
കുവൈത്ത്: രാജ്യത്തെ വിപണികളിൽ ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നവർക്കെതിരെ കർശന നടപടികളുമായി കുവൈത്ത് വാണിജ്യ-വ്യവസായ മന്ത്രാലയം രംഗത്ത്. വിപണിയിൽ കൃത്രിമമായ വിലക്കയറ്റം സൃഷ്ടിക്കുന്നത് തടയുന്നതിൻ്റെ ഭാഗമായി അഹമ്മദി, മുബാറക് അൽ കബീർ ഗവർണറേറ്റുകളിൽ മന്ത്രാലയത്തിൻ്റെ എമർജൻസി ഇൻസ്പെക്ഷൻ ടീം നടത്തിയ മിന്നൽ പരിശോധനയിൽ 51 നിയമലംഘനങ്ങൾ കണ്ടെത്തി. നിശ്ചിത വിലയേക്കാൾ കൂടുതൽ തുക ഈടാക്കിയതിനും വിലവിവരപ്പട്ടിക കൃത്യമായി പ്രദർശിപ്പിക്കാത്തതിനുമാണ് ഭൂരിഭാഗം സ്ഥാപനങ്ങൾക്കെതിരെയും അധികൃതർ പിഴ ചുമത്തിയത്.
Also Read: കുവൈത്തിൽ ഡ്രോൺ വേട്ട; 24 മണിക്കൂറിനിടെ അഞ്ചെണ്ണം തകർത്തു, വിമാനത്താവളത്തിന് നേരെയും ആക്രമണം
അഹമ്മദിയിൽ നടന്ന പരിശോധനയിൽ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിന് പുറമെ, വ്യാജ പ്രൊമോഷണൽ ഓഫറുകൾ നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുക, ഇൻവോയ്സുകൾ നൽകാതിരിക്കുക, ഉൽപ്പന്നങ്ങളുടെ ഉത്ഭവ രാജ്യം വ്യക്തമാക്കാതിരിക്കുക തുടങ്ങിയ ഗുരുതരമായ ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് നിബന്ധനകൾ ലംഘിച്ച് പ്രവർത്തിച്ച രണ്ട് സ്ഥാപനങ്ങൾക്ക് മന്ത്രാലയം നോട്ടീസ് നൽകുകയും ചെയ്തു. വരും ദിവസങ്ങളിൽ രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലേക്കും പരിശോധന ശക്തമാക്കാനാണ് മന്ത്രാലയത്തിൻ്റെ തീരുമാനം. ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിപണിയിലെ സുതാര്യത ഉറപ്പുവരുത്തുന്നതിനും വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post ഭക്ഷ്യവിലവർദ്ധനവ് തടയാൻ കുവൈത്തിൽ വ്യാപക പരിശോധന; 51 സ്ഥാപനങ്ങൾക്കെതിരെ നിയമനടപടി appeared first on Express Kerala.




