
പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നുണ്ടായ ഇന്ധനക്ഷാമം സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സംസ്ഥാനത്ത് പാചകവാതക വിതരണം താറുമാറായ സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിന്റെ വീഴ്ചകൾക്കെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരത്ത് പ്രതിഷേധ ധർണ സംഘടിപ്പിക്കും. ജിപിഒയ്ക്ക് മുന്നിൽ നടക്കുന്ന പ്രതിഷേധം എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിന്റെ വിദേശനയങ്ങളും വിതരണ ശൃംഖലയിലെ പാളിച്ചകളുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്ന് എൽഡിഎഫ് ആരോപിക്കുന്നു.
വാണിജ്യ സിലിണ്ടറുകളുടെ വിതരണം പൂർണ്ണമായും നിലച്ചതും ഗാർഹിക സിലിണ്ടറുകൾക്ക് കടുത്ത ക്ഷാമം നേരിടുന്നതും വിപണിയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ ജില്ലകളിലെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് എൽഡിഎഫ് പ്രതിഷേധം വ്യാപിപ്പിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ നീക്കങ്ങളും കേന്ദ്രത്തിന്റെ നിസ്സംഗതയുമാണ് ഇന്ധന വിപണിയിൽ പെട്ടെന്നുണ്ടായ ഈ തളർച്ചയ്ക്ക് പിന്നിലെന്നാണ് ഉയരുന്ന പ്രധാന വിമർശനം.
Also Read: വയോധികയെ കടിച്ചുകൊന്ന തെരുവുനായയെ പിടികൂടി; നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന് പരിശോധിക്കും
അതേസമയം, പാചകവാതക ക്ഷാമം മറികടക്കാൻ സംസ്ഥാന സർക്കാർ അടിയന്തര ഇടപെടൽ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഗാർഹികേതര സിലിണ്ടറുകളുടെ വിതരണം ക്രമീകരിക്കാൻ തീരുമാനമായി. കരിഞ്ചന്തയും പൂഴ്ത്തിവെയ്പ്പും തടയുന്നതിനായി പ്രത്യേക എൻഫോഴ്സ്മെന്റ് ടീമിനെ നിയോഗിക്കും. മുൻഗണനാ ക്രമമനുസരിച്ച് ഗ്യാസ് വിതരണം ഉറപ്പാക്കാനും സർക്കാർ ഏജൻസികൾക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
The post പാചകവാതക പ്രതിസന്ധി! സംസ്ഥാനത്ത് എൽഡിഎഫ് പ്രതിഷേധം ഇന്ന്; പരിഹാര നടപടികളുമായി സർക്കാർ appeared first on Express Kerala.



