
ഇറാനിന്റെ പുതിയ പരമോന്നത നേതാവായ മുജ്തബ ഖമേനിയെയും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിലെ ഉന്നത ഉദ്യോഗസ്ഥരെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വൻ തുക പ്രതിഫലം പ്രഖ്യാപിച്ചു. ഏകദേശം 92.47 കോടി രൂപ (10 മില്യൺ ഡോളർ) ആണ് പാരിതോഷികമായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ‘റിവാർഡ്‌സ് ഫോർ ജസ്റ്റിസ്’ എന്ന പ്രോഗ്രാം വഴിയാണ് ലോകമെമ്പാടും ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്ന ഈ നേതാക്കളെക്കുറിച്ചുള്ള വിവരങ്ങൾ അമേരിക്ക തേടുന്നത്.
മുജ്തബ ഖമേനിക്ക് പുറമെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് അലി അസ്ഗർ ഹെജാസി, സുരക്ഷാ മേധാവി അലി ലാരിജാനി തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങളും വിവരങ്ങളും അമേരിക്ക പുറത്തുവിട്ടിട്ടുണ്ട്. ഐആർജിസി നേതാക്കളെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ നൽകുന്നവർക്ക് തക്കതായ പ്രതിഫലം നൽകുമെന്ന് അധികൃതർ എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം മൂന്നാം ആഴ്ചയിലേക്ക് കടന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം.
Also Read: അമേരിക്കയുടെ 5 യുദ്ധവിമാനങ്ങൾ കൂടി തകർത്ത് ഇറാൻ, ഒന്നിൻ്റെ മാത്രം വില 1400 കോടി !
വരും ദിവസങ്ങളിൽ ഇറാനെതിരെ അതിശക്തമായ സൈനിക നടപടികൾ ഉണ്ടാകുമെന്ന് അമേരിക്ക പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ഇറാനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും, ഇറാനിലെ ഭരണകൂടത്തെ അവിടുത്തെ ജനങ്ങൾ തന്നെ താഴെയിറക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് വ്യക്തമാക്കി. മേഖലയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കുന്നതിനിടെയാണ് ഈ പാരിതോഷിക പ്രഖ്യാപനം വരുന്നത്.
The post മുജ്തബ ഖമനേയിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് അമേരിക്ക 10 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചു appeared first on Express Kerala.



