
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം തുടരുന്നതിനിടെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ ആഗോള എണ്ണ വിപണിയിൽ ബദൽ നീക്കങ്ങളുമായി സൗദി അരാംകോ. ചെങ്കടലിലെ യാൻബു തുറമുഖം വഴി എണ്ണ എത്തിക്കാനുള്ള ഈസ്റ്റ് വെസ്റ്റ് പൈപ്‌ലൈൻ പദ്ധതിയാണ് അരാംകോ സജീവമാക്കിയത്. അതേസമയം, ആഗോള ഇന്ധനക്ഷാമം മുന്നിൽക്കണ്ട് റഷ്യൻ എണ്ണയുടെ ഉപരോധത്തിൽ ട്രംപ് ഭരണകൂടം ഇളവുകൾ വരുത്തിയിട്ടുണ്ട്.
ഗൾഫ് മേഖലയിൽ തുടർച്ചയായ ആക്രമണങ്ങൾ
ഗൾഫ് രാജ്യങ്ങളിലെ എണ്ണ ശുദ്ധീകരണ ശാലകളും ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടുള്ള ഡ്രോൺ-മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. അബുദാബിയിലെ റുവൈസ് മേഖലയിലും കുവൈത്തിലും എത്തിയ മിസൈലുകൾ സൈന്യം വെടിവച്ചിട്ടു. സൗദിയിലെ അസ് സുൽഫി, അൽഖർജ് എന്നിവിടങ്ങളിൽ ഡ്രോൺ ആക്രമണത്തിൽ കെട്ടിടങ്ങൾ തകർന്നു. യുഎഇക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റ 122 പേരിൽ ഇന്ത്യക്കാരുമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇറാഖിലെ യുഎഇ കോൺസുലേറ്റിന് നേരെയും ഡ്രോൺ ആക്രമണശ്രമമുണ്ടായി.
Also Read:ഇറാനിയൻ നാവികരുടെ മൃതദേഹങ്ങൾ കൈമാറണം; ശ്രീലങ്കൻ കോടതിയുടെ ഉത്തരവ്
തുടർച്ചയായ ബോംബിങ്ങിൽ എണ്ണ സംഭരണശാലകൾ കത്തിയെരിഞ്ഞതിനെത്തുടർന്ന് ഇറാന്റെ വിവിധ ഭാഗങ്ങളിൽ ‘കരിമഴ’ പെയ്യുന്നത് വലിയ ആശങ്കയുണ്ടാക്കുന്നു. രാസവസ്തുക്കൾ കലർന്ന ആസിഡ് മഴയാണിതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
യുദ്ധസാഹചര്യത്തിൽ വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി വർധിച്ചത് പ്രവാസികളെ വലിയ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. മടക്കയാത്രയ്ക്ക് പോലും സാധിക്കാത്ത വിധം നിരക്ക് ഉയർന്നത് വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലിലൂടെ യുദ്ധം അവസാനിപ്പിക്കാൻ കഴിയുമെന്ന് യുഎഇ മുൻ സ്ഥാനപതി പ്രത്യാശ പ്രകടിപ്പിച്ചു.
The post പശ്ചിമേഷ്യൻ സംഘർഷം രൂക്ഷം! എണ്ണ വിതരണത്തിന് പുതിയ വഴി തേടി സൗദി appeared first on Express Kerala.



