
കണ്ണൂർ എന്ന മണ്ണ് തന്റെ ഹൃദയരക്തമാണെന്നും അവിടുത്തെ കോൺഗ്രസ് പ്രസ്ഥാനമാണ് തന്റെ നിലനിൽപ്പെന്നും പ്രഖ്യാപിച്ച് കെ. സുധാകരൻ. കമ്മ്യൂണിസ്റ്റ് അക്രമങ്ങൾക്കെതിരെ നെഞ്ചുറപ്പോടെ പൊരുതിയ ചരിത്രം സ്മരിച്ചുകൊണ്ട്, തന്റെ സഹപ്രവർത്തകരെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കല്ലും കത്തിയും ബോംബും നിറഞ്ഞ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളിൽ, ഒരു തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ ചേർത്തുപിടിക്കുന്നതുപോലെ തന്റെ അണികളെ സംരക്ഷിച്ച പാരമ്പര്യമാണ് തന്റേതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. “കമ്മ്യൂണിസ്റ്റ് കാപാലികർ എന്റെ സഹോദരങ്ങളെ ഉപദ്രവിക്കുന്നത് കണ്ടുനിൽക്കാൻ എനിക്ക് കഴിയില്ല. നമ്മൾ ഒരുമിച്ച് കെട്ടിപ്പടുത്ത പാർട്ടിയുടെ സ്വപ്നങ്ങളാണ് എന്റെ ഓരോ പ്രഭാതത്തെയും ഉണർത്തുന്നത്,” അദ്ദേഹം പറഞ്ഞു.
Also Read:അടൂരിൽ കോൺഗ്രസിൽ പൊട്ടിത്തെറി! മുൻ നഗരസഭാ ചെയർമാൻ ബാബു ദിവാകരൻ രാജിവെച്ചു
കണ്ണൂരിലെ ഓരോ മൺതരിയിലും വീണുകിടക്കുന്നത് കോൺഗ്രസ് പ്രവർത്തകരുടെ ചോരയും വിയർപ്പുമാണ്. കമ്മ്യൂണിസ്റ്റ് നരനായാട്ടിൽ ജീവൻ നഷ്ടപ്പെട്ട സഹപ്രവർത്തകരുടെ ചേതനയറ്റ മുഖങ്ങൾ തന്റെ ഉള്ളിൽ നീറുന്ന ഓർമ്മയാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ആ ത്യാഗഭൂമിയിൽ കോൺഗ്രസിന്റെ ത്രിവർണ്ണ പതാക ഉയർത്തിപ്പിടിച്ച് താൻ എന്നും മുന്നിലുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
സ്വന്തം വീടിനേക്കാളും വീട്ടുകാരേക്കാളും ഉപരിയായി പ്രസ്ഥാനത്തെയാണ് താൻ സ്നേഹിച്ചത്. തന്റെ കൈപിടിച്ചു വളർന്നവരാണ് ഇന്നത്തെ കണ്ണൂരിലെ ഓരോ കോൺഗ്രസ് നേതാക്കളും. താൻ അറിയാത്ത കണ്ണൂരോ, തന്നെ അറിയാത്ത കണ്ണൂരോ ഇല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, കടന്നുവന്ന കനൽവഴികൾ മരണത്തിലും തനിക്ക് മറക്കാനാവാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണെന്നും വികാരാധീനനായി കുറിച്ചു.
The post കണ്ണൂർ എന്റെ ഹൃദയരക്തം, കോൺഗ്രസ് എന്റെ മേൽവിലാസം; വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീര്യവുമായി കെ. സുധാകരൻ appeared first on Express Kerala.


