
രാജ്യത്ത് വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ ലഭ്യതയിലുണ്ടായ കുറവ് ജനജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രതിസന്ധി രൂക്ഷമായതോടെ നഗരപ്രദേശങ്ങളിലെ നിരവധി ഹോട്ടലുകൾ ഇതിനോടകം അടച്ചുപൂട്ടി. കാറ്ററിംഗ് സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, പി.ജി താമസസൗകര്യങ്ങൾ എന്നിവയും പ്രവർത്തന പ്രതിസന്ധിയിലാണ്. കേരളത്തിൽ വാണിജ്യ സിലിണ്ടറുകളുടെ വിതരണ പരിധി ഉയർത്താൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ വ്യക്തമാക്കി. താൽക്കാലിക ആശ്വാസമെന്ന നിലയിൽ റേഷൻ മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Also Read: ആർത്തവ അവധി സ്ത്രീകളുടെ കരിയറിന് തിരിച്ചടിയായേക്കാം; ഹർജി തള്ളി സുപ്രീം കോടതിയുടെ സുപ്രധാന നിരീക്ഷണം
വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ പ്രതിപക്ഷം ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. ‘മോദിജീ എൽ.പി.ജി’ എന്ന മുദ്രാവാക്യമുയർത്തിയും സിലിണ്ടറുകളുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ സഭാനടപടികൾ തടസ്സപ്പെടുത്തി. ബഹളത്തെത്തുടർന്ന് സഭ നിർത്തിവെക്കേണ്ടി വന്നു. സാഹചര്യം വിശദീകരിക്കുന്നതിനായി കേന്ദ്ര സർക്കാർ ഇന്ന് വൈകിട്ട് നാല് മണിക്ക് പ്രത്യേക വാർത്താസമ്മേളനം വിളിച്ചിട്ടുണ്ട്.
ക്ഷാമം മുതലെടുത്തുള്ള പൂഴ്ത്തിവെപ്പും കരിഞ്ചന്തയും തടയാൻ വിവിധ സംസ്ഥാനങ്ങൾ കർശന നടപടികൾ ആരംഭിച്ചു. ഉത്തർപ്രദേശിൽ ഇതിനോടകം ഇരുന്നൂറിലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു. മഹാരാഷ്ട്രയും യു.പിയും സ്ഥിതിഗതികൾ നിരീക്ഷിക്കാൻ കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഡൽഹിയിലെ സാഹചര്യം കേന്ദ്ര സർക്കാർ നേരിട്ട് വിലയിരുത്തുകയാണ്. പ്രതിസന്ധി മറികടക്കാൻ ഹോട്ടൽ-റെസ്റ്റോറന്റ് മേഖലയിൽ എൽ.പി.ജിക്ക് പകരം മറ്റ് ഇന്ധനങ്ങൾ ഉപയോഗിക്കാനുള്ള നിർദ്ദേശവും സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.
ഇതിനിടെ, സ്വകാര്യ ഗ്യാസ് കമ്പനികൾ സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നു എന്നാരോപിച്ച് മഹാരാഷ്ട്രയിലെ വിതരണക്കാർ നൽകിയ ഹർജിയിൽ ബോംബെ ഹൈക്കോടതി കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. വിതരണ ശൃംഖലയിലെ തടസ്സങ്ങൾ നീക്കി സാധാരണ നില പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും വരും ദിവസങ്ങളിലും പ്രതിസന്ധി തുടരാനാണ് സാധ്യത.
The post രാജ്യം എൽ.പി.ജിയുടെ കടുത്ത ക്ഷാമത്തിൽ; ഹോട്ടലുകൾ അടച്ചുപൂട്ടുന്നു, പാർലമെന്റിൽ പ്രതിഷേധം appeared first on Express Kerala.



