
കാർത്തിയും അരവിന്ദ് സ്വാമിയും തകർത്താടിയ ‘മെയ്യഴകൻ’ എന്ന തമിഴ് ചിത്രം ഒടിടിയിൽ സൂപ്പർ ഹിറ്റായതോടെ, സമാനമായ ഒരു വൈകാരിക ചിത്രം മലയാളത്തിൽ വന്നാൽ ആരെല്ലാം അഭിനയിക്കണം എന്ന ചർച്ചകൾ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇക്കൂട്ടത്തിൽ ആരാധകർ ഏറ്റവും കൂടുതൽ പങ്കുവെച്ചത് മോഹൻലാൽ-നിവിൻ പോളി കോമ്പോ ആയിരുന്നു. ഇപ്പോൾ ഈ വൈറൽ പോസ്റ്ററുകളെക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നിവിൻ പോളി.
ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യുക എന്നത് തന്റെ വലിയ ആഗ്രഹമാണെന്ന് നിവിൻ പറഞ്ഞു. ഒരു അവാർഡ് ചടങ്ങിൽ വെച്ചായിരുന്നു താരം മനസ്സ് തുറന്നത്. “ട്വിറ്ററിൽ അത്തരമൊരു പോസ്റ്റർ ഞാനും കണ്ടിരുന്നു. ലാൽ സാറിനൊപ്പം ഒരു എന്റർടൈനർ സിനിമ ചെയ്യുന്നതിനെക്കുറിച്ച് ഞങ്ങൾ പലപ്പോഴും സംസാരിച്ചിട്ടുണ്ട്. പക്ഷേ നല്ലൊരു ലൈറ്റ് സബ്ജക്ട് ഇതുവരെ ഒത്തുവന്നിട്ടില്ല. അതിന് പറ്റിയ സംവിധായകനും തിരക്കഥാകൃത്തും വന്നാൽ തീർച്ചയായും അങ്ങനെയൊരു ചിത്രം സംഭവിക്കുമെന്ന് പ്രതീക്ഷിക്കാം,” നിവിൻ വ്യക്തമാക്കി.
Also Read:പീഡകർക്കൊപ്പമാണ് അധികാരം! വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിനെതിരെ ചിന്മയി
അതേസമയം, ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘പ്രതിച്ഛായ’യാണ് നിവിൻ പോളിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. കേരള രാഷ്ട്രീയത്തിലെ യഥാർത്ഥ സംഭവവികാസങ്ങളെ കോർത്തിണക്കി ഒരുക്കുന്ന ഈ പൊളിറ്റിക്കൽ ത്രില്ലറിൽ ഷറഫുദ്ദീനും പ്രധാന വേഷത്തിലുണ്ട്. ചിത്രത്തിന്റെ ട്രെയ്ലർ അടുത്തിടെ മോഹൻലാൽ ആണ് പുറത്തിറക്കിയത്. വലിയ വിവാദങ്ങളെ പരാമർശിക്കുന്ന ചിത്രം പെരുന്നാൾ റിലീസായി തിയേറ്ററുകളിലെത്തും.
The post ‘ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യണം, ആഗ്രഹം വലുതാണ്’: മനസ്സ് തുറന്ന് നിവിൻ പോളി appeared first on Express Kerala.




