
അമേരിക്ക-ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധത്തെത്തുടർന്ന് രാജ്യത്തുണ്ടായിട്ടുള്ള കടുത്ത പാചകവാതക ക്ഷാമത്തിൽ ആശങ്ക രേഖപ്പെടുത്തി എം.എ. ബേബി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. വിതരണ ശൃംഖല തടസ്സപ്പെട്ടതോടെ ഗാർഹിക സിലിണ്ടറുകൾ 1,500 മുതൽ 4,000 രൂപ വരെ ഉയർന്ന നിരക്കിൽ കരിഞ്ചന്തയിൽ വിൽക്കുന്നത് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. പാചകവാതക ക്ഷാമം മൂലം വിദ്യാർത്ഥി ഹോസ്റ്റലുകൾ ഭാഗികമായി അടച്ചുപൂട്ടുന്നതും ഭക്ഷണക്രമം വെട്ടിക്കുറയ്ക്കുന്നതും വിദ്യാർത്ഥികളുടെ പഠനത്തെയും ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുന്നതായും അദ്ദേഹം ഓർമ്മിപ്പിച്ചു.
കരിഞ്ചന്ത കർശനമായി തടയുക, ഹോസ്റ്റലുകളിലും മറ്റും തടസ്സമില്ലാതെ ഗ്യാസ് ലഭ്യമാക്കുക, ഭക്ഷ്യ എണ്ണയുടെ വില നിയന്ത്രിക്കുക എന്നീ ആവശ്യങ്ങളാണ് കത്തിലൂടെ അദ്ദേഹം പ്രധാനമന്ത്രിക്ക് മുന്നിൽ വെച്ചത്. കൂടാതെ, 2003-ലെ ഇറാഖ് യുദ്ധകാലത്ത് വാജ്‌പേയി സർക്കാർ സ്വീകരിച്ച നിലപാട് മാതൃകയാക്കി, ഇറാനെതിരായ അധിനിവേശത്തെ അപലപിച്ച് പാർലമെന്റിൽ പ്രമേയം പാസാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹോട്ടൽ മേഖലയും ഗിഗ് തൊഴിലാളികളും നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ വേണമെന്നും അദ്ദേഹം കത്തിൽ വ്യക്തമാക്കി.
The post പാചകവാതക ക്ഷാമം! എം.എ. ബേബി പ്രധാനമന്ത്രിക്ക് കത്തയച്ചു appeared first on Express Kerala.



