
അഫ്ഗാനിസ്ഥാനിലെ കാബൂളിൽ ജനവാസ മേഖലകളെ ലക്ഷ്യമാക്കി പാകിസ്ഥാൻ വീണ്ടും വ്യോമാക്രമണം നടത്തി. വ്യാഴാഴ്ച രാത്രിയുണ്ടായ ആക്രമണത്തിൽ നാലുപേർ കൊല്ലപ്പെടുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. അതിർത്തി തർക്കത്തെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് ഈ പുതിയ സൈനിക നടപടി.
‘ഗസബ് ലിൽ ഹഖ്’ എന്ന് പേരിട്ടിരിക്കുന്ന സൈനിക നീക്കത്തിലൂടെ അഫ്ഗാനിലെ ടിടിപി കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. എന്നാൽ പാകിസ്ഥാന്റെ ബോംബാക്രമണങ്ങളിൽ സ്ത്രീകളും കുട്ടികളുമടങ്ങുന്ന സാധാരണക്കാരാണ് വലിയ തോതിൽ ഇരയാകുന്നത്. ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ടുകൾ പ്രകാരം ഫെബ്രുവരി 26-ന് ശേഷം നടന്ന ആക്രമണങ്ങളിൽ മാത്രം 185-ഓളം സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്.
Also Read:ഇറാന്റെ ആണവശാസ്ത്രജ്ഞരെ വധിച്ചെന്ന് നെതന്യാഹു! മുജ്തബ വെറുമൊരു കളിപ്പാവയെന്ന് പരിഹാസം
പാകിസ്ഥാലെ ഷിയാ പള്ളിക്കുനേരെയുണ്ടായ സ്ഫോടനത്തിലും സൈനികർക്ക് നേരെയുണ്ടായ ആക്രമണങ്ങളിലും താലിബാന് പങ്കുണ്ടെന്നാണ് ഇസ്‌ലാമാബാദിന്റെ ആരോപണം. എന്നാൽ താലിബാൻ ഈ ആരോപണങ്ങൾ തള്ളിക്കളഞ്ഞു. ഡ്യൂറൻഡ് ലൈൻ അതിർത്തിയെച്ചൊല്ലിയുള്ള തർക്കം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, സ്ഥിതിഗതികൾ ഒരു ‘തുറന്ന യുദ്ധത്തിലേക്ക്’ നീങ്ങിയേക്കാമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി മുന്നറിയിപ്പ് നൽകി കഴിഞ്ഞു. മണ്ണ് സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്ന് അഫ്ഗാൻ ഭരണകൂടവും പ്രഖ്യാപിച്ചതോടെ പശ്ചിമേഷ്യൻ മേഖല വീണ്ടും യുദ്ധഭീതിയിലാണ്.
The post കാബൂളിൽ വീണ്ടും പാക് വ്യോമാക്രമണം; അതിർത്തിയിൽ യുദ്ധമേഘങ്ങൾ appeared first on Express Kerala.


