
താനൊരു ഡയറക്ടേഴ്‌സ് ആക്ടർ ആണെന്നും സംവിധായകരോട് എതിർപ്പ് പ്രകടിപ്പിക്കാനോ വഴക്കുണ്ടാക്കാനോ പോകാറില്ലെന്നും മോഹൻലാൽ വ്യക്തമാക്കി. മൈ ഗവൺമെന്റ് പോഡ്‌കാസ്റ്റിലായിരുന്നു താരത്തിന്റെ ഈ തുറന്നുപറച്ചിൽ. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് തിരക്കഥാ ഘട്ടത്തിൽ തന്നെ ചർച്ച ചെയ്യണമെന്നാണ് തന്റെ നിലപാടെന്നും, സിനിമ ചിത്രീകരണം തുടങ്ങിയാൽ ചില മാറ്റങ്ങൾ സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു. ചില മാറ്റങ്ങൾക്ക് സംവിധായകർക്ക് കൃത്യമായ വിശദീകരണം നൽകാൻ കഴിഞ്ഞില്ലെങ്കിലും അവരോടൊപ്പം സഹകരിച്ച് മുന്നോട്ട് പോകാനാണ് താൻ ഇഷ്ടപ്പെടുന്നതെന്നും താരം കൂട്ടിച്ചേർത്തു.
മമ്മൂട്ടി-മോഹൻലാൽ കൂട്ടുക്കെട്ടിന്റെ തിരിച്ചുവരവ്
ഏകദേശം പത്തൊൻപത് വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ‘പേട്രിയറ്റ്’ എന്ന ചിത്രത്തിനായുള്ള ആവേശത്തിലാണ് ആരാധകർ. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഏപ്രിൽ 23-ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ചിത്രത്തിന് സുഷിൻ ശ്യാം ആണ് സംഗീതം ഒരുക്കുന്നത്. മലയാള സിനിമയിലെ രണ്ട് ഇതിഹാസങ്ങൾ വീണ്ടും സ്ക്രീനിൽ ഒന്നിക്കുന്നത് സിനിമാ ലോകത്ത് വലിയ ചർച്ചയായിട്ടുണ്ട്.
Also Read: ‘കുട്ടിക്കാലത്ത് ഞാൻ ഇരയായിട്ടുണ്ട്, ആ ഭയം ഇപ്പോഴുമുണ്ട്’; മനസ്സുതുറന്ന് ടിനി ടോം
വരാനിരിക്കുന്ന വമ്പൻ പ്രോജക്റ്റുകൾ
ജിത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പിറക്കുന്ന ‘ദൃശ്യം 3’ ഏപ്രിൽ രണ്ടിന് തിയേറ്ററുകളിൽ എത്തും. ഇതിന് പുറമെ, തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന L366 എന്ന ചിത്രത്തിന്റെ ജോലികളും പുരോഗമിക്കുകയാണ്. പതിമൂന്ന് വർഷത്തിന് ശേഷം മീര ജാസ്മിൻ മോഹൻലാലിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഈ വർഷം പകുതിയോടെ ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തുടർച്ചയായ ഹിറ്റുകളിലൂടെ ബോക്സ് ഓഫീസ് പിടിച്ചടക്കാനൊരുങ്ങുകയാണ് മോഹൻലാൽ.
The post “ഞാനൊരു ഡയറക്ടേഴ്‌സ് ആക്ടറാണ്”; സംവിധായകരുമായുള്ള ബന്ധത്തെക്കുറിച്ച് മോഹൻലാൽ appeared first on Express Kerala.



