
പശ്ചിമേഷ്യൻ സംഘർഷം 14-ാം ദിവസത്തിലേക്ക് കടക്കുമ്പോൾ നിർണ്ണായക പ്രതികരണങ്ങളുമായി അമേരിക്കൻ നേതൃത്വം. ഇറാനിലെ യുദ്ധം വളരെ ‘നന്നായി’ പോകുന്നു എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് പ്രതികരിച്ചത്. എന്നാൽ ഇറാനിലേക്ക് അമേരിക്കൻ കരസേനയെ അയക്കേണ്ട ആവശ്യമില്ലെന്ന് പ്രമുഖ സെനറ്റർ ലിൻഡ്‌സെ ഗ്രഹാം വ്യക്തമാക്കി. ഇറാന്റെ മിസൈൽ പ്രഹരശേഷി തകർക്കാനും അവർ ഇനി ഒരിക്കലും ആണവ പരീക്ഷണങ്ങളിലേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കാനുമാണ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇതിനിടെ, ഇറാന്റെ പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മുജ്തബ ഖമേനി അമേരിക്കയ്‌ക്കെതിരെ കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തി. മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ എത്രയും വേഗം അടച്ചുപൂട്ടണമെന്നും അല്ലാത്തപക്ഷം ആക്രമണം തുടരുമെന്നുമാണ് അദ്ദേഹത്തിന്റെ ആദ്യ ഔദ്യോഗിക പ്രസ്താവനയിലുള്ളത്. അലി ഖമേനിയുടെ വധത്തിന് ശേഷം സ്ഥാനമേറ്റ മുജ്തബയുടെ ഈ നീക്കം സംഘർഷം കൂടുതൽ സങ്കീർണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Also Read: അവർ മരിച്ചിട്ടില്ല! ഖമേനിയുടെ ഭാര്യ ജീവനോടെയുണ്ട്; കൊല്ലപ്പെട്ടെന്ന വാർത്തകൾ നിഷേധിച്ച് ഇറാൻ
അതേസമയം, യുദ്ധമുഖത്ത് ആക്രമണം ശക്തമാക്കാൻ തന്നെയാണ് ഇസ്രയേലിന്റെ തീരുമാനം. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാൻ ലക്ഷ്യമിട്ട് പുതിയ വ്യോമാക്രമണങ്ങൾക്ക് ഇസ്രയേൽ സൈന്യം തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇരുഭാഗത്തുനിന്നും ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുന്നതോടെ പശ്ചിമേഷ്യ വലിയൊരു യുദ്ധഭീതിയിലാണ്.
The post സംഘർഷം രൂക്ഷമാകുന്നു! യുദ്ധം നന്നായി പോകുന്നുവെന്ന് ട്രംപ് appeared first on Express Kerala.


