തൃശൂർ ചേർപ്പ് പാറക്കോവിലിൽ വാടകയ്ക്ക് താമസിച്ചിരുന്ന പശ്ചിമ ബംഗാൾ സ്വദേശി മൻസൂർ മാലിക്കിനെ (40) കൊലപ്പെടുത്തി വീട്ടുപറമ്പിൽ കുഴിച്ചുമൂടിയ കേസിൽ ഭാര്യ രേഷ്മ ബീവിക്കും കാമുകൻ ബീരുവിനും കോടതി ജീവപര്യന്തം തടവ് വിധിച്ചു. പ്രതികൾക്ക് മൂന്ന് ലക്ഷം രൂപ വീതം പിഴയും, തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷം അധിക തടവും കോടതി ചുമത്തിയിട്ടുണ്ട്. ഒരുമിച്ച് ജീവിക്കുന്നതിനായി 2021 ഡിസംബറിലാണ് പ്രതികൾ ചേർന്ന് മൻസൂർ മാലിക്കിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ശേഷം ഭർത്താവിനെ കാണാനില്ലെന്ന് കാട്ടി രേഷ്മ ബീവി തന്നെ ചേർപ്പ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പൊലീസിന്റെ വിശദമായ അന്വേഷണത്തിൽ കൊലപാതക വിവരം പുറത്തുവരികയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു. കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ചേർപ്പ് എസ്.എച്ച്.ഒ ഷിബു ടി.വി.യുടെ നേതൃത്വത്തിലുള്ള സംഘമാണ്.
Also Read: ചേന്ദമംഗലം കൊലക്കേസ്; അയൽവാസിയെ കുത്തിക്കൊന്ന പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
വിചാരണയ്ക്കിടെ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ഒന്നാം പ്രതി ബീരുവിനെ പശ്ചിമ ബംഗാളിൽ നിന്നുമാണ് തൃശൂർ റൂറൽ പൊലീസ് അതിസാഹസികമായി പിടികൂടിയത്. തൃശൂർ ഒന്നാം അഡീഷണൽ ഡിസ്ട്രിക്ട് സെഷൻസ് കോടതി ജഡ്ജി കമനീസ് കെ. ആണ് പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷാവിധി പ്രസ്താവിച്ചത്. മൻസൂർ മാലിക്കിന്റെ ക്രൂരമായ കൊലപാതകത്തിൽ ശാസ്ത്രീയമായ തെളിവുകളുടെയും അന്വേഷണ മികവിന്റെയും അടിസ്ഥാനത്തിലാണ് പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കാൻ സാധിച്ചത്.
The post യുവാവിനെ കൊലപ്പെടുത്തി പറമ്പിൽ കുഴിച്ചുമൂടി! ഭാര്യയ്ക്കും കാമുകനും ജീവപര്യന്തം ശിക്ഷ appeared first on Express Kerala.




