‘തലേന്ന് കഴിച്ചതല്ലേ, രാവിലെ ഇറങ്ങിക്കാണും’; ഡ്രൈവർമാരുടെ ഈ ‘വിശ്വാസത്തിന്’ ലൈസൻസ് തെറിക്കും!

‘തലേന്ന് കഴിച്ചതല്ലേ, രാവിലെ ഇറങ്ങിക്കാണും’; ഡ്രൈവർമാരുടെ ഈ ‘വിശ്വാസത്തിന്’ ലൈസൻസ് തെറിക്കും!

കാക്കനാട്: തലേദിവസം രാത്രി മദ്യപിച്ചതിന്റെ ഹാങ്ങോവർ രാവിലെ വണ്ടിയെടുക്കുമ്പോൾ പ്രശ്നമാകില്ലെന്ന ഡ്രൈവർമാരുടെ തെറ്റായ ധാരണ പണികൊടുക്കുന്നു. കൊച്ചിയിൽ ഇത്തരത്തിൽ പിടിയിലായി ലൈസൻസ് നഷ്ടപ്പെടുന്നവരുടെ എണ്ണം വർധിക്കുകയാണ്. എറണാകുളം ആർ.ടി. ഓഫീസിൽ ഓരോ ബുധനാഴ്ചയും നടക്കുന്ന ഹിയറിംഗിന് എത്തുന്ന മദ്യപൻമാരുടെ നീണ്ട ക്യൂ ഇതിന് തെളിവാണ്.

‘തലേന്ന് കഴിച്ചതാണ്, രാവിലെ കെട്ടിറങ്ങിക്കാണും’ എന്ന ഒരേ ന്യായമാണ് മിക്കവരും അധികൃതരോട് പറയുന്നത്. എന്നാൽ വൈദ്യപരിശോധനയിൽ മദ്യത്തിന്റെ അളവ് പരിധിക്ക് മുകളിലാണെന്ന് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകും. 2025-ൽ മാത്രം എറണാകുളം ആർ.ടി. ഓഫീസിൽ 1374 ലൈസൻസുകൾ സസ്‌പെൻഡ് ചെയ്തു. ഇതിൽ 520 എണ്ണവും മദ്യപിച്ച് വാഹനമോടിച്ചതിനാണ്. അമിതവേഗം, അപകടങ്ങൾ തുടങ്ങിയ മറ്റ് ലംഘനങ്ങൾക്ക് 854 പേർക്കും ലൈസൻസ് നഷ്ടമായി. സെപ്റ്റംബർ, ഫെബ്രുവരി മാസങ്ങളിലാണ് ഏറ്റവും കൂടുതൽ നടപടികൾ റിപ്പോർട്ട് ചെയ്തത്.

Also Read:കാർ വാങ്ങുമ്പോൾ ലുക്ക് മാത്രം നോക്കിയാൽ പോരാ! മികച്ച സർവീസ് ഉറപ്പാക്കുന്ന കാറുകൾ ഇവയാണ്

പിടിയിലാകുന്നവർ ലൈസൻസ് സസ്‌പെൻഷന് പുറമെ മോട്ടോർ വാഹനവകുപ്പിന്റെ ഒരു ദിവസത്തെ നിർബന്ധിത ബോധവത്കരണ ക്ലാസിലും പങ്കെടുക്കണം. ബസ്, ലോറി ഡ്രൈവർമാരാണ് ഇത്തരത്തിൽ കുടുങ്ങുന്നവരിൽ ഏറെയെന്നത് ആശങ്ക വർധിപ്പിക്കുന്നു. പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് ആർ.ടി.ഒ. കെ.ആർ. സുരേഷും ജോയിന്റ് ആർ.ടി.ഒ. സി.ഡി. അരുണും അറിയിച്ചു.

The post ‘തലേന്ന് കഴിച്ചതല്ലേ, രാവിലെ ഇറങ്ങിക്കാണും’; ഡ്രൈവർമാരുടെ ഈ ‘വിശ്വാസത്തിന്’ ലൈസൻസ് തെറിക്കും! appeared first on Express Kerala.

Spread the love
Scroll to Top