
പശ്ചിമേഷ്യൻ യുദ്ധവും ഹോർമൂസ് കടലിടുക്കിലെ ഗതാഗത തടസ്സവും ഇന്ത്യയിലെ അടുക്കളകളെ വിറപ്പിക്കുന്നു. പാചകവാതക വില വർദ്ധനയ്ക്ക് പിന്നാലെ പഞ്ചസാരയ്ക്കും വരുംദിവസങ്ങളിൽ കടുത്ത ക്ഷാമവും വിലക്കയറ്റവും ഉണ്ടായേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ. സൾഫ്യൂറിക് ആസിഡിന്റെ ലഭ്യതയിലുണ്ടായ കുറവാണ് ഇന്ധനത്തിന് പിന്നാലെ പഞ്ചസാര വിപണിയെയും പ്രതിസന്ധിയിലാക്കുന്നത്.
സൾഫർ ക്ഷാമം തിരിച്ചടിയാകുന്നു
പഞ്ചസാര ശുദ്ധീകരിക്കാനും കാർഷിക വളം നിർമ്മാണത്തിനും അത്യാവശ്യമായ സൾഫ്യൂറിക് ആസിഡ് നിർമ്മിക്കുന്നത് ക്രൂഡ് ഓയിൽ ശുദ്ധീകരിക്കുമ്പോൾ ലഭിക്കുന്ന ‘സൾഫർ’ ഉപയോഗിച്ചാണ്. ഇന്ത്യക്കാവശ്യമായ സൾഫറിന്റെ 65 ശതമാനവും വരുന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നാണ്. ഹോർമൂസ് കടലിടുക്ക് അടച്ചതോടെ കപ്പൽ ഗതാഗതം മുടങ്ങുകയും സൾഫർ വരവ് നിലയ്ക്കുകയും ചെയ്തു. ഇതോടെ സൾഫ്യൂറിക് ആസിഡിന്റെ വില ടണ്ണിന് 15,000 രൂപയിൽ നിന്ന് 60,000 രൂപയായി കുതിച്ചുയർന്നു.
Also Read: സഖ്യത്തിനില്ല! തിരഞ്ഞെടുപ്പിൽ ടിവികെ ഒറ്റയ്ക്ക് മത്സരിക്കും
പഞ്ചസാര മില്ലുകൾ പ്രതിസന്ധിയിൽ
രാജ്യത്തെ പഞ്ചസാര മില്ലുകളിൽ കരിമ്പ് ജ്യൂസിൽ നിന്ന് പഞ്ചസാര വേർതിരിക്കാൻ സൾഫ്യൂറിക് ആസിഡ് അനിവാര്യമാണ്. മിക്ക മില്ലുകളിലും ഇനി 15 മുതൽ 20 ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമാണ് അവശേഷിക്കുന്നത്. ആസിഡ് വില നാലിരട്ടിയായതോടെ പഞ്ചസാര ഉത്പാദന ചെലവ് വർദ്ധിക്കുകയും ഇത് വിപണിയിൽ വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും.
കൃഷിയെയും ബാധിക്കും
വളം നിർമ്മാണത്തിന് സൾഫ്യൂറിക് ആസിഡ് അത്യാവശ്യമായതിനാൽ, വരാനിരിക്കുന്ന കാർഷിക സീസണിൽ വളത്തിന് കടുത്ത ക്ഷാമം നേരിടാൻ സാധ്യതയുണ്ട്. ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് സർക്കാർ വ്യക്തമാക്കുന്നുണ്ടെങ്കിലും യുദ്ധം നീണ്ടുപോയാൽ ഭക്ഷ്യക്ഷാമത്തിലേക്ക് കാര്യങ്ങൾ നീങ്ങുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ടെക്സ്റ്റൈൽസ്, മെറ്റൽ പ്രോസസിങ് മേഖലകളെയും ഈ ആസിഡ് ക്ഷാമം ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post പഞ്ചസാരയും കിട്ടാക്കനിയാകുമോ? സൾഫർ വില നാലിരട്ടിയായി; യുദ്ധം ഇന്ത്യയെ തളയ്ക്കുന്നത് ഇങ്ങനെ! appeared first on Express Kerala.




