
പാലക്കാട്: പാർട്ടിയിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ മുൻ എം.എൽ.എ പി.കെ. ശശിക്കെതിരെ രൂക്ഷമായ പരിഹാസവും വിമർശനവുമായി സി.പി.ഐ.എം നേതാക്കൾ. ശശിയെ പുറത്താക്കിയത് വലിയൊരു നേതാവിനെ പുറത്താക്കിയത് പോലെയല്ലെന്നും ഒരു ബ്രാഞ്ച് അംഗത്തെ മാത്രമാണ് മാറ്റിയതെന്നും സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ പറഞ്ഞു. ഉയർന്ന കമ്മിറ്റിയിൽ നിന്ന് താഴ്ന്ന കമ്മിറ്റിയിലേക്ക് വേഗത്തിൽ കൂപ്പുകുത്തുന്ന സാഹചര്യമാണ് ശശിയുടേതെന്നും അദ്ദേഹം പരിഹസിച്ചു.
അരനൂറ്റാണ്ടായിട്ടും തെറ്റ് തിരുത്താൻ തയ്യാറാകാത്തവർക്ക് ചേർന്ന സ്ഥലം കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല യു.ഡി.എഫാണെന്ന് വിജയരാഘവൻ പറഞ്ഞു. മണ്ണാർക്കാട് നിന്ന് മത്സരിച്ചാൽ ശശി ഇനി എം.എൽ.എ ആകില്ല. ശശി പോയാൽ ‘ശശിക്ക് പോയി’ എന്നല്ലാതെ പാർട്ടിക്ക് ഒരു ചുക്കും സംഭവിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:“വിളിക്കാത്തത് ചീപ്പ് നടപടി”; മന്ത്രി റിയാസിനെ ഒഴിവാക്കിയതിൽ പ്രധാനമന്ത്രിക്കെതിരെ കുഞ്ഞാലിക്കുട്ടി
സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ പി.കെ. ശശിക്കെതിരെ പാർട്ടി നിയമനടപടികൾ ആരംഭിച്ചു. കമ്മ്യൂണിസ്റ്റുകാരന് വേണ്ട യാതൊരു യോഗ്യതയുമില്ലാത്ത ഒരാളെ ഇത്രയും കാലം ചുമന്നു എന്ന തെറ്റാണ് പാർട്ടി ചെയ്തതെന്ന് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. ശശി എപ്പോഴെങ്കിലും നന്നാവുമെന്ന് കരുതിയെന്നും എന്നാൽ അതുണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. “സ്വന്തം കണ്ണിൽ കുന്തം കിടക്കുമ്പോൾ ആരാന്റെ കണ്ണിലെ കോലെടുക്കാൻ ശശി നോക്കേണ്ടതില്ല” എന്നും സുരേഷ് ബാബു ആഞ്ഞടിച്ചു.
ജില്ലാ സെക്രട്ടറിയെ അപമാനിക്കാൻ തെഹൽക്ക മാധ്യമത്തെ ഉപയോഗിച്ചുവെന്ന് ശശി പാർട്ടി യോഗത്തിൽ സമ്മതിച്ചതായും തനിക്ക് പറ്റാൻ പാടില്ലാത്ത തെറ്റാണ് പറ്റിയതെന്ന് ഏറ്റുപറഞ്ഞതായും സുരേഷ് ബാബു വെളിപ്പെടുത്തി.
The post പുറത്താക്കിയത് വലിയ നേതാവിനെയല്ല! ഒരു ബ്രാഞ്ച് അംഗത്തെ മാത്രം; പി.കെ. ശശിയെ പരിഹസിച്ച് എ. വിജയരാഘവൻ appeared first on Express Kerala.



