പശ്ചിമേഷ്യയിൽ കനത്ത ആക്രമണം; യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

പശ്ചിമേഷ്യയിൽ കനത്ത ആക്രമണം; യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ശ്ചിമേഷ്യയിൽ സംഘർഷം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ടെലിഫോണിലൂടെ ചർച്ച നടത്തി. മേഖലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ഇരു നേതാക്കളും സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കുമെന്ന് വ്യക്തമാക്കി. യുഎഇ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച പ്രധാനമന്ത്രി, ഹോർമുസ് കടലിടുക്ക് വഴിയുള്ള നാവിക ഗതാഗതത്തിന്റെ സുരക്ഷ സംബന്ധിച്ച ആശങ്കയും പങ്കുവെച്ചു.

ഗൾഫ് മേഖലയിൽ ആശങ്ക പടർത്തിക്കൊണ്ട് പതിനെട്ടാം ദിവസവും ആക്രമണങ്ങൾ തുടരുകയാണ്. പുലർച്ചെ ദുബായും അബുദാബിയും കേന്ദ്രീകരിച്ച് മൂന്ന് തവണ ആക്രമണങ്ങളുണ്ടായതിനെത്തുടർന്ന് യുഎഇ വ്യോമാതിർത്തി ഒരു മണിക്കൂറോളം അടച്ചിട്ടു. അബുദാബിയിലെ ഷാഹ് ഓയിൽ ഫീൽഡിലും ഫുജൈറയിലെ ഓയിൽ ഇൻഡസ്ട്രിയൽ സോണിലും വൻ തീപിടുത്തമാണ് റിപ്പോർട്ട് ചെയ്തത്. അബുദാബിയിലെ ബനിയാസ് എന്ന ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചുണ്ടായ അപകടത്തിൽ ഒരു പാകിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടു.

Also Read:കുവൈത്തിന് കരുത്തായി സൗദി; അതിർത്തികൾ തുറന്നു, ഖഫ്ജിയിൽ 44 പാതകൾ സജ്ജം

മേഖലയിലെ മറ്റ് രാജ്യങ്ങളിലും സ്ഥിതി സമാനമാണ്. സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി 40 ഡ്രോണുകൾ തകർത്തതായി അവിടുത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഖത്തറിലും പുലർച്ചെ സമാനമായ രീതിയിലുള്ള ആക്രമണശ്രമങ്ങൾ നടന്നു. ഇതിനിടെ, കുവൈറ്റിൽ നിന്ന് ഹിസ്ബുള്ളയുമായി ബന്ധമുള്ള 16 പേരെ സുരക്ഷാസേന പിടികൂടിയിട്ടുണ്ട്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യുഎഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏപ്രിൽ ആദ്യവാരം വരെ ഓൺലൈൻ ക്ലാസുകൾ തുടരാനും തീരുമാനിച്ചിട്ടുണ്ട്.

The post പശ്ചിമേഷ്യയിൽ കനത്ത ആക്രമണം; യുഎഇ പ്രസിഡന്റുമായി ചർച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി appeared first on Express Kerala.

Spread the love
Scroll to Top