
ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സഹതാരങ്ങൾക്കൊപ്പം കപ്പുയർത്തുന്ന ചിത്രം പങ്കുവെച്ച ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനം. ടീം അംഗങ്ങളെല്ലാം ഒപ്പമുള്ള ചിത്രം ഗിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചെങ്കിലും, ലോകകപ്പിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട സഞ്ജു സാംസണും റിങ്കു സിങ്ങും ചിത്രത്തിൽ പിന്നിലായിപ്പോയതാണ് ആരാധകരെ ചൊടിപ്പിച്ചത്. എല്ലാ താരങ്ങളുടെയും മുഖം വ്യക്തമായി കാണുന്ന നിരവധി ചിത്രങ്ങൾ ലഭ്യമായിട്ടും, സഞ്ജുവിന്റെയും റിങ്കുവിന്റെയും മുഖം മറഞ്ഞ ഫോട്ടോ തന്നെ പങ്കുവെച്ചത് ബോധപൂർവമാണെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം.
നേരത്തെ ടി20 ടീമിലെ ഓപ്പണർ സ്ഥാനത്തിനായി ഗില്ലും സഞ്ജുവും തമ്മിൽ കടുത്ത മത്സരം നിലനിന്നിരുന്നു. കഴിഞ്ഞ വർഷം സഞ്ജുവിനെ മാറ്റി ഓപ്പണറായി ഇറങ്ങിയ ഗില്ലിന് തിളങ്ങാനാവാതെ വന്നതോടെയാണ് ലോകകപ്പിന് തൊട്ടുമുമ്പ് സഞ്ജുവിനെ വീണ്ടും ഓപ്പണർ സ്ഥാനത്തേക്ക് തിരികെ വിളിച്ചത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളിൽ അവസരം ലഭിച്ചില്ലെങ്കിലും സൂപ്പർ 8 മുതൽ ടീമിലെത്തിയ സഞ്ജു, തുടർച്ചയായ മൂന്ന് അർധസെഞ്ചുറികളുമായി ഇന്ത്യയുടെ കിരീടനേട്ടത്തിൽ നിർണ്ണായക പങ്കുവഹിക്കുകയും ടൂർണമെന്റിലെ മികച്ച താരമായി മാറുകയും ചെയ്തിരുന്നു.
Also Read: ലോകകിരീടത്തിന് പിന്നാലെ മത്സരപ്പെരുമഴ; ടീം ഇന്ത്യയെ കാത്തിരിക്കുന്നത് തിരക്കേറിയ ക്രിക്കറ്റ് സീസൺ
ഗില്ലിന്റെ പോസ്റ്റിന് താഴെ സഞ്ജു ആരാധകരുടെ കമന്റുകൾ നിറഞ്ഞതോടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്. എന്നാൽ ഗിൽ ഇത് ബോധപൂർവം ചെയ്തതല്ലെന്നും ആഘോഷത്തിനിടയിലെ ഒരു ചിത്രം സാധാരണ നിലയിൽ പങ്കുവെച്ചതാകാമെന്നും മറുഭാഗം വാദിക്കുന്നു. സഞ്ജു ആ ചിത്രത്തിന്റെ ഒരു ഭാഗത്ത് ഉണ്ടല്ലോ എന്നും അവർ ചൂണ്ടിക്കാട്ടുന്നു. എങ്കിലും, മുൻപ് ടീമിലെ സ്ഥാനത്തെ ചൊല്ലിയുണ്ടായിരുന്ന തർക്കങ്ങളുടെ പശ്ചാത്തലത്തിൽ ഗില്ലിന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റ് പുതിയൊരു വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
The post ഗില്ലിന്റെ പോസ്റ്റിൽ ‘സഞ്ജു’ എവിടെ? ചിത്രം പങ്കുവെച്ചതിന് പിന്നാലെ ശുഭ്മാൻ ഗില്ലിനെതിരെ ആരാധകരോഷം appeared first on Express Kerala.



