
തൃശ്ശൂർ: പ്രധാനമന്ത്രി പങ്കെടുത്ത ദേശീയപാത 66-ന്റെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്ന വിവാദത്തിൽ മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഉദ്ഘാടനത്തെക്കുറിച്ച് സംസ്ഥാന സർക്കാരിനെ മുൻകൂട്ടി അറിയിച്ചിരുന്നുവെന്നും ആരെയൊക്കെ ക്ഷണിക്കണമെന്ന് സർക്കാർ വ്യക്തമാക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രഫണ്ട് ഉപയോഗിച്ച് തന്റെ മണ്ഡലത്തിൽ നടത്തുന്ന പദ്ധതികളുടെ ഉദ്ഘാടനം പോലും തന്നെ അറിയിക്കാറില്ല, അങ്ങനെയെങ്കിൽ താൻ എത്ര സമാന്തര ഉദ്ഘാടനങ്ങൾ നടത്തേണ്ടി വരുമെന്ന് അദ്ദേഹം ചോദിച്ചു. സി.പി.ഐ.എമ്മിന് രാഷ്ട്രീയ വിവാദങ്ങൾ ആവശ്യമാണെന്നും ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രചാരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ.എം വിട്ട് സ്വതന്ത്രനായി മത്സരിക്കാനൊരുങ്ങുന്ന ജി. സുധാകരനുമായി താൻ നിരന്തരം ഫോണിൽ ബന്ധപ്പെടാറുണ്ട്. സുധാകരന് അർഹിക്കാത്ത വേദനകൾ പാർട്ടി അടിച്ചേൽപ്പിക്കുന്നു എന്ന് തോന്നുമ്പോഴെല്ലാം അദ്ദേഹത്തെ വിളിക്കാറുണ്ട്. എന്നാൽ അദ്ദേഹത്തിന് ബി.ജെ.പി പിന്തുണ നൽകണമെന്ന് പാർട്ടിയോട് ആവശ്യപ്പെടാൻ തനിക്ക് കഴിയില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
രാജ്യത്തെ പാചകവാതക ക്ഷാമം പരിഹരിക്കാൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ശ്രമങ്ങൾ നടക്കുന്നുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ് മുൻഗണന. ഹോട്ടലുകൾ അടച്ചിടേണ്ടി വന്നാലും അത് ഉടൻ തുറപ്പിക്കാനുള്ള നടപടികളുണ്ടാകും. പ്രശ്നം പരിഹരിക്കുന്നത് വരെ ജനങ്ങൾ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും കൊവിഡ് കാലത്തിന് സമാനമായ സാഹചര്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയപ്പോൾ കേന്ദ്രമന്ത്രിയായ തന്നോട് പോലും നാല് സ്ഥലങ്ങളിൽ ആധാർ കാർഡ് ചോദിച്ചുവെന്നും ദേഹപരിശോധന നടത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി.
The post ഉദ്ഘാടനത്തിന് വിളിക്കേണ്ടവരുടെ പട്ടിക സർക്കാർ നൽകണമായിരുന്നു; മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതിൽ സുരേഷ് ഗോപി appeared first on Express Kerala.



