
ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് അധ്യക്ഷനുമായ ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രി സുരീന്ദർ ചൗധരിക്കും നേരെ ബുധനാഴ്ച വൈകുന്നേരം വെടിവെപ്പുണ്ടായി. ജമ്മു ഗ്രേറ്റർ കൈലാഷ് മേഖലയിലെ റോയൽ പാർക്കിൽ വെച്ച് നടന്ന ഈ ആക്രമണത്തിൽ നിന്ന് ഇരുവരും പരിക്കുകൾ ഏൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. പാർട്ടി നേതാവ് ബി.എസ്. ചൗഹാന്റെ മകന്റെ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുന്നതിനിടെയാണ് നേതാക്കൾക്ക് നേരെ ആക്രമണം ഉണ്ടായത്.
വിവാഹവേദിക്ക് പുറത്ത് കാത്തുനിന്ന അക്രമി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെ വെടിയുതിർക്കാൻ ശ്രമിച്ചെങ്കിലും, സ്ഥലത്തുണ്ടായിരുന്ന പോലീസ് ഇൻസ്പെക്ടറും സബ് ഇൻസ്പെക്ടറും ചേർന്ന് തക്കസമയത്ത് ഇയാളെ ബലംപ്രയോഗിച്ച് കീഴടക്കുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് അറസ്റ്റിലായ കമൽ സിങ് ജംവാൾ എന്ന എഴുപതുകാരന്റെ കൈവശമുണ്ടായിരുന്ന തോക്കും പോലീസ് പിടിച്ചെടുത്തു. ഇയാൾ സംഭവസമയത്ത് മദ്യലഹരിയിലായിരുന്നെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
ആക്രമണത്തെ ശക്തമായി അപലപിച്ച കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള തന്റെ പിതാവിന്റെ സുരക്ഷാ സന്നാഹങ്ങളിലെ ഗുരുതരമായ വീഴ്ചയിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. വലിയൊരു അപകടത്തിൽ നിന്നാണ് തന്റെ പിതാവ് രക്ഷപ്പെട്ടതെന്നും ദൈവം കരുണയുള്ളവനാണെന്നും അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ കുറിച്ചു. നിറതോക്കുമായി ഒരാൾക്ക് അദ്ദേഹത്തിന്റെ അടുത്തു വരെ എത്താൻ സാധിച്ചു എന്നത് സുരക്ഷാ സംവിധാനങ്ങളുടെ പരാജയമാണെന്ന് ഒമർ ചൂണ്ടിക്കാട്ടി. ഇസഡ് പ്ലസ് എൻഎസ്ജി സുരക്ഷയുള്ള ഒരു മുൻ മുഖ്യമന്ത്രിയുടെ തൊട്ടടുത്തെത്തി വെടിയുതിർക്കാൻ അക്രമിക്ക് എങ്ങനെ കഴിഞ്ഞു എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണെന്നും, സുരക്ഷാ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ദുരന്തം ഒഴിവായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്കും ഉപമുഖ്യമന്ത്രിക്കും നേരെ വധശ്രമം; അക്രമി പിടിയിൽ appeared first on Express Kerala.



