
ഇന്ത്യൻ നിരത്തുകളിൽ വിപ്ലവം സൃഷ്ടിച്ച ഐതിഹാസിക ബ്രാൻഡ് ‘സിയറ’യുടെ പുനർജന്മത്തിന് ടാറ്റ മോട്ടോഴ്സ് കളമൊരുക്കുന്നു. വാഹനപ്രേമികൾ ഏറെ ആകർഷിക്കപ്പെട്ട ടാറ്റ സിയറ ഇവി 2026-ന്റെ രണ്ടാം പാദത്തിൽ (ഏപ്രിൽ – ജൂൺ) വിപണിയിലെത്തുമെന്ന് കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധ റോഡുകളിൽ അവസാനഘട്ട പരീക്ഷണയോട്ടം നടത്തുന്ന സിയറയുടെ സ്പൈ ചിത്രങ്ങൾ പുറത്തുവന്നതോടെ, ഉൽപ്പാദനത്തിന് സജ്ജമായ പ്രൊഡക്ഷൻ പതിപ്പിലേക്കുള്ള മാറ്റം പൂർത്തിയായതായാണ് സൂചനകൾ.
മിഡ്-സൈസ് പ്രീമിയം എസ്യുവി വിഭാഗത്തിൽ ടാറ്റയുടെ ഏറ്റവും കരുത്തുറ്റ സാന്നിധ്യമായിരിക്കും സിയറ ഇവി. ടാറ്റ കർവ് ഇവിക്ക് മുകളിലായി സ്ഥാനമുറപ്പിക്കുന്ന ഈ വാഹനം, മികച്ച റോഡ് പ്രസൻസും അത്യാധുനിക സൗകര്യങ്ങളും തേടുന്നവരെയാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ സാങ്കേതിക സവിശേഷതകൾ പരിശോധിക്കാം.
Also Read:ഡൽഹിയിൽ ഇനി ‘ഇലക്ട്രിക്’ യുഗം; സ്കൂൾ ബസുകൾ മാറും, പെട്രോൾ ടൂ-വീലറുകൾക്ക് പൂട്ടുവീഴും!
പ്ലാറ്റ്ഫോം: ടാറ്റയുടെ അത്യാധുനിക സ്കേറ്റ്ബോർഡ് ആർക്കിടെക്ചറായ acty.ev പ്ലസ് പ്ലാറ്റ്ഫോമിലാണ് ഇത് നിർമ്മിക്കുന്നത്. ഇത് വാഹനത്തിന് കൂടുതൽ ക്യാബിൻ സ്ഥലവും സുരക്ഷയും ഉറപ്പുനൽകുന്നു.
ബാറ്ററിയും റേഞ്ചും: 55 kWh, 65 kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളിൽ വാഹനം ലഭ്യമായേക്കും. ഇതിൽ വലിയ ബാറ്ററി പാക്ക് ഒറ്റ ചാർജിംഗിൽ 500 കിലോമീറ്ററിലധികം റേഞ്ച് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഡ്രൈവ് ഓപ്ഷനുകൾ: സിംഗിൾ മോട്ടോർ റിയർ വീൽ ഡ്രൈവ് (RWD), ഓഫ്റോഡ് പ്രേമികൾക്കായി ഡ്യുവൽ മോട്ടോർ ഓൾ വീൽ ഡ്രൈവ് (AWD) എന്നീ രണ്ട് പതിപ്പുകൾ സിയറയ്ക്കുണ്ടാകും.
ഡിസൈൻ ഹൈലൈറ്റുകൾ: 90-കളിലെ സിയറയുടെ ഗൃഹാതുരത്വം ഉണർത്തുന്ന പിൻഭാഗത്തെ ഗ്ലാസ് ഏരിയ നിലനിർത്തിക്കൊണ്ട് തന്നെയാണ് പുതിയ മോഡലും വരുന്നത്. ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബോണറ്റിന് കുറുകെയുള്ള എൽഇഡി സ്ട്രിപ്പ്, 18 ഇഞ്ച് അലോയ് വീലുകൾ എന്നിവ ആധുനികത പകരുന്നു.
ഇന്റീരിയർ: ഹൈടെക് സംവിധാനങ്ങളാൽ സമ്പന്നമാണ് കാബിൻ. ഡ്രൈവർക്കും പാസഞ്ചർക്കും വെവ്വേറെ സ്ക്രീനുകൾ ഉൾപ്പെടെ ത്രീ-സ്ക്രീൻ ലേഔട്ട്, പനോരമിക് സൺറൂഫ്, ലെവൽ 2 ADAS സുരക്ഷാ ക്രമീകരണങ്ങൾ, 360 ഡിഗ്രി വിഷൻ ക്യാമറ എന്നിവ ഈ പ്രീമിയം എസ്യുവിയുടെ ഭാഗമാകും.
The post ഐതിഹാസികമായ മടങ്ങിവരവ്; ടാറ്റ സിയറ ഇവി 2026-ൽ വിപണിയിലേക്ക്, ഒറ്റ ചാർജിംഗിൽ 500 കിലോമീറ്റർ റേഞ്ച്! appeared first on Express Kerala.




