പുതുക്കാട്: പശ്ചിമേഷ്യയിലെ പ്രതിസന്ധിയെത്തുടർന്ന് പാചകവാതക വിതരണത്തിൽ തടസ്സമുണ്ടാകുമെന്ന ഭീതി പരന്നതോടെ കേരളത്തിലുടനീളം ഇൻഡക്ഷൻ കുക്കറുകൾക്കായി നെട്ടോട്ടം. ഡിമാൻഡ് അമിതമായി വർധിച്ചതോടെ പ്രമുഖ ബ്രാൻഡുകളായ Prestige, Philips, Pigeon തുടങ്ങിയവയുടെ മിക്ക മോഡലുകളും ആമസോൺ, ഫ്ലിപ്പ്കാർട്ട് തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ‘സോൾഡ് ഔട്ട്’ (Sold Out) ആയിക്കഴിഞ്ഞു.
വാർത്തയിലെ പ്രധാന വിവരങ്ങൾ:
- ബ്രാൻഡഡ് ഉൽപ്പന്നങ്ങൾക്ക് ക്ഷാമം: വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പ്രമുഖ ബ്രാൻഡുകളുടെ സ്റ്റോക്ക് തീർന്നത് ഉപഭോക്താക്കളെ വലയ്ക്കുന്നുണ്ട്. ലഭ്യമായ ചുരുക്കം ചില മോഡലുകൾക്ക് 400 രൂപ മുതൽ 500 രൂപ വരെ വില വർധിപ്പിച്ചു.
- ഓൺലൈൻ വിപണി: ആമസോണിലും ഫ്ലിപ്പ്കാർട്ടിലും നിലവിൽ സ്റ്റോക്കുള്ളത് Pigeon Thunder (₹1,518), Prestige PIC 20 NEO (₹2,174) തുടങ്ങിയ മോഡലുകളാണ്. എന്നാൽ ഇവയുടെ സ്റ്റോക്കും അതിവേഗം തീരുകയാണ്.
ആമസോണിലെ വിലകള്‍- ഫ്ളിപ്കാര്‍ട്ടിലെ വിലകള്‍
- ക്വിക്ക് കൊമേഴ്സ്: നഗരപ്രദേശങ്ങളിൽ മിനിറ്റുകൾക്കുള്ളിൽ സാധനമെത്തിക്കുന്ന ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ ആപ്പുകളിലും പ്രമുഖ ബ്രാൻഡുകൾ ലഭ്യമല്ല.
- വിലക്കയറ്റം: ഡിമാൻഡ് 30 ഇരട്ടിയോളം വർധിച്ചതോടെ സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിലുള്ള കുക്കറുകൾ വിപണിയിൽ കുറവാണ്. വൻകിട ബ്രാൻഡുകളുടെ അഭാവത്തിൽ പ്രാദേശിക ബ്രാൻഡുകൾക്കും വില ഉയർന്നിട്ടുണ്ട്.
എൽപിജി സിലിണ്ടറുകൾ കിട്ടാതായാൽ പാചകം തടസ്സപ്പെടുമെന്ന ആശങ്കയിൽ ജനങ്ങൾ കൂട്ടത്തോടെ ഇൻഡക്ഷൻ കുക്കറുകൾ വാങ്ങിക്കൂട്ടുന്നതാണ് ഈ പ്രതിസന്ധിക്ക് കാരണം.
വാണിജ്യാവശ്യത്തിനുള്ള പാചകഗ്യാസ് സിലിണ്ടറുകളുടെ ലഭ്യത നിലച്ചതോടെ കേരളത്തിലും പ്രതിസന്ധി മൂര്‍ഛിക്കുകയാണ്. ഇതുമൂലം ഹോട്ടലുകളും ടീ ഷോപ്പുകളും പൂട്ടേണ്ടിവരുന്നു. സ്കൂള്‍ പാചകപ്പുരകള്‍ മുതല്‍ ശ്മശാനങ്ങളിലേക്ക് വരെ പ്രതിസന്ധി വ്യാപിച്ചു.
ഹോട്ടലുകള്‍ പൂട്ടിത്തുടങ്ങി
ഗ്യാസ് സിലിണ്ടറുകളുടെ അപര്യാപ്തത അനിശ്ചിതകാലത്തേക്ക് ഹോട്ടലുകള്‍ പൂട്ടിയിടേണ്ട ദുരവസ്ഥയിലേക്ക് ഉടമകളെ എത്തിച്ചിരിക്കുകയാണ്. ഐഒസി, ബിപിസിഎല്‍ കമ്പനികള്‍ ഇപ്പോള്‍ വാണിജ്യ സിലിണ്ടറുകള്‍ നിറയ്ക്കുന്നില്ല. എച്ച്.പി.സി.എല്‍ കുറഞ്ഞ അളവിലാണ് വാണിജ്യാവശ്യ സിലിണ്ടറുകള്‍ ലഭ്യമാക്കുന്നത്.
നിലവില്‍ കേരളത്തിലെ 25 ശതമാനം ഹോട്ടലുകള്‍ ഗ്യാസ് പ്രതിസന്ധിയെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്നുവെന്നാണ് ഏകദേശ കണക്ക്. പല ഹോട്ടലുകളും വിഭവങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയാണ് ഇപ്പോള്‍ പിടിച്ചുനില്‍ക്കുന്നത്.
അതേസമയം കരിഞ്ചന്തയില്‍ ഇരട്ടി വിലയ്ക്ക് സിലിണ്ടറുകള്‍ ലഭ്യമാക്കുന്നതായി ചില പരാതികള്‍ ഉയരുന്നുമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കേണ്ടതുണ്ടെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് ആവശ്യപ്പെടുന്നു.
ഓഡിറ്റോറിയങ്ങളും പ്രയാസത്തില്‍
ഇഫ്താര്‍ സംഗമങ്ങള്‍, കല്യാണങ്ങള്‍, സമ്മേളനങ്ങള്‍, ജന്മദിനാഘോഷങ്ങള് തുടങ്ങിയവയ്ക്ക് ഓര്ഡറുകളെടുത്ത ഓഡിറ്റോറിയങ്ങളും കുഴങ്ങിയിരിക്കുകയാണ്.
എങ്ങനെയീ പ്രതിസന്ധി തരണം ചെയ്യുമെന്നതില്‍ ഒരു രൂപവുമില്ലെന്നാണ് ഓള് കേരള കാറ്ററേഴ്സ് അസോസിയേഷന് പറയുന്നത്. വിവിധ മതങ്ങളുടെ ആത്മീയ സംഘടനകള്‍ നടത്തിവരുന്ന അന്നദാന കേന്ദ്രങ്ങളും പ്രയാസത്തിലായി. പലതും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരിക്കുകയുമാണ്.
ചര്‍ച്ച നടത്തി ഹോട്ടലുടമകളും പെട്രോളിയം കമ്പനികളും
ഹോട്ടലുടമകളുടെ സംഘടനാ പ്രതിനിധികള്‍ പെട്രോളിയം കമ്പനികളുടെ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പ്രത്യേകിച്ച് ഒരുറപ്പും ഉദ്യോഗസ്ഥര്‍ നല്‍കിയിട്ടില്ല. വാണിജ്യാവശ്യത്തിനായുള്ള സിലിണ്ടറുകളുടെ വിതരണത്തില്‍ ആശുപത്രികള്‍ അടക്കം അവശ്യ സര്‍വീസുകള്‍ക്ക് പ്രാധാന്യം നല്‍കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
സ്കൂളുകള്‍ വിറകിലേക്ക് മാറിത്തുടങ്ങി
സ്കൂള്‍ പാചകപ്പുരകളെയും പ്രതിസന്ധി വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണ്. പ്രതിസന്ധി മറികടക്കാന്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും വിറകടുപ്പുകളിലേക്ക് മാറിത്തുടങ്ങി. നേരത്തേ വിറകടുപ്പ് ഉപയോഗം അവസാനിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശമുണ്ടായിരുന്നു.
എന്നാല്‍ ഭക്ഷണം മുടങ്ങാതിരിക്കാനാണ് ഇപ്പോഴത്തെ ക്രമീകരണമെന്നും ഗ്യാസ് ലഭ്യമായിത്തുടങ്ങിയാല്‍ ഉടന്‍ അതിലേക്ക് മാറണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം ചില സ്കൂളുകളില്‍ 2-3 ദിവസത്തേക്കുള്ള പാചകവാതകം ശേഷിക്കുന്നുണ്ട്. അതേസമയം പരീക്ഷാക്കാലമായത് വലിയ ആശ്വാസമാണ്. മുഴുവന്‍ നേരം പ്രവര്‍ത്തിക്കുന്നില്ലെന്നതും പലയിടത്തും പരീക്ഷാ അവധികള്‍ ഉണ്ടെന്നതും വിദ്യാഭ്യാസ കേന്ദ്രങ്ങളെ കടുത്ത പരിമിതിയിലേക്ക് തള്ളിവിട്ടിട്ടില്ല.
രണ്ടാഴ്ച കഴിഞ്ഞാല്‍ വേനലവധിക്കായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടയ്ക്കുകയും ചെയ്യും. അതേസമയം അവശ്യ സര്വീസിലുള്പ്പെടുത്തി സ്കൂളുകള്‍ക്ക് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറുകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ അധികൃതര്‍ നടത്തുന്നുമുണ്ട്.
എന്തുചെയ്യുമെന്നറിയാതെ ഹോസ്റ്റലുകളും പിജികളും
സംസ്ഥാനത്തെ നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകളും പെയിങ് ഗസ്റ്റ് സൗകര്യങ്ങളും ഭക്ഷണം ഒരുക്കാന്‍ പ്രായസപ്പെടുകയാണ്. പ്രതിസന്ധി തുടര്‍ന്നാല്‍ വീടുകളിലേക്ക് മടങ്ങേണ്ടിവരുമെന്ന് പല ഹോസ്റ്റലുകളും അന്തേവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പിജികള്‍ ഉള്‍പ്പടെയുള്ളവ ഭക്ഷണ വിഭവങ്ങളുടെ എണ്ണം കുറച്ചിട്ടുമുണ്ട്.
ശ്മശാനങ്ങളിലും പ്രശ്നം രൂക്ഷം
ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 22 മുതല്‍ 25 കിലോ വരെ ഗ്യാസ് ആവശ്യമാണ്. കോഴിക്കോട്ടെ മാവൂര്‍ സ്മൃതിപഥം ശ്മശാനമുള്പ്പടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവ അതീവ സങ്കീര്‍ണ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.
ശ്മശാനത്തെയും അവശ്യ സര്‍വീസായി പരിഗണിച്ച് നടപടിയെടുക്കുന്നത് മൂലമാണ് പലതിനും പ്രവര്‍ത്തനം തുടരാനാകുന്നത്.
ഓട്ടോറിക്ഷാ ഉടമകളും വലയുന്നു
പല പമ്പുകളില്‍ നിന്നും ഗ്യാസ് ലഭ്യമാകാത്തത് ഗ്യാസ് ഓട്ടോ സര്‍വീസ് പ്രവര്ത്തിപ്പിക്കുവരെ വിഷമസന്ധിയിലാക്കിയിട്ടുണ്ട്. കോഴിക്കോട് നഗരത്തിലെ ചില പമ്പുകളില്‍ എല്‍പിജി ലഭ്യമല്ലെന്ന് ഓട്ടോ ഉടമകള്‍ വ്യക്തമാക്കുന്നു.
ഇത് തങ്ങളുടെ ഉപജീവനാര്ഗമാണ് പ്രതിന്ധിയിലാക്കിയിരിക്കുന്നതെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.




