആൻ അറിയിച്ചു. നിലവിലെ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ഏജൻസികൾ നൽകുന്ന നിർദ്ദേശങ്ങൾ ജനങ്ങൾ കൃത്യമായി പാലിക്കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ അഭ്യർത്ഥിച്ചു.

രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി നാഷണൽ ഗാർഡ്, പോലീസ്, കുവൈത്ത് ഫയർ ഫോഴ്സ് എന്നിവ സംയുക്തമായി അതീവ ജാഗ്രതയിലാണ് പ്രവർത്തിക്കുന്നത്. ഏതുവിധേനയുള്ള ഭീഷണികളെയും നേരിടാൻ സൈന്യം സജ്ജമാണെന്നും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി. വിദേശത്തുനിന്നുള്ള ഇത്തരം സൈനിക നീക്കങ്ങളെ പ്രതിരോധിക്കാൻ കുവൈത്ത് സായുധ സേനയുമായി ചേർന്ന് വിപുലമായ സുരക്ഷാ വലയമാണ് ഒരുക്കിയിരിക്കുന്നത്.

Also Read: ആണവ കരാറുകളിൽ നിന്ന് പിന്മാറാൻ ഇറാൻ; നിർണ്ണായക പ്രഖ്യാപനവുമായി മുജ്തബ ഖമേനി

See also  ശ്വേത മേനോനെതിരെയുള്ള ക്രിമിനൽ കേസ് റദ്ദാക്കി ഹൈക്കോടതി; നടപടി വ്യക്തിവൈരാഗ്യം മൂലമെന്ന് നിരീക്ഷണം

അതേസമയം, യുഎഇയിലും സമാനമായ ഡ്രോൺ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപം രണ്ട് ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതായി ദുബായ് മീഡിയ ഓഫീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റ ഇന്ത്യക്കാരന് സാരമായ പരിക്കുകളാണുള്ളത്. മറ്റുള്ളവർക്ക് നിസാര പരിക്കുകളാണെന്നും അധികൃതർ അറിയിച്ചു. എന്നാൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടില്ലെന്നും സർവീസുകൾ സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും അറിയിപ്പിൽ പറയുന്നു.

The post കുവൈത്തിന് നേരെ ഡ്രോൺ ആക്രമണം; 8 ഡ്രോണുകൾ വെടിവെച്ചിട്ട് നാഷണൽ ഗാർഡ് appeared first on Express Kerala.

Spread the love

New Report

Close