
രാജ്യത്തെ മുൻനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളായ എൻ.ഐ.ടികളിലും ഐ.ഐ.ഐ.ടികളിലും മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ) കോഴ്സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷ ‘നിംസെറ്റ്-2026’ (NIMCET-2026) ജൂൺ ആറിന് നടക്കും. സിസ്റ്റംസ് മാനേജർ, ഡേറ്റാബേസ് അഡ്മിനിസ്ട്രേറ്റർ, ആപ്ലിക്കേഷൻ ഡെവലപ്പർ തുടങ്ങിയ ഉന്നത ഐ.ടി കരിയറുകൾ ലക്ഷ്യമിടുന്നവർക്ക് സുവർണ്ണാവസരമാണിത്. തിരുച്ചിറപ്പള്ളി, അലഹബാദ്, ഭോപാൽ തുടങ്ങി വിവിധ എൻ.ഐ.ടികളിലായി ആകെ 1300 സീറ്റുകളിലേക്കാണ് പ്രവേശനം. ഡേറ്റാ സയൻസസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ ആധുനിക കോഴ്സുകളും ഇതിലുൾപ്പെടുന്നു. കേരളത്തിൽ കോഴിക്കോട് മാത്രമാണ് പരീക്ഷാകേന്ദ്രം. താൽപ്പര്യമുള്ളവർക്ക് https://nimcet.admissions.nic.in എന്ന വെബ്സൈറ്റ് വഴി മേയ് ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. 2500 രൂപയാണ് അപേക്ഷാ ഫീസ്. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 1250 രൂപ മതിയാകും.
ഗണിതം അല്ലെങ്കിൽ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ച ബിരുദധാരികൾക്കും ബി.ഇ/ബി.ടെക് കഴിഞ്ഞവർക്കും പ്രവേശനത്തിന് അർഹതയുണ്ട്. പൊതുവിഭാഗത്തിന് 60 ശതമാനം മാർക്കും (6.5 CGPA), സംവരണ വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്കുമാണ് (6.0 CGPA) അടിസ്ഥാന യോഗ്യത. അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാമെങ്കിലും സെപ്റ്റംബർ 30-നകം യോഗ്യതാ രേഖകൾ ഹാജരാക്കണം. രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ മാത്തമാറ്റിക്സ്, റീസണിങ്, കമ്പ്യൂട്ടർ അവയർനെസ്, ജനറൽ ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ നിന്നായി 120 ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കുന്നതാണ്. പരീക്ഷാ റാങ്കിന്റെ അടിസ്ഥാനത്തിൽ ജൂൺ 30 മുതൽ ജൂലൈ മൂന്ന് വരെ നടക്കുന്ന ഓൺലൈൻ കൗൺസലിങ്ങിലൂടെയാകും പ്രവേശനം നിശ്ചയിക്കുന്നത്.
The post എൻ.ഐ.ടികളിൽ എം.സി.എ പ്രവേശനം; നിംസെറ്റ് പരീക്ഷ ജൂൺ ആറിന്, മേയ് ഒന്നുവരെ അപേക്ഷിക്കാം appeared first on Express Kerala.


