
കണ്ണൂർ: നിയമസഭാ സീറ്റിനെച്ചൊല്ലിയുള്ള തർക്കം മുറുകുന്നതിനിടെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡ് നേരിട്ട് രംഗത്ത്. രാഹുൽ ഗാന്ധി സുധാകരനെ ഫോണിൽ വിളിച്ച് സംസാരിക്കുകയും തിങ്കളാഴ്ച ഡൽഹിയിൽ നേരിട്ടുള്ള ചർച്ചയ്ക്ക് ക്ഷണിക്കുകയും ചെയ്തു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം മാത്രമേ സുധാകരൻ മാധ്യമങ്ങളെ കണ്ട് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുകയുള്ളൂ.
കണ്ണൂരിൽ മത്സരിക്കണമെന്ന തന്റെ ഉറച്ച നിലപാട് രാഹുൽ ഗാന്ധിയെ നേരിട്ട് അറിയിക്കാനാണ് സുധാകരന്റെ തീരുമാനം. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന പാർട്ടി നയം തന്റെ കാര്യത്തിൽ ഇളവ് ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ, സ്ഥാനാർത്ഥിത്വം നൽകാതെ തന്നെ സുധാകരനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും പാർട്ടിയിലെ ഒരു വിഭാഗം നടത്തുന്നുണ്ട്.
Also Read:പാചകവാതക പ്രതിസന്ധിയിൽ കേന്ദ്ര സർക്കാരിനെതിരെ ടി.പി. രാമകൃഷ്ണൻ രംഗത്ത്
നേരത്തെ, “കണ്ണൂർ എന്റെ ഹൃദയരക്തമാണ്” എന്ന സുധാകരന്റെ വൈകാരികമായ ഫേസ്ബുക്ക് പോസ്റ്റും കണ്ണൂർ നഗരത്തിൽ പ്രത്യക്ഷപ്പെട്ട അനുകൂല പോസ്റ്ററുകളും കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിരുന്നു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറിയപ്പോൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കണമെന്നാണ് സുധാകരൻ അനുകൂലികളുടെ വാദം. അതേസമയം, ഹൈക്കമാൻഡ് തീരുമാനം വരുന്നത് വരെ കാത്തിരിക്കാനാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നൽകിയിരിക്കുന്ന നിർദ്ദേശം.
The post പടയൊരുക്കത്തിനിടെ അനുനയ നീക്കം; കെ. സുധാകരനുമായി സംസാരിച്ച് രാഹുൽ ഗാന്ധി, ഡൽഹിയിൽ കൂടിക്കാഴ്ച appeared first on Express Kerala.



