അബുദാബി: മേഖലയിലെ സംഘർഷാവസ്ഥയെത്തുടർന്ന് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി താൽക്കാലികമായി അടച്ചിട്ട വ്യോമപാത യുഎഇ തുറന്നു. ഇന്ന് പുലർച്ചെ ഒരു മണിക്കൂർ നേരത്തേക്ക് ഏർപ്പെടുത്തിയ നിയന്ത്രണത്തിന് ശേഷമാണ് വ്യോമ ഗതാഗതം സാധാരണ നിലയിലായതെന്ന് ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അസാധാരണമായ മുൻകരുതൽ നടപടിയുടെ ഭാഗമായാണ് വിമാനത്താവളങ്ങൾ താൽക്കാലികമായി അടച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
യുഎഇക്ക് നേരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു. എങ്കിലും അബുദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറയിലെ വ്യവസായ മേഖലയിലും ഡ്രോൺ പതിച്ചതിനെത്തുടർന്ന് തീപിടിത്തമുണ്ടായി. സംഭവത്തിൽ ആളപായമില്ലെന്നും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും യുഎഇ അറിയിച്ചു.
Also Read: യുഎഇക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; വ്യോമപാത അടച്ചു
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസുകൾ തുടരാൻ സർക്കാർ തീരുമാനിച്ചു. മാർച്ച് 22 വരെയുള്ള സ്പ്രിങ് വെക്കേഷന് ശേഷം രണ്ടാഴ്ച കൂടി ഓൺലൈൻ പഠനം തുടരും. നഴ്സറികൾ മുതൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെ ഇതിന്റെ പരിധിയിൽ വരും. യുഎഇയിലെ ആക്രമണവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും കെട്ടിച്ചമച്ച വീഡിയോകളും പ്രചരിപ്പിച്ച 35 പേരെ പോലീസ് അറസ്റ്റ് ചെയ്തു. പിടിയിലായവരിൽ 19 ഇന്ത്യക്കാരും ഉൾപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
The post മുൻകരുതൽ നടപടി പിൻവലിച്ചു; യുഎഇ വ്യോമപാത തുറന്നു appeared first on Express Kerala.




