
വടകര: ഇൻസ്റ്റാഗ്രാമിലൂടെ യുവതികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷക്കണക്കിന് രൂപയുടെ സ്വർണാഭരണങ്ങളുമായി കടന്നുകളയുന്ന മലപ്പുറം സ്വദേശി പോലീസിന്റെ പിടിയിലായി. കോട്ടയ്ക്കൽ കുണ്ടുബസാർ സ്വദേശി കുഞ്ഞിത്തൊടിയിൽ മുഹമ്മദ് ജസീലിനെയാണ് (38) വടകര പോലീസ് അറസ്റ്റ് ചെയ്തത്. ‘കിനാവിന്റെ രാജകുമാരൻ’ എന്ന ഇൻസ്റ്റാഗ്രാം ഐഡി വഴി സ്ത്രീകളെ വലയിലാക്കി സ്വർണം തട്ടിയെടുക്കുന്നതാണ് ഇയാളുടെ രീതി. കോഴിക്കോട് വളയം സ്വദേശിനിയായ യുവതി നൽകിയ പരാതിയിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്. ഇവരിൽ നിന്ന് പന്ത്രണ്ട് പവനോളം വരുന്ന സ്വർണാഭരണങ്ങൾ ജസീൽ തട്ടിയെടുത്തതായി പോലീസ് സ്ഥിരീകരിച്ചു.
സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുന്ന സ്ത്രീകളെ വിവിധ സ്ഥലങ്ങളിലേക്ക് വിളിച്ചുവരുത്തി വിശ്വാസം പിടിച്ചുപറ്റിയ ശേഷമാണ് ഇയാൾ ആഭരണങ്ങളുമായി മുങ്ങുന്നത്. മുഹമ്മദ് ജസീലിനെതിരെ നേരത്തെയും സമാനമായ നിരവധി പരാതികൾ നിലവിലുണ്ട്. കോഴിക്കോട് ടൗൺ സ്റ്റേഷനിൽ സ്വർണം തട്ടിയതിനും സ്ത്രീകളെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ കേസുകളുണ്ട്. മറ്റൊരു കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ വടകര പോലീസ് കോടതി മുഖേന കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. ഇനിയും നിരവധി സ്ത്രീകൾ ഇയാളുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
The post ‘കിനാവിന്റെ രാജകുമാരൻ’ പിടിയിൽ; ഇൻസ്റ്റാഗ്രാം വഴി സൗഹൃദം നടിച്ച് യുവതികളുടെ സ്വർണം തട്ടിയ യുവാവ് അറസ്റ്റിൽ appeared first on Express Kerala.




