ഒല്ലൂർ: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ അയൽവാസി റോഡിലിട്ട് കുത്തിക്കൊന്നു. ഒല്ലൂർ ക്രിസ്റ്റഫർ നഗർ പൊറത്തൂർ ഫ്രാൻസിസിന്റെ മകൾ സൗമ്യ (46) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതിയായ അപ്പാടൻ തോമസ് (65) കിണറ്റിൽ വീണു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. മണപ്പുറം ഫിനാൻസിലെ ജീവനക്കാരിയായ സൗമ്യ ജോലി കഴിഞ്ഞ് മടങ്ങവേ വഴിയിൽ തടഞ്ഞുനിർത്തിയ തോമസ് ആക്രമിക്കുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ സൗമ്യയെ കൂർക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച തോമസ് സമീപത്തെ കിണറ്റിൽ വീഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ അഗ്‌നിരക്ഷാസേനയാണ് ഇയാളെ പുറത്തെടുത്തത്. തുടർന്ന് ഒല്ലൂർ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി ചീരാച്ചിയിലെ ഓട്ടോറിക്ഷാ ഡ്രൈവറാണ്.
Also Read: ക്ഷേത്രോത്സവത്തിനിടെ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
ദീർഘകാലമായുള്ള മുൻവൈരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നു. തോമസിനെതിരെ സൗമ്യ നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു. ഇവർ തമ്മിലുള്ള തർക്കങ്ങളുമായി ബന്ധപ്പെട്ട് ഒല്ലൂർ സ്റ്റേഷനിൽ മുൻപും കേസുകളുണ്ട്.
The post ഒല്ലൂരിൽ യുവതിയെ അയൽവാസി കുത്തിക്കൊന്നു; രക്ഷപ്പെടുന്നതിനിടെ പ്രതി കിണറ്റിൽ വീണു appeared first on Express Kerala.




