
ഇറാന്റെ പരമോന്നത നേതാവായി ചുമതലയേറ്റ ശേഷം രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് തൊട്ടുപിന്നാലെ മുജ്തബ ഖമേനി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഔദ്യോഗികമായി ചേർന്നതായി റിപ്പോർട്ട്. ‘@Rahbarenghelab_’ എന്ന പേരിൽ ആരംഭിച്ച അക്കൗണ്ടിന് ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ തന്നെ മുപ്പത്തയ്യായിരത്തോളം ഫോളോവേഴ്‌സിനെ ലഭിച്ചു. “ഇസ്‌ലാമിക വിപ്ലവത്തിന്റെ നേതാവ്” എന്ന് അർത്ഥം വരുന്ന പേർഷ്യൻ ഭാഷയിലുള്ള ഉപയോക്തൃനാമമാണ് അക്കൗണ്ടിനായി നൽകിയിരിക്കുന്നത്. ലക്ഷ്യങ്ങൾ കൈവരിക്കാൻ പൂർണ്ണശക്തിയോടെ പോരാടുമെന്ന പ്രതിജ്ഞയടക്കം ഇരുപതിലധികം പോസ്റ്റുകൾ ഇതിനോടകം അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
വ്യോമാക്രമണത്തിൽ പിതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടപ്പോൾ മുജ്തബയ്ക്കും പരിക്കേറ്റതായി അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. എന്നാൽ, തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ തള്ളിക്കളയുന്ന പ്രസ്താവനയാണ് അദ്ദേഹം പുറത്തുവിട്ടത്. രാജ്യം ഒരു സമ്മർദ്ദത്തിനും വഴങ്ങില്ലെന്നും ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇറാന്റെ ഈ നിലപാട് ആഗോള വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളർ വരെ ഉയരാൻ കാരണമായിട്ടുണ്ട്.
മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ച് കടുത്ത മുന്നറിയിപ്പാണ് മൊജ്തബ നൽകിയിരിക്കുന്നത്. മിഡിൽ ഈസ്റ്റിലെ എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും ഉടൻ അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം കനത്ത ആക്രമണങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. അയൽരാജ്യങ്ങളുമായി സൗഹൃദം ആഗ്രഹിക്കുന്നുണ്ടെങ്കിലും അമേരിക്കൻ സാന്നിധ്യത്തോടുള്ള എതിർപ്പ് തുടരുമെന്നും, രാജ്യത്തെ സംരക്ഷിക്കുന്ന സൈന്യത്തിന് നന്ദി പറയുന്നതായും സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ട പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി.
The post ഇറാന്റെ പുതിയ പരമോന്നത നേതാവ് ഇനി ‘എക്സി’ലും; മിനിറ്റുകൾക്കുള്ളിൽ മുജ്തബക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സ് appeared first on Express Kerala.



