
ഹോർമുസ് കടലിടുക്കിലെ സ്ഥിതിഗതികൾ ഇനി ഒരിക്കലും യുദ്ധത്തിന് മുൻപുള്ള അവസ്ഥയിലേക്ക് മടങ്ങില്ലെന്ന് അമേരിക്കയ്ക്കും ഇസ്രയേലിനും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്ന്റെ മുന്നറിയിപ്പ്. അമേരിക്ക, ഇസ്രയേൽ, ഇറാൻ എന്നിവർ ഉൾപ്പെട്ട സൈനിക ഏറ്റുമുട്ടലുകളെത്തുടർന്ന് മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുന്നതിനിടെയാണ് സ്പീക്കറുടെ ഈ പരാമർശം. ഇത് ആഗോള ഊർജ്ജ വിതരണ ശൃംഖലയുടെ സുസ്ഥിരതയെക്കുറിച്ച് വലിയ ആശങ്കകളാണ് ഉയർത്തിയിരിക്കുന്നത്. ലോകത്തെ പ്രധാന എണ്ണക്കടത്തു പാതകളിലൊന്നായ ഹോർമുസിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന സൂചനയാണ് ഇറാൻ നൽകുന്നത്.
അതിനിടെ, ഇറാന്റെ ദേശീയ സുരക്ഷാമേധാവിയും പ്രമുഖ നേതാവുമായ അലി ലാരിജാനി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം വന്നു. ഇറാന്റെ ഉന്നമനത്തിനും ഇസ്ലാമിക വിപ്ലവത്തിനുമായി ജീവിതം മുഴുവൻ സമർപ്പിച്ച അദ്ദേഹം രക്തസാക്ഷിത്വം വരിച്ചുവെന്ന് ഇറാൻ അർദ്ധ ഔദ്യോഗിക മാധ്യമമായ മെഹ്ർ ഏജൻസി റിപ്പോർട്ട് ചെയ്തു. സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനെ ഉദ്ധരിച്ചാണ് ഈ വിവരം പുറത്തുവിട്ടത്. ലാരിജാനിയുടെ മരണം ഇറാന്റെ രാഷ്ട്രീയ-പ്രതിരോധ നിരയ്ക്ക് നികത്താനാവാത്ത നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.
Also Read:ആണവായുധം ഭ്രാന്തന്മാരുടെ കൈകളിൽ സുരക്ഷിതമല്ല! ഇറാനെതിരായ ആക്രമണം അവസാനിച്ചിട്ടില്ല, ട്രംപ്
ലാരിജാനിയെ കൂടാതെ ഇറാന്റെ അർദ്ധസൈനിക വിഭാഗമായ ബാസിജ് ഫോഴ്സ് കമാൻഡർ ഗുലാം റിസ സുലൈമാനിയെയും ഇസ്രയേൽ വധിച്ചു. കഴിഞ്ഞ ദിവസം രാത്രി നടന്ന ശക്തമായ വ്യോമാക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി സ്ഥിരീകരിച്ചു. സുലൈമാനിയുടെ മരണം ഇറാൻ സൈന്യവും നേരത്തെ അംഗീകരിച്ചിരുന്നു. പ്രമുഖ നേതാക്കളെയും സൈനിക തലവന്മാരെയും ലക്ഷ്യം വെച്ചുള്ള ഇസ്രയേലിന്റെ നീക്കങ്ങൾ മേഖലയിലെ യുദ്ധം കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
The post ഹോർമുസ് ഇനി പഴയപടിയാവില്ല; അമേരിക്കയ്ക്കും ഇസ്രയേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ appeared first on Express Kerala.




