
ഇന്ത്യൻ ക്രിക്കറ്റ് താരം കുൽദീപ് യാദവ് വിവാഹിതനാകുന്നു. തന്റെ ബാല്യകാല സുഹൃത്തായ വംശിക ഛദ്ദയാണ് വധു. ഈ മാസം 14-ന് ഡെറാഡൂണിലെ പ്രമുഖ സ്വകാര്യ ഹോട്ടലിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിട്ടായിരിക്കും വിവാഹം സംഘടിപ്പിച്ചിരിക്കുന്നത്. എങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ പ്രമുഖ താരങ്ങൾ ചടങ്ങിൽ സംബന്ധിക്കുമെന്നാണ് സൂചനകൾ.
ഉത്തർപ്രദേശിലെ കാൺപൂർ സ്വദേശികളായ കുൽദീപും വംശികയും കുട്ടിക്കാലം മുതലേ സുഹൃത്തുക്കളായിരുന്നു. കാൺപൂരിൽ അടുത്തടുത്ത പ്രദേശങ്ങളിലായിരുന്നു ഇരുവരുടെയും താമസം. വർഷങ്ങൾ നീണ്ട ആഴത്തിലുള്ള സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. വംശിക നിലവിൽ ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനിൽ ഉദ്യോഗസ്ഥയായി ജോലി ചെയ്തുവരികയാണ്.
Also Read: ഗംഭീറിന് ഇപ്പോഴും എന്നോട് ദേഷ്യം; കണ്ടാൽ മിണ്ടില്ലെന്ന് സന്ദീപ് പാട്ടീലിന്റെ വെളിപ്പെടുത്തൽ
തിരക്കുകൾക്കിടയിൽ മാറ്റി വെച്ച കല്യാണം
കഴിഞ്ഞ വർഷം ജൂൺ 4-ന് ലഖ്‌നൗവിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്. ലോകകപ്പ് അടക്കമുള്ള തിരക്കേറിയ മത്സരക്രമങ്ങൾ കാരണം വിവാഹം നീട്ടിവെക്കാൻ ഇരു കുടുംബങ്ങളും തീരുമാനിക്കുകയായിരുന്നു. വ്യക്തിജീവിതത്തിലെ ഈ പുതിയ തുടക്കത്തിന് ആരാധകരും സഹതാരങ്ങളും സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേരുന്നുണ്ട്.
The post സ്പിൻ മാന്ത്രികൻ വിവാഹവേദിയിലേക്ക്; വധു ബാല്യകാല സുഹൃത്ത് വംശിക ഛദ്ദ appeared first on Express Kerala.



