
ബി.ജെ.പിയുടെ ആദ്യ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്നതോടെ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളായ എം.ടി. രമേശ്, ബി. ഗോപാലകൃഷ്ണൻ, കുമ്മനം രാജശേഖരൻ, പി.എസ്. ശ്രീധരൻപിള്ള തുടങ്ങിയവർക്ക് സീറ്റ് നിഷേധിച്ചതാണ് പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.
പ്രമുഖരെ തഴഞ്ഞതിൽ കേന്ദ്ര നേതൃത്വത്തിനും ആർ.എസ്.എസിനും മുതിർന്ന നേതാക്കൾ തന്നെ പരാതി നൽകിക്കഴിഞ്ഞു. ബി.ജെ.പിക്ക് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകിയതിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്. കൊടുങ്ങല്ലൂർ, റാന്നി ട്വന്റി 20ക്ക് നൽകുന്നതും ആറന്മുള ബി.ഡി.ജെ.എസിന് നൽകുന്നതും പാർട്ടിക്കുള്ളിൽ കലഹത്തിന് വഴിവെച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ, കളമശ്ശേരി തുടങ്ങിയ മണ്ഡലങ്ങൾ ഘടകകക്ഷികൾക്ക് നൽകുന്നതിലും എതിർപ്പ് ഉയർന്നിട്ടുണ്ട്.
Also Read: കോൺഗ്രസ് രണ്ടാംഘട്ട പട്ടിക ഇന്ന്; കെ. സുധാകരന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു
ചെങ്ങന്നൂരിൽ സജീവമായിരുന്ന ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയെ ഹരിപ്പാട്ടേക്ക് മാറ്റിയത് പ്രാദേശിക തലത്തിൽ പ്രതിഷേധത്തിന് വഴിവെച്ചു. കുമ്മനം രാജശേഖരനെ റാന്നിയിലോ ആറന്മുളയിലോ മത്സരിപ്പിക്കണമെന്ന ആർ.എസ്.എസ് നിർദ്ദേശം തള്ളപ്പെട്ടതും, റാന്നിയിൽ ക്രൈസ്തവ സ്ഥാനാർഥിയെ നിർത്തിയതും പ്രാദേശിക ഘടകങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. പതിറ്റാണ്ടുകളായി പാർട്ടി കെട്ടിപ്പടുത്ത മണ്ഡലങ്ങൾ ‘ആളില്ലാ പാർട്ടികൾക്ക്’ താലത്തിൽ വെച്ചുനൽകി എന്നാണ് ഒരു പ്രമുഖ നേതാവ് ഇതിനോട് പ്രതികരിച്ചത്. തെറ്റായ തീരുമാനങ്ങൾ കേന്ദ്രത്തിന്റെ പേരിൽ അടിച്ചേൽപ്പിക്കുകയാണെന്നും ആരോപണമുണ്ട്.
The post ബി.ജെ.പിയിൽ സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി പോര്; പ്രമുഖരെ തഴഞ്ഞതിൽ അമർഷം appeared first on Express Kerala.




