
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വടകരയിൽ കോൺഗ്രസിനുള്ളിൽ പോസ്റ്റർ യുദ്ധം മുറുകുന്നു. മുൻ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ അനുകൂലിച്ചും പ്രതികൂലിച്ചും വിവിധ ഇടങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മുല്ലപ്പള്ളിയെ അപമാനിക്കുന്ന ‘പവർ ഗ്രൂപ്പ് രാഷ്ട്രീയം’ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി വടകര പഴയ സ്റ്റാൻഡ് പരിസരത്താണ് യൂത്ത് കോൺഗ്രസിന്റെ പേരിൽ അനുകൂല പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.
മുല്ലപ്പള്ളിയെ തഴയാൻ ശ്രമിക്കുന്ന പാർട്ടി നേതാക്കളെ തിരിച്ചറിയണമെന്ന് പോസ്റ്ററുകൾ ആഹ്വാനം ചെയ്യുന്നു. വടകര പാർലമെന്റ് കാര്യങ്ങളിൽ കോഴിക്കോട് എംപി ഇടപെടുന്നതിനെതിരെയും പോസ്റ്ററുകളിൽ രൂക്ഷമായ വിമർശനമുണ്ട്. ബിജെപി, സിപിഎം നേതാക്കളുമായി ചില കോൺഗ്രസ് നേതാക്കൾ അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കുന്നുവെന്നും ആരോപണമുയരുന്നു.
Also Read: അമ്പലപ്പുഴയിൽ ‘വി.എസ്’ തന്ത്രം; സുധാകരനെ തളയ്ക്കാൻ വി.എ അരുൺകുമാറിനെ ഇറക്കാൻ സി.പി.ഐ.എം?
അതേസമയം, മുല്ലപ്പള്ളി നാദാപുരത്ത് മത്സരിക്കുന്നതിനെതിരെ സേവ് കോൺഗ്രസ് എന്ന പേരിൽ നേരത്തെ പോസ്റ്ററുകൾ വന്നിരുന്നു. മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ നിലംതൊടാതെ തോപ്പിക്കും എന്ന മുന്നറിയിപ്പാണ് ലീഗ് കേന്ദ്രമായ നാദാപുരത്ത് ഉയർന്നത്. ഏഴ് തവണ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീർന്നില്ലേ എന്നാണ് എതിർക്കുന്നവരുടെ ചോദ്യം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ഉത്തരവാദിയായ മുല്ലപ്പള്ളി വിശ്രമജീവിതം നയിക്കണമെന്നും ഈ പോസ്റ്ററുകൾ ആവശ്യപ്പെടുന്നു.
The post കോൺഗ്രസിൽ പോര് മുറുകുന്നു; മുല്ലപ്പള്ളിയെ അപമാനിക്കുന്നവരെ തിരിച്ചറിയണമെന്ന് വടകരയിൽ പോസ്റ്ററുകൾ appeared first on Express Kerala.



