
മിസൈലുകൾ പെയ്യുന്നതിനും എത്രയോ മുമ്പ് തന്നെ, അത്യാധുനിക ആണവായുധങ്ങൾ സ്വന്തമാക്കി ഇറാൻ തങ്ങളുടെ പ്രതിരോധം ശക്തമാക്കിയിരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഇപ്പോൾ പുറത്തുവരികയാണ്. പശ്ചിമേഷ്യൻ മണ്ണിൽ അമേരിക്കയും ഇസ്രയേലും ആക്രമണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് തന്നെ ഇറാൻ തങ്ങളുടെ ആദ്യ ആണവായുധം പൂർത്തിയാക്കിയിരുന്നുവെന്ന ട്രംപിന്റെ മുൻ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടന്റെ മുന്നറിയിപ്പ് ഒരു രാഷ്ട്രീയ ബോംബായാണ് അമേരിക്കയിൽ പതിച്ചിരിക്കുന്നത്. അമേരിക്കയും സഖ്യകക്ഷികളും തങ്ങൾക്കെതിരെ ആക്രമണത്തിന് പദ്ധതിയിടും മുമ്പ് തന്നെ, ലോകം അറിയാതെ ഇറാൻ തങ്ങളുടെ ആദ്യ ആണവായുധം പൂർത്തിയാക്കിയിരുന്നുവെന്ന വസ്‌തുത ഇറാന്റെ അതിശക്തമായ തന്ത്രപരമായ വിജയമാണ് ഒരു വിഭാഗം നിരീക്ഷകർ കാണുന്നത്. ഉപരോധങ്ങളുടെ ചങ്ങലകളെ തകർത്തെറിഞ്ഞ്, ഉത്തര കൊറിയൻ സാങ്കേതിക വിദ്യയുടെ കരുത്തിൽ ശത്രുക്കളുടെ കണ്ണിൽ പൊടിയിട്ട് ഇറാൻ പടുത്തുയർത്തിയ ഈ ആണവ കോട്ട പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങളെ എന്നെന്നേക്കുമായി തിരുത്തിക്കുറിച്ചിരിക്കുന്നു.
72 മണിക്കൂറിനുള്ളിൽ ഉത്തരകൊറിയയിൽ നിന്ന് റഷ്യൻ ആകാശപാത വഴി ആണവായുധങ്ങൾ രാജ്യതലസ്ഥാനമായ ടെഹ്‌റാനിലെത്തിക്കാൻ ഇറാൻ കാണിച്ച ചടുലത, അമേരിക്കൻ ഇന്റലിജൻസിന്റെ പരാജയത്തെ കൂടിയാണ് എടുത്തകാണിക്കുന്നതെന്ന് ഒരുവിഭാഗം നിരീക്ഷകർ പറയുന്നു. തങ്ങളുടെ പരമാധികാരത്തിന് നേരെ വരുന്ന ഏത് ശക്തിയെയും ചാരമാക്കാൻ ശേഷിയുള്ള ഒരു വൻശക്തിയായി ഇറാൻ മാറിയെന്ന ഔദ്യോഗിക കുറ്റസമ്മതമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ കാണുന്നത്. ഈ തുറന്ന് പറിച്ചിലിൽ നിന്ന് ഒരു കാര്യം വളരെ വ്യക്തമാണ് പശ്ചിമേഷ്യൻ മണ്ണിൽ ഇനി കളി മാറുകയാണ് എന്നത്!
അമേരിക്കയുടെയും സഖ്യകക്ഷികളുടെയും ഉപരോധങ്ങളെയും ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളെയും തകർത്തുകൊണ്ട് ഇറാൻ ലോകവേദിയിൽ കൂടുതൽ ശക്തരാവുകയാണ്. ചൈന, റഷ്യ, ഉത്തര കൊറിയ തുടങ്ങിയ വൻശക്തികളുമായി ഇറാൻ കെട്ടിപ്പടുത്ത തന്ത്രപരമായ സൗഹൃദം അമേരിക്കൻ ഭരണകൂടത്തെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്. “ഇറാൻ-ഉത്തര കൊറിയ ബന്ധം നിസ്സാരമായി കാണരുത്” എന്ന ജോൺ ബോൾട്ടന്റെ മുന്നറിയിപ്പ് സത്യത്തിൽ ഇറാന്റെ നയതന്ത്ര വിജയത്തിനുള്ള തെളിവാണ്. “ഇപ്പോൾ രൂപപ്പെടുന്ന ചൈന-റഷ്യ അച്ചുതണ്ടിൽ, ഇറാനും ഉത്തര കൊറിയയും രണ്ട് അതിരുകടന്ന ശക്തികളാണ്, അതിനാൽ അവ തമ്മിലുള്ള സഹകരണം വളരെ ഭീഷണിയാണ്,” അദ്ദേഹം മാധ്യമങ്ങളോട് തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. പ്രശസ്ത അന്താരാഷ്ട്ര മാധ്യമമായ WION ആണ് ഇറാന്റെ ഈ തന്ത്രപരമായ മുന്നേറ്റങ്ങളെക്കുറിച്ചും പുതിയ ആഗോള സഖ്യങ്ങളെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവിട്ടത്.
Also Read: നാല് രാജ്യങ്ങൾ, ലക്ഷ്യം ഒരൊറ്റ ശത്രു; ആരാണ് അമേരിക്കയെ വിറപ്പിക്കുന്ന ‘CRINK’ സഖ്യം!
തങ്ങളെ തകർക്കാൻ ശ്രമിക്കുന്ന പാശ്ചാത്യ അച്ചുതണ്ടിന് ബദലായി ഒരു പുതിയ ആഗോള സമവാക്യം രൂപപ്പെടുത്താൻ ഇറാന് സാധിച്ചിരിക്കുന്നു. ചൈനയും റഷ്യയും ഉൾപ്പെടുന്ന ഈ പുതിയ ശക്തിസേനാ സഖ്യത്തിൽ ഇറാന്റെ സ്ഥാനം നിർണ്ണായകമാണ്. അമേരിക്കൻ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ ശേഷിയുള്ള ഒരു വൻശക്തിയായി ഇറാൻ മാറിയിരിക്കുന്നു എന്നതാണ് വാഷിംഗ്ടണിൽ നിന്നുള്ള ഈ വിലാപങ്ങൾക്ക് പിന്നിലെ യഥാർത്ഥ കാരണം.
തങ്ങളുടെ ആണവ പദ്ധതികൾ സമാധാനപരമായ ആവശ്യങ്ങൾക്കും രാജ്യത്തിന്റെ ഊർജ്ജ സ്വയംപര്യാപ്തതയ്ക്കും വേണ്ടിയുള്ളതാണെന്ന് ഇറാൻ ലോകത്തിന് മുന്നിൽ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ആണവോർജ ഏജൻസിയുമായി (IAEA) പൂർണ്ണമായി സഹകരിക്കുമ്പോഴും, രാജ്യത്തിന്റെ പരമാധികാരത്തിന് നേരെ വരുന്ന ഏത് ഭീഷണിയെയും നേരിടാൻ ഇറാൻ സജ്ജമാണ്. ശത്രുക്കളുടെ വ്യാജ ആരോപണങ്ങളെ തള്ളിക്കളഞ്ഞ്, സ്വന്തം മണ്ണിൽ വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം തീർക്കുകയാണ് ഇറാൻ.
കഴിഞ്ഞ വർഷം ഇറാനിലെ പ്രധാന ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങളായ ഫോർഡോ, നതാൻസ്, ഇസ്ഫഹാൻ എന്നിവയെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ആക്രമണങ്ങൾ ഈ സംഘർഷത്തെ കൂടുതൽ രൂക്ഷമാക്കി. ഈ ആക്രമണങ്ങൾ ഇറാന്റെ ആണവ പദ്ധതിയെ പിന്നോട്ടടിപ്പിച്ചുവെന്ന് അമേരിക്ക അവകാശപ്പെട്ടുവെങ്കിലും, അതിലൂടെ പ്രദേശത്ത് സ്ഥിരത ഉണ്ടാക്കിയില്ലെന്നാണ് പല വിദഗ്ധരും വിലയിരുത്തുന്നത്. മറിച്ച്, ഇറാനെതിരായ തുടർച്ചയായ സൈനിക സമ്മർദ്ദം പശ്ചിമേഷ്യയിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യം കൂടുതൽ അസ്ഥിരമാക്കുകയാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഇറാനിലെ ആഭ്യന്തര രാഷ്ട്രീയ സാഹചര്യവും പുതിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്. അയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പിന്നാലെ അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നു. പാശ്ചാത്യ മാധ്യമങ്ങൾ അദ്ദേഹത്തെ “കഠിനവാദി” എന്ന് വിശേഷിപ്പിച്ചെങ്കിലും, ഇറാനിയൻ ഭരണകൂട വൃത്തങ്ങൾ ഇത് രാജ്യത്തിന്റെ ഭരണഘടനാപരമായ സംവിധാനത്തിനുള്ളിൽ നടക്കുന്ന അധികാര കൈമാറ്റമാണെന്ന് വ്യക്തമാക്കുന്നു. വിദേശ സമ്മർദ്ദങ്ങളും സൈനിക ഭീഷണികളും നേരിടുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യവും ഭരണാധികാരവും സംരക്ഷിക്കുകയാണ് പ്രധാന ലക്ഷ്യമെന്ന് ഇറാന്റെ നിലപാട് വ്യക്തമാക്കുന്നു.
ഇതിനിടെ ലോകശ്രദ്ധ നേടുന്നത് ഹോർമുസ് കടലിടുക്കിലെ സംഘർഷമാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണവ്യാപാര പാതകളിലൊന്നായ ഈ കടലിടുക്കിൽ സുരക്ഷാ ഭീഷണി ഉയരുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ആശങ്കയുണ്ടാക്കുകയാണ്. ഇറാൻ ജലപാത അടയ്ക്കുമെന്ന മുന്നറിയിപ്പ് നൽകിയതോടെ അന്താരാഷ്ട്ര വ്യാപാര മേഖലയിലും ആശങ്ക വർധിച്ചു. എന്നാൽ ഇറാന്റെ വാദം, രാജ്യത്തിനെതിരെ തുടർച്ചയായി നടക്കുന്ന സൈനിക ആക്രമണങ്ങളും സമ്മർദ്ദങ്ങളും നേരിടുമ്പോൾ സ്വന്തം സുരക്ഷയും താൽപര്യങ്ങളും സംരക്ഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്നാണ്.
ഇതെല്ലാം കൂടി നോക്കുമ്പോൾ പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധി ഒരു സാധാരണ സൈനിക ഏറ്റുമുട്ടൽ മാത്രമല്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു. മറിച്ച്, ആഗോള ശക്തികൾ തമ്മിലുള്ള വലിയ ഭൗമരാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത് മാറിക്കൊണ്ടിരിക്കുന്നത്. ഇറാനെതിരായ ആരോപണങ്ങളും സൈനിക നടപടികളും പ്രദേശത്ത് സമാധാനം കൊണ്ടുവരുന്നതിനേക്കാൾ കൂടുതൽ അസ്ഥിരത സൃഷ്ടിക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ യുദ്ധത്തിനേക്കാൾ നയതന്ത്രപരമായ ചർച്ചകളും അന്താരാഷ്ട്ര ഇടപെടലുകളും മുഖേന പ്രശ്നങ്ങൾ പരിഹരിക്കേണ്ടത് അനിവാര്യമാണെന്നതാണ് പല രാജ്യങ്ങളുടെയും നിലപാട്.
വീഡിയോ കാണാം…
The post ഉത്തര കൊറിയൻ സാങ്കേതിക വിദ്യ, റഷ്യൻ പിന്തുണ! 72 മണിക്കൂറിൽ ഇറാനിലേക്ക് പറന്നെത്തിയ ആണവക്കരുത്ത്; ഈ ആണവക്കോട്ട തകർക്കാൻ ഇനി ആർക്ക് കഴിയും? appeared first on Express Kerala.



